മാവേലിക്കരയിലെ കോട്ടത്തോടു കൈയേറ്റമൊഴിപ്പിക്കൽ നടപ്പായില്ല

കൈയേറ്റക്കാർ പലരും കാണാമറയത്ത്
മാവേലിക്കര : നഗരത്തിലൂടെ ഒഴുകുന്ന കോട്ടത്തോടിന്റെ അതിർത്തി അളന്നുതിട്ടപ്പെടുത്തിയപ്പോൾ വ്യാപകമായ കൈയേറ്റം തെളിഞ്ഞെങ്കിലും നഗരസഭയുടെ ഭാഗത്തുനിന്നുള്ള തുടർനടപടികൾ ഫലപ്രാപ്തിയിലെത്തിയില്ല. കൈയേറ്റക്കാർക്കെതിരേ പ്രാരംഭനടപടിയായി നോട്ടീസ് നൽകുന്നതുപോലും പൂർത്തീകരിക്കാനായില്ല. വിലാസം ലഭ്യമല്ലാത്തതിനാൽ കൈയേറ്റക്കാർ പലരും ഇപ്പോഴും കാണാമറയത്താണ്.
കഴിഞ്ഞവർഷം നവംബറിലാണു കോട്ടത്തോട്ടിലെ കൈയേറ്റം ഒഴിപ്പിക്കുന്നതിന്റെ ഭാഗമായി മാവേലിക്കര നഗരസഭയുടെയും റവന്യൂവകുപ്പിന്റെയും ജീവനക്കാർ സംയുക്തമായി തോടിന്റെ അതിർത്തി നിർണയിച്ചു കല്ലിട്ടത്. കോട്ടത്തോടിന്റെ കെ.എസ്.ആർ.ടി.സി. ജങ്ഷൻ മുതൽ മണ്ഡപത്തിൻകടവു വരെയുള്ള ഭാഗത്ത് 58 സ്ഥലങ്ങളിലാണു കല്ലുകൾ സ്ഥാപിച്ചത്.
രേഖകളനുസരിച്ച് നാലുമുതൽ ആറരവരെ മീറ്റർ വീതി വേണ്ട തോടിനു പലയിടത്തും നിലവിൽ പകുതി വീതിപോലുമില്ലെന്ന് പരിശോധനാസംഘം കണ്ടെത്തിയിരുന്നു.
പതിനഞ്ചോളം സ്ഥലങ്ങളിൽ കോട്ടത്തോടിന്റെ വശങ്ങളിൽ തോടിന്റെ സ്ഥലം സ്വകാര്യവ്യക്തികൾ മതിൽകെട്ടി കൈവശപ്പെടുത്തിയതായി തെളിഞ്ഞു. പലരും തോടിന്റെ സ്ഥലം കൈയേറി സ്ഥാപിച്ച മതിൽക്കെട്ടുകൾക്കുള്ളിൽ തോടിന്റെ അതിർത്തി തിട്ടപ്പെടുത്തി കല്ലുകളിട്ടിട്ടുണ്ട്. നഗരത്തിലെ ചില വ്യാപാരസ്ഥാപനങ്ങൾക്കുള്ളിൽവരെ ഇങ്ങനെ കല്ലിട്ടു.
അന്ന് ഉദ്യോഗസ്ഥർ സ്ഥാപിച്ച കല്ലുകളിൽ പലതും പിന്നീട് അപ്രത്യക്ഷമായി. കൈയേറ്റക്കാരുടെ വസ്തുവിന്റെ സർവേ നമ്പരുകൾ റവന്യൂ അധികൃതർ നഗരസഭയ്ക്കു കൈമാറിയെങ്കിലും ഏതാനും പേർക്കു മാത്രമാണ് അന്നു നോട്ടീസ് നൽകിയത്. നോട്ടീസ് നൽകേണ്ടവരുടെ വിലാസം കണ്ടെത്താനായില്ലെന്നായിരുന്നു നഗരസഭയുടെ വിശദീകരണം.
നഗരസഭയിൽ പുതിയ ഭരണസമിതി ചുമതലയേറ്റശേഷം കഴിഞ്ഞ ജൂലായിൽ കൈയേറ്റക്കാർക്കു വീണ്ടും നോട്ടീസ് നൽകി. നോട്ടീസ് ലഭിച്ചവരിൽ ചിലർ ഹിയറിങ്ങിനു ഹാജരായി. എന്നാൽ, കൈയേറ്റക്കാരെ ഒഴിപ്പിക്കുന്നതടക്കമുള്ള നടപടികളിലേക്കു കടക്കാൻ നഗരസഭാ അധികൃതർക്കായില്ല.
മാവേലിക്കര നഗരത്തിലൂടെയൊഴുകുന്ന കോട്ടത്തോട് സ്വകാര്യവ്യക്തികൾ കൈയേറുന്നതിനും അതൊഴിപ്പിക്കാനുള്ള മാവേലിക്കര നഗരസഭയുടെ ശ്രമങ്ങൾക്കും രണ്ടു പതിറ്റാണ്ടിലേറെ പഴക്കമുണ്ട്. കൈയേറ്റത്തിനെതിരേ ജനരോഷവും പരാതികളും ശക്തമാകുമ്പോൾ കൈയേറ്റക്കാർക്ക് നോട്ടീസ് നൽകുന്നതോടെ നടപടികൾ അവസാനിക്കുകയാണു പതിവ്. കാലാകാലങ്ങളിൽ നഗരസഭയുടെ ഭരണനേതൃത്വത്തിലുള്ളവർ ഇക്കാര്യത്തിൽ മുൻകൈയെടുത്തിട്ടുണ്ടെങ്കിലും ഉദ്യോഗസ്ഥ നിസ്സഹകരണമാണു കൈയേറ്റക്കാർക്കു സഹായകരമായത്.