വാതുറന്ന് അപകടം

നടപ്പാതയിലെ സ്ലാബ് തകർന്നിട്ട് ഒരുമാസം

ഹരിപ്പാട് : ദേശീയപാതയിലെ സർവീസ് റോഡിന്റെ നടപ്പാതയിലെ സ്ലാബ് തകർന്ന് ഒരുമാസം കഴിഞ്ഞിട്ടും നന്നാക്കുന്നില്ല. കാനയ്ക്കു മുകളിൽ സ്ലാബിട്ടാണ് നടപ്പാത നിർമിച്ചിരിക്കുന്നത്. കെ.എസ്.ആർ.ടി.സി. ബസ് സ്‌റ്റേഷൻ, റെയിൽവേ സ്‌റ്റേഷൻ എന്നിവിടങ്ങളിലേക്കുള്ള റോഡിനോടു ചേർന്നാണിത്. അടുത്തിടെയാണ് ഇവിടെ കാനയുടെ നിർമാണം പൂർത്തിയായത്. പിന്നാലെ മേൽമൂടിയായി കോൺക്രീറ്റ് സ്ലാബിട്ടു. റോഡരികിൽ കാർ നിർത്തിയിട്ടപ്പോൾ സ്ലാബ് ഒടിഞ്ഞുതാഴുകയായിരുന്നു. ഇപ്പോൾ ഇവിടെ കുഴിയുടെ ഇരുവശത്തും പി.വി.സി. പൈപ്പുനാട്ടി അതിൽ പ്ലാസ്റ്റിക് വലിച്ചുകെട്ടിയിരിക്കുകയാണ്. കൽനടയാത്രക്കാരും ഇരുചക്രവാഹനങ്ങളിലെത്തുന്നവരുമാണ് അപകടഭീഷണി നേരിടുന്നത്.

ദേശീയപാതയിൽനിന്നു റെയിൽവേ സ്റ്റേഷനിലേക്കുള്ള റോഡെത്തിച്ചേരുന്നതിന്റെ തൊട്ടുതെക്കുമാറിയാണ് നടപ്പാതയുടെ മൂടി തകർന്നിരിക്കുന്നത്. ഇവിടെ ഉയരപ്പാതയുടെ പണി നടക്കുന്നതിനാൽ കായംകുളം ഭാഗത്തേക്കുള്ള വാഹനങ്ങളെല്ലാം സർവീസ് റോഡിലൂടെയാണ് കടത്തിവിടുന്നത്. കെ.എസ്.ആർ.ടി.സി., സ്വകാര്യ ബസുകൾക്കൊപ്പം ദേശീയപാതയിലൂടെയുള്ള വാഹനങ്ങളുമാകുമ്പോൾ ഈ റോഡിൽ വലിയതിരക്കാണ്. അതിനൊപ്പം റെയിൽവേ സ്റ്റേഷനിലേക്കും തിരിച്ചുമുള്ള വാഹനങ്ങളും എത്തുന്ന ഭാഗമാണിത്.

യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കിവേണം ദേശീയപാത നിർമാണമെന്നു കളക്ടറുടെ മേൽനോട്ടത്തിൽ നടക്കുന്ന അവലോകനയോഗങ്ങളിൽ തീരുമാനിക്കാറുണ്ട്. അപകടസാധ്യതയുള്ള സ്ഥലങ്ങളിലെല്ലാം സൂചനാ ബോർഡ് വേണമെന്നാണ് പ്രധാന നിർദേശം. റോഡിൽ അപകടങ്ങൾക്കു വഴിയൊരുക്കുന്നതരത്തിലെ കുഴികളുണ്ടാകാൻ പാടില്ലെന്നും ഈ യോഗങ്ങളിൽ ദേശീയപാത നിർമാണ കരാറുകാർക്ക് പലപ്രാവശ്യം നിർദേശം നൽകിയിട്ടുണ്ട്. എന്നാൽ, ഇതൊന്നും പാലിക്കപ്പെടുന്നില്ല.

സർവീസ് റോഡിൽ ഒരു ബസിനു കടന്നുപോകാവുന്ന വീതി മാത്രമാണ്. ബസ് വരുമ്പോൾ കാൽനടക്കാരും ഇരുചക്രവാഹനങ്ങളിലെ യാത്രക്കാരും നടപ്പാതയിലേക്കു മാറേണ്ടിവരും. മേൽമൂടി തകർന്നനിലയിലെ നടപ്പാത ഇത്തരം സാഹചര്യത്തിലാണ് അപകടഭീഷണിയുയർത്തുന്നത്. രാത്രി യാത്രക്കാർക്കും ഇതു ഭീഷണിയാണ്. മാധവാ ജങ്ഷനിൽ മേൽപ്പാലത്തിന്റെ നിർമാണം നടക്കുന്നുണ്ട്. ഇവിടെ ഒരുവശത്തുകൂടിയാണ് വാഹനങ്ങൾ കടത്തിവിടുന്നത്. റോഡിന്റെ തെക്കുഭാഗത്തുകൂടി ആലപ്പുഴ ഭാഗത്തേക്കുള്ള വാഹനങ്ങൾ കടത്തിവിടാവുന്നതാണ്. കാർത്തികപ്പള്ളി താലൂക്ക് വികസനസമിതിയിൽ ഇതുസംബന്ധിച്ച് ആവശ്യമുയർന്നിരുന്നു. താലൂക്ക് സഭയുടെ തീരുമാനം ദേശീയപാത നിർമാണ കരാറുകാരെ അറിയിച്ചതുമാണ്. എന്നാൽ, കരാറുകാർ അനങ്ങിയിട്ടില്ല.