മണ്ണടിയാറായി മണ്ണുചിറപ്പാലം; മനമുരുകി നാട്ടുകാർ

തുറവൂർ : വീടുകൾ അധികവും നാശത്തിന്റെ വക്കിലാണ്. അറ്റകുറ്റപ്പണിക്കു സാമഗ്രികളെത്തിക്കാൻ റോഡില്ല. ആകെയുള്ളതോ നടവഴി. ഒരു പാലമുള്ളതു നാശത്തിന്റെ വക്കിലും. മണ്ണുചിറ നിവാസികളുടെ വാക്കുകളിൽ നിഴലിക്കുന്നതു പരാധീനതകൾ മാത്രം.
കോടംതുരുത്ത് പഞ്ചായത്തുപരിധിയിൽ വരുന്ന മണ്ണുചിറ പ്രദേശത്തു വികസനം എത്തിനോക്കിയിട്ടില്ല. നിലവിൽ മണ്ണടിയാറായ പാലം പൊളിച്ചുനീക്കി വാഹനങ്ങൾ കയറുന്ന പാലം പണിയുകയാണു പ്രദേശത്തിന്റെ വികസനത്തിന് ആദ്യം ചെയ്യേണ്ടതെന്നു ജനങ്ങൾ പറയുന്നു. ഇരുമ്പും പലകയുമുപയോഗിച്ചു നിർമിച്ചിരിക്കുന്ന പാലത്തിനു നാലു പതിറ്റാണ്ടത്തെ പഴക്കമുണ്ട്.
കോടംതുരുത്ത് പഞ്ചായത്ത് ഒന്ന്, 15 വാഡുകളെ ബന്ധിപ്പിക്കുന്നതാണീ നടപ്പാലം. ഉപ്പുകാറ്റേറ്റ് ഇരുമ്പിന്റെ കൈവരികളുൾപ്പെടെ തുരുമ്പെടുത്തിട്ടുണ്ട്. ചിലയിടങ്ങൾ ദ്രവിച്ചു വിഴാറായിട്ടുണ്ട്.
നടന്നുപോകുന്ന ഭാഗത്തു പലകകളാണു നിരത്തിയിരുന്നത്. മഴയും വെയിലുമേറ്റു പലകകൾ നശിക്കുകയും പലതും ഒടിഞ്ഞു വെള്ളത്തിൽ വീഴുകയും ചെയ്തു. പാലത്തിന്റെ പടിഞ്ഞാറെക്കരയിൽ 50 കുടുംബങ്ങളുണ്ട്. മാത്രമല്ല, ചേരുങ്കൽ, നീണ്ടകര പ്രദേശങ്ങളിലുള്ളവർക്കു കടന്നുപോകാനുള്ള ഏക മാർഗവും ഈ നടപ്പാലമാണ്. ആളുകൾക്ക് തുറവൂർ-കുമ്പളങ്ങി റോഡിലെത്തി ബസിൽ കയറണമെങ്കിലും ഇതു മാത്രമാണ് വഴി. പാലത്തിൽനിന്നു കുമ്പളങ്ങി റോഡിലേക്കുള്ള റോഡും തകർച്ചയിലാണ്.