എ.സി. റോഡിൽ നിയന്ത്രണംതെറ്റിയ കാറിടിച്ച് വ്യാപാരി മരിച്ചു

ആലപ്പുഴ : നിയന്ത്രണം തെറ്റിയ കാർ ഇടിച്ച് വ്യാപാരി തത്ക്ഷണം മരിച്ചു. സനാതനപുരം ഉമശ്ശേരിൽ ജോഷി തോമസ് (61) ആണ് മരിച്ചത്. കൈതവന സ്വാമി ജങ്ഷനിൽ വെള്ളിയാഴ്ച പുലർച്ചെ 5.45-നായിരുന്നു അപകടം. ഇടിയുടെ ആഘാതത്തിൽ സമീപത്തു പാർക്ക് ചെയ്തിരുന്ന സ്കൂട്ടറിനും തീപിടിച്ചു. സ്കൂട്ടർ പൂർണമായി കത്തിനശിച്ചു. ജോഷി തോമസ് വിൽപ്പനയ്ക്കായി പാൽ എടുക്കാനാണ് ജങ്ഷനിലെത്തിയത്. പാലുമായി വരുന്ന വാൻ താമസിക്കുകയാണെങ്കിൽ പരിസരത്ത് പ്രഭാതസവാരി നടത്താറുണ്ട്. ഇങ്ങനെ റോഡിലൂടെ നടക്കുമ്പോഴാണ് നിയന്ത്രണം തെറ്റിയ കാർ ഇടിച്ചുവീഴ്ത്തിയത്.
ചങ്ങനാശ്ശേരി ഭാഗത്തുനിന്ന് എത്തിയ ഊബർ ടാക്സി കാറാണ് റോഡരികിലൂടെ നടന്നുപോയ ജോഷിയെ ഇടിച്ചുതെറിപ്പിച്ചത്. ഗുരുതരമായി പരിക്കേറ്റ ജോഷി സംഭവസ്ഥലത്തുതന്നെ മരിച്ചു. തുടർന്ന്, കാർ സമീപത്തുണ്ടായിരുന്ന സ്കൂട്ടറിലും ഇടിച്ചു. സ്കൂട്ടറിനു തീപിടിക്കുകയും നിമിഷങ്ങൾക്കകം കത്തി നശിക്കുകയും ചെയ്തു. തിരുവനന്തപുരം കരമന സ്വദേശിയായ വയൽമുടമ്പ് വീട്ടിൽ ശരത്ത് (32) ഓടിച്ചിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്. ഡ്രൈവർ ഉറങ്ങിപ്പോയതും അതിവേഗവുമാണ് അപകടകാരണമെന്ന് പോലീസ് പറയുന്നു. ആലപ്പുഴ സൗത്ത് പോലീസ് കേസെടുത്തു. മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കു മാറ്റി. അഗ്നിരക്ഷാസേന എത്തിയാണ് സ്കൂട്ടറിന്റെ തീയണച്ചത്.
ഭാര്യ: ത്രേസ്യാമ്മ തോമസ്. മക്കൾ: ട്രീസ ജോൺ (നഴ്സ്, യു.കെ.), ഡോ. എലിസബത്ത് ജോൺ (പരുമല മെഡിക്കൽ മിഷൻ ആശുപത്രി). മരുമകൻ: അഖിൽ (യു.കെ.). സംസ്കാരം തിങ്കളാഴ്ച രാവിലെ 10.30-ന് കൈതവന വിമലഹൃദയനാഥ പള്ളി സെമിത്തേരിയിൽ.
വിശ്വസിക്കാനാകാതെ സന്ദീപ്
: കളർകോട് പുല്ലൂരിക്കൽ വീട്ടിൽ സന്ദീപ് പണിക്കരും കാറിടിച്ചു മരിച്ച ജോഷി തോമസും വർഷങ്ങളായി പരിചയക്കാരാണ്. ഇരുവരുവർക്കും പാൽവിൽപ്പനയാണ് ജോലി. മിൽമ ഏജൻസിയുള്ളവരാണ് ഇവർ. മിൽമ വണ്ടിയിൽ എ.സി. റോഡിലെത്തുന്ന പാൽ ഇവർ ഇരുചക്രവാഹനത്തിൽ ശേഖരിച്ചു മടങ്ങുകയാണ് പതിവ്. സംഭവദിവസം സന്ദീപ് എത്തിയത് വൈകിയാണ്. ജോഷി നടത്തം തുടങ്ങിയിരുന്നു. ഇരുവരും ഇരുദിശയിലാണ് നടന്നത്. ഇതിനിടെ വലിയ ശബ്ദംകേട്ടു തിരിഞ്ഞുനോക്കിയപ്പോൾ എതിർദിശയിൽ ഒരു വണ്ടി കത്തുന്നതാണ് സന്ദീപ് കണ്ടത്. ഓടിയെത്തി നോക്കിയപ്പോൾ സീബ്രാ വരയ്ക്കടുത്ത് ഒരാൾ ബോധമറ്റ് കമഴ്ന്നു കിടക്കുന്നതു കണ്ടു. ജോഷിയാണെന്നു പിന്നീടാണ് തിരിച്ചറിഞ്ഞത്. ഇതിനിടെ തന്റെ വണ്ടി കത്തുന്നതും ശ്രദ്ധയിൽപ്പെട്ടു.
ഇടിയുടെ ആഘാതത്തിൽ കാർ സ്കൂട്ടറുമായി ഏറെദൂരം പോയി. സ്കൂട്ടറിലുണ്ടായിരുന്ന പണവും രേഖകളുമെല്ലാം നശിച്ചു. വിദേശത്തുനിന്ന് സുഹൃത്ത് സമ്മാനമായി നൽകിയ രണ്ടു വാച്ചുകൾ നന്നാക്കുന്നതിനായി സ്കൂട്ടറിൽ സൂക്ഷിച്ചിരുന്നു. ഇവയും നശിച്ചു. വർഷങ്ങളായി അടുപ്പമുള്ളൊരാൾ പെട്ടെന്ന് നഷ്ടപ്പെട്ടതിന്റെ വേദനയിലും ഞെട്ടലിലുമാണ് സന്ദീപ്.
അപകടത്തിന്റെ ഞെട്ടലിൽ സുരേഷ് കുമാർ
: വീടിനു മുന്നിൽ വലിയ ശബ്ദം കേട്ടു. പുറത്തിറങ്ങിയപ്പോൾ റോഡരികിൽ ചോരവാർന്ന് കിടക്കുന്നയാൾ. സമീപത്ത് കത്തുന്ന സ്കൂട്ടർ. കൈതവനയിലെ വാഹനാപകടത്തിന്റെ ഞെട്ടിക്കുന്ന രംഗങ്ങളാണ് തൈപ്പറമ്പിൽ വീട്ടിൽ റിട്ട. എസ്.ഐ. ടി.ജി. സുരേഷ് കുമാറിനു കാണേണ്ടിവന്നത്. അപകടം നടന്ന സ്ഥലത്തുനിന്ന് 30 മീറ്റർ മാറിയാണ് സുരേഷ് കുമാറിന്റെ വീട്. മരിച്ച ജോഷി തോമസിനെ സുരേഷിനു പരിചയമുണ്ട്. ഉടൻ ആംബുലൻസിനെയും പോലീസിനെയും അഗ്നിരക്ഷാസേനയെയും വിവരമറിയിക്കുകയായിരുന്നെന്ന് സുരേഷ് കുമാർ പറഞ്ഞു.
അപകടങ്ങൾ ആവർത്തിക്കുന്നു
: നിയന്ത്രണംവിട്ട വാഹനങ്ങൾ കാൽനടയാത്രക്കാരെ ഇടിച്ചുതെറിപ്പിക്കുന്നത് റോഡുസുരക്ഷയിലെ പ്രധാന വെല്ലുവിളിയാണ്. അതിവേഗം, അശ്രദ്ധമായ ഡ്രൈവിങ്, ഉറക്കക്ഷീണം, മൊബൈൽ ഫോൺ ഉപയോഗം, റോഡിലെ കാഴ്ചപരിമിതി, വാഹനത്തിന്റെ സാങ്കേതിക തകരാറുകൾ എന്നിവ അപകടങ്ങൾക്കു കാരണമാകാം. എ.സി. റോഡിൽ കൃത്യമായ പരിശോധനയില്ലെന്ന് ആക്ഷേപമുണ്ട്.
ഇരുചക്രവാഹനങ്ങളും കാറുകളും ചീറിപ്പായുന്നത് മറ്റുയാത്രക്കാർക്കു ഭീഷണിയാണ്. ഇലക്ട്രിക് വാഹനങ്ങൾ വേഗത്തിന്റെ കാര്യത്തിൽ മത്സരിക്കുന്ന കാഴ്ചയാണ്. പകലും രാത്രിയും പോലീസ് പരിശോധനയും ശക്തമായ ശിക്ഷാനടപടികളും വേണമെന്നാണ് നാട്ടുകാർ പറയുന്നത്.