തൈച്ചിറ കമ്യൂണിറ്റി ഹാളിന്‌ ശാപമോക്ഷം

ജില്ല പഞ്ചായത്ത് 25 ലക്ഷം രൂപ അനുവദിച്ചു

മാന്നാർ : കുട്ടമ്പേരൂർ തൈച്ചിറ നഗറിൽ 16 വർഷമായി ഉപയോഗശൂന്യമായി കിടക്കുന്ന തൈച്ചിറ കമ്യൂണിറ്റി ഹാളിനു ശാപമോക്ഷം. മാന്നാർ പഞ്ചായത്തിലെ 11-ാം വാർഡിൽ തൈച്ചിറ പട്ടികജാതി കോളനി നിവാസികൾക്കായി ആധുനികസൗകര്യങ്ങളോടെ പുതിയ കമ്യൂണിറ്റി ഹാൾ നിർമിക്കുന്നതിന് ജില്ല പഞ്ചായത്ത് ഒന്നാം ഘട്ടമായി 25 ലക്ഷം രൂപ അനുവദിച്ചതായി ജില്ല പഞ്ചായത്തംഗം ജി. കൃഷ്ണകുമാർ അറിയിച്ചു.

മാവേലിക്കര ബ്ലോക്ക് പഞ്ചായത്തംഗം അജിത്ത് പഴവൂരും പഞ്ചായത്തംഗം പുഷ്പാ സുനിലും നൽകിയ നിവേദനത്തെത്തുടർന്നാണ് പദ്ധതിക്ക് തുക അനുവദിച്ചത്. തൈച്ചിറ നഗറിൽ നിലവിൽ 13 കുടുംബങ്ങളാണ് താമസിക്കുന്നത്. പുതിയ കമ്യൂണിറ്റി ഹാൾ യാഥാർഥ്യമാകുന്നതോടെ പൊതുപരിപാടികൾക്കും സാമൂഹികാവശ്യങ്ങൾക്കും ഏറെ സൗകര്യപ്രദമായ ഒരിടമാണ് പ്രദേശവാസികൾക്കു ലഭിക്കുക.

പാഴായത് 10 ലക്ഷം

2009-2010 ചെങ്ങന്നൂർ ബ്ലോക്ക് പഞ്ചായത്ത് പട്ടികജാതി സ്പെഷ്യൽ ഡിവലപ്‌മെന്റ് പ്ലാൻ ഫണ്ട് ഉപയോഗിച്ച് 10 ലക്ഷം രൂപ മുടക്കിയാണ് 3,722 ചതുരശ്രയടി വിസ്തീർണമുള്ള കമ്യൂണിറ്റി ഹാൾ നിർമിച്ചത്. അന്നത്തെ പട്ടികജാതി വികസന മന്ത്രി എ.കെ. ബാലനായിരുന്നു ഉദ്ഘാടനം ചെയ്തത്.ഉദ്ഘാടനത്തിനുശേഷം കെട്ടിടം മാന്നാർ പഞ്ചായത്തിന് ഔദ്യോഗികമായി കൈമാറാത്തതിനെത്തുടർന്ന്, കമ്യൂണിറ്റി ഹാൾ തുറന്നു പ്രവർത്തിപ്പിക്കാനായില്ല.പിന്നീട്, മാന്നാർ പഞ്ചായത്തിന്റെ പ്രവർത്തനപരിധി ചെങ്ങന്നൂരിൽനിന്നു മാവേലിക്കര ബ്ലോക്ക് പഞ്ചായത്തിന്റെ പരിധിയിലേക്കു മാറ്റി. ഇതുമൂലം കമ്യൂണിറ്റി ഹാളുമായി ബന്ധപ്പെട്ട രേഖകൾക്ക് രണ്ടു ബ്ലോക്ക് പഞ്ചായത്തിലും കയറിയിറങ്ങേണ്ട അവസ്ഥയായി. വർഷങ്ങളോളം അടഞ്ഞുകിടന്ന കമ്യൂണിറ്റി ഹാൾ തുറന്നുപ്രവർത്തിപ്പിക്കാൻ പിന്നീടുവന്ന പല പഞ്ചായത്ത് കമ്മിറ്റികളും ശ്രമിച്ചെങ്കിലും സാങ്കേതിക തടസ്സങ്ങളിൽ കുടുങ്ങി കെട്ടിടം വീണ്ടെടുക്കാനായില്ല.