കുളങ്ങളുടെ ഉപയോഗക്ഷമത പരിശോധിക്കും

കുടിവെള്ളക്ഷാമം പരിഹരിക്കാൻ നടപടി തുടങ്ങി
കായംകുളം : കണ്ടല്ലൂർ, ദേവികുളങ്ങര പഞ്ചായത്തുകളിലെ കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിനുള്ള നടപടിയുടെ ഭാഗമായി കുളങ്ങളുടെ ഉപയോഗക്ഷമത പരിശോധിക്കാൻ നടപടി തുടങ്ങി. മന്ത്രി എം. ലിജുവിന്റെ നിർദേശത്തെത്തുടർന്നാണ് ജല അതോറിറ്റി നടപടി തുടങ്ങിയത്. പ്രദേശത്തെ പൊതുകുളങ്ങളിലെ വെള്ളം കുടിവെള്ള ആവശ്യങ്ങൾക്കായി ഉപയോഗപ്പെടുത്താനാകുമോ എന്നു പരിശോധിക്കാനാണ് ജല അതോറിറ്റിക്കു നിർദേശം നൽകിയത്. ഇതിന്റെ അടിസ്ഥാനത്തിൽ പഞ്ചായത്തിലെ ഉപയോഗപ്രദമായ കുളങ്ങൾ കണ്ടെത്താനുള്ള നടപടി തുടങ്ങി. ഇതിനായി പഞ്ചായത്തിലെ മുഴുവൻ കുളങ്ങളുടെയും വിവരങ്ങൾ കൈമാറാൻ ജല അതോറിറ്റി ഗ്രാമപ്പഞ്ചായത്ത് അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ട്. വിവരങ്ങൾ ലഭിക്കുന്ന മുറയ്ക്ക് കുളങ്ങളുടെ ജലപരിശോധന നടത്തും.
കുളങ്ങളിലെ വെള്ളം കുടിവെള്ളത്തിനായി ഉപയോഗിക്കാൻ കഴിയുമെന്ന് പരിശോധനയിൽ കണ്ടെത്തിയാൽ തുടർനടപടി സ്വീകരിക്കും. കുടിവെള്ളത്തിനായി ഉപയോഗിക്കാൻ കഴിയുന്ന കുളങ്ങൾ സംരക്ഷണവേലി കെട്ടി തിരിക്കും. ഇത്തരത്തിലുള്ള കുളങ്ങളിൽ കിണറുകൾ സ്ഥാപിച്ച് ടാങ്കുകളിലേക്ക് വെള്ളം പമ്പുചെയ്യാൻ കഴിയും. കണ്ടല്ലൂർ പഞ്ചായത്തിൽ കുടിവെള്ളത്തിനായി ഉപയോഗിക്കാൻ കഴിയുന്ന കുളങ്ങൾ ഏറെയുണ്ടെന്നാണ് ഉദ്യോഗസ്ഥരുടെ നിഗമനം.
ദേവികുളങ്ങര പഞ്ചായത്തിൽ രണ്ടോ മൂന്നോ കുളങ്ങൾ ഇത്തരത്തിൽ കണ്ടെത്താൻ കഴിയുമെന്നും പ്രതീക്ഷിക്കുന്നുണ്ട്. ദേവികുളങ്ങര പഞ്ചായത്തിൽ കുഴൽക്കിണറുകളെയാണ് കുടിവെള്ളത്തിനായി ഏറെ ആശ്രയിക്കുന്നത്. തീരദേശമേഖലയായതിനാൽ കുടിവെള്ളത്തിനായി പൈപ്പുവെള്ളത്തെയാണ് നാട്ടുകാർ ആശ്രയിക്കുന്നത്. പ്രാദേശികമായി കുടിവെള്ളസ്രോതസ്സുകൾ കണ്ടെത്തുന്നത് പൊതുജനങ്ങൾക്ക് ഏറെ ഉപകാരപ്രദമാകും. ഉപയോഗപ്രദമായ കുളങ്ങൾ കണ്ടെത്തി പമ്പിങ് തുടങ്ങിയാൽ കണ്ടല്ലൂരിലെയും ദേവികുളങ്ങരയിലെയും കുടിവെള്ളപ്രതിസന്ധിക്ക് വലിയൊരളവോളം ശമനമാകുമെന്നാണു പ്രതീക്ഷിക്കുന്നത്.
പഞ്ചായത്തുകളിലെ നിലവിലുള്ള കുഴൽക്കിണറുകളുടെ തകരാറുകൾ അടിയന്തരമായി പരിഹരിക്കാനും വാർഡുകളിൽ പുതിയ കുഴൽക്കിണറുകൾ സ്ഥാപിക്കാനും ഭൂജലവകുപ്പ്, ജല അതോറിറ്റി, ഗ്രാമപ്പഞ്ചായത്ത് എന്നിവയ്ക്ക് നിർദേശം നൽകിയിട്ടുണ്ട്. നേരത്തേ, കുടിവെള്ളക്ഷാമപ്രശ്നത്തിൽ മന്ത്രി ഇടപെട്ടതിനെത്തുടർന്ന് കളക്ടർ സംസ്ഥാന ദുരന്തപ്രതികരണ നിധിയിൽനിന്ന് തുക അനുവദിക്കുകയും ടാങ്കർ ലോറികളിൽ ജലവിതരണം ആരംഭിക്കുകയും ചെയ്തിരുന്നു.
കുടിവെള്ള വിതരണവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ ഒരുതരത്തിലുള്ള വീഴ്ചയും ഉണ്ടാകരുതെന്നും എല്ലാ നടപടികളും കൃത്യസമയത്തുതന്നെ പൂർത്തിയാക്കണമെന്നും ഉദ്യോഗസ്ഥർക്ക് കർശന മുന്നറിയിപ്പു നൽകിയിട്ടുണ്ടെന്ന് മന്ത്രിയുടെ ഓഫീസ് അറിയിച്ചു.