സ്‌കൂട്ടറിൽനിന്നു നഷ്ടപ്പെട്ട അഞ്ചുപവന്റെ സ്വർണവും മൊബൈൽ ഫോണും പോലീസ് വീണ്ടെടുത്തു

ഹരിപ്പാട് : പണയംവെക്കാൻ കൊണ്ടുപോകുന്നതിനിടെ നഷ്ടപ്പെട്ട അഞ്ചുപവന്റെ സ്വർണാഭരണങ്ങളും മൊബൈൽ ഫോണും രേഖകളുമടങ്ങിയ ബാഗ് സി.സി.ടി.വി. ദൃശ്യങ്ങൾ പിന്തുടർന്ന് പോലീസ് വീണ്ടെടുത്തു. രണ്ടു കൊലുസും വളയും ഉൾപ്പെടെയുള്ള ആഭരണങ്ങൾക്കും മൊബൈൽ ഫോണിനുമൊപ്പം ചെക്ക് ബുക്ക്, പാസ് ബുക്ക്, ആധാർ കാർഡ് തുടങ്ങിയ രേഖകളും ബാഗിലുണ്ടായിരുന്നു. വഴിയിൽനിന്ന്‌ ഈ ബാഗ് കിട്ടിയ ആൾ 50 കിലോമീറ്ററോളം യാത്രചെയ്തശേഷം വീട്ടിൽ സൂക്ഷിക്കുകയായിരുന്നു. ഹരിപ്പാട് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ എ. നിഷാദാണ് സി.സി.ടി.വി. ദൃശ്യങ്ങൾ ശേഖരിച്ച് ബാഗ് കിട്ടിയ ആളിനെ കണ്ടെത്തിയത്. ശനിയാഴ്ച രാത്രി സ്റ്റേഷനിൽവെച്ച് നിഷാദ് എസ്.ഐ. ഉദയകുമാറിന്റെ സാന്നിധ്യത്തിൽ ആഭരണങ്ങൾ ഉടമയായ കരുവാറ്റ ശ്രീവത്സം നിഷാ അനീഷിനു കൈമാറി.

വ്യാഴാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടരയോടാണ് ആഭരണങ്ങളടങ്ങിയ ബാഗ് നഷ്ടപ്പെട്ടത്. സ്‌കൂട്ടറിൽനിന്ന് വീണുപോയതാകാം. എങ്ങനെയാണ് നഷ്ടപ്പെട്ടതെന്ന് നിഷയ്ക്കു മനസ്സിലായില്ല. യാത്രചെയ്ത സ്ഥലങ്ങളിലെല്ലാം പരിശോധിച്ചെങ്കിലും കിട്ടിയില്ല. തുടർന്നാണ് പോലീസിനെ സമീപിച്ചത്.

നിഷ വീട്ടിൽനിന്നിറങ്ങിയ സമയം മുതലുള്ള സി.സി.ടി.വി. ദൃശ്യങ്ങൾ പോലീസ് ശേഖരിച്ചു. സംശയം തോന്നിയ സ്‌കൂട്ടർ യാത്രക്കാരന്റെ ദൃശ്യം പിന്തുടർന്നു. തൃക്കുന്നപ്പുഴ, നങ്ങ്യാർകുളങ്ങര, പള്ളിപ്പാട്, മാന്നാർ, ചങ്ങനാശ്ശേരി, തിരുവല്ല, അമ്പലപ്പുഴ വഴി സന്ധ്യയോടെ ഇയാൾ കരുവാറ്റയിൽ മടങ്ങിയെത്തിയതായി മനസ്സിലാക്കി. യാത്രയ്ക്കിടെ മൊബൈൽ ഫോൺ സ്വിച്ച് ഓഫായിരുന്നു. സ്‌കൂട്ടറിന്റെ നമ്പർ വ്യക്തമല്ലാത്തതിനാൽ അപ്പോഴും ആളിനെ തിരിച്ചറിയാൻ കഴിഞ്ഞില്ല. ശനിയാഴ്ച ഉച്ചയോടെ ചങ്ങനാശ്ശേരിയിൽനിന്ന്‌ ഇതേ സ്‌കൂട്ടറിന്റെ നമ്പരുള്ള ദൃശ്യം കിട്ടി. ഉടമയായ കരുവാറ്റ സ്വദേശിയുടെ വീട്ടിൽ പോലീസെത്തിയപ്പോൾ ബാഗ് മടക്കിനൽകി. പോലീസിൽ ഏൽപ്പിക്കാനിരുന്നതാണെന്നും തിരക്കായതിനാൽ കഴിഞ്ഞില്ലെന്നുമാണ് ഇയാൾ പോലീസിനെ അറിയിച്ചത്. ബാഗ് കളഞ്ഞുകിട്ടിയതായതിനാലും ഉടമയ്ക്ക് പരാതിയില്ലാത്തതിനാലും കേസെടുത്തില്ലെന്ന് പോലീസ് പറഞ്ഞു.