സ്‌കൂൾപ്പരിസരം കാടുപിടിച്ചു: വൃത്തിയാക്കാൻ നടപടിയില്ല

കായംകുളം : ഗവ.ബോയ്‌സ് ഹയർസെക്കൻഡറി സ്‌കൂളിന്റെ പുറകുവശം കാടുകയറിയിട്ടു നാളുകളായി. എന്നാൽ, ഇതു വൃത്തിയാക്കാൻ ബന്ധപ്പെട്ട അധികൃതർ നടപടിയെടുക്കുന്നില്ല. നഗരത്തിന്റെ ഹൃദയഭാഗത്തു സ്ഥിതിചെയ്യുന്ന സ്‌കൂൾപ്പരിസരം കാടുപിടിച്ചു കിടന്നിട്ടും അധികൃതർ കണ്ടഭാവം നടിക്കുന്നില്ല. സ്‌കൂൾ പ്പരിസരത്ത് വളർന്നുനിൽക്കുന്ന കാടും വള്ളിച്ചെടികളും കെട്ടിടങ്ങളിലേക്കുചാഞ്ഞ് ക്ലാസ് മുറികളുടെ ജനാലകൾക്കുള്ളിലേക്കുവരെ എത്തിയിട്ടുണ്ട്.

കാടുപിടിച്ചു കിടക്കുന്നതിനാൽ ക്ലാസ് മുറികളിലേക്ക് ഇഴജന്തുക്കൾ കയറുമോ എന്നുള്ള ആശങ്കയുമുണ്ട്. കെട്ടിടങ്ങളിലേക്കും വള്ളിച്ചെടികൾ പടർന്നു നിൽക്കുന്നതിനാൽ കെട്ടിടങ്ങളും നശിക്കും. സ്‌കൂളിലെ പ്രധാന കെട്ടിടത്തിന്റെ തെക്കുഭാഗത്താണ് കാടുപിടിച്ചു കിടക്കുന്നത്. സ്‌കൂളിലെ ശൗചാലയങ്ങളും ശോച്യാവസ്ഥയിലാണെന്നു രക്ഷാകർത്താക്കൾ പറഞ്ഞു.

വിദ്യാഭ്യാസ സ്ഥാപനത്തിന്റെ പരിസരം വൃത്തിയായി സൂക്ഷിക്കേണ്ടത് ബന്ധപ്പെട്ട അധികൃതരുടെ ഉത്തരവാദിത്വമാണ്. എന്നാൽ, മാസങ്ങളായി കാടുപിടിച്ചുകിടക്കുന്ന സ്‌കൂൾപ്പരിസരം വൃത്തിയാക്കുന്നതിനോ ആവശ്യമായ അറ്റകുറ്റപ്പണികൾ നടത്തുന്നതിനോ ഫലപ്രദമായ നടപടി ഉണ്ടായിട്ടില്ലെന്നും രക്ഷാകർത്താക്കൾ പറയുന്നു.