റോഡിൽ കാടുവളർന്നു; വീട്ടിലെത്താൻ തോട്ടിൽവീഴാതെ നോക്കണം

പൂച്ചാക്കൽ : വീടെത്താൻ തോട്ടിറമ്പിലൂടെയുള്ള ഒറ്റയടിപ്പാത കടന്നുകിട്ടണമെന്നാണ് പാണാവള്ളി തൃച്ചാറ്റുകുളം ചാലിൽ പ്രദേശത്തുകാരുടെ പ്രാർഥന. സമാധാനത്തോടെ വഴിനടക്കാൻ മൂന്നുമീറ്റർ വീതിയുള്ള റോഡിനായി ഇവർ വീട്ടുകൊടുത്ത സ്ഥലം കാടുമൂടിയതോടെയാണ് തോട്ടിറമ്പിലൂടെയുള്ള യാത്ര. പാണാവള്ളി തൃച്ചാറ്റുകുളം ചാലിൽ ഭാഗത്തെ അൻപതോളം കുടുംബങ്ങളാണ് വർഷങ്ങളായി ദുരിതമനുഭവിക്കുന്നത്.
പാതയോടു ചേർന്നുള്ള വലിയ തോട്ടിൽ വീഴാതിരിക്കാൻ ശ്വാസമടക്കി സാഹസികമായാണു പോക്ക്. വയോധികർ സമീപത്തെ വേലിയിൽ പിടിച്ചാണു പോകുന്നത്. പലരും തോട്ടിൽ വീണിട്ടുണ്ട്. തോട്ടിൽ വീണുമരിച്ച സംഭവവുമുണ്ടായിട്ടുണ്ട്. പാണാവള്ളി പഞ്ചായത്തു പരിധിയിലാണു പ്രദേശം.
നാട്ടുകാർ റോഡുനിർമിക്കാൻ വിട്ടുകൊടുത്ത സ്ഥലത്ത് (ചൂടന്തറ-ചാലിൽ നടപ്പാത) രണ്ടാൾപ്പൊക്കത്തിലാണു കാടുമൂടിക്കിടക്കുന്നത്. കാടിനിടയിലൂടെ നൂണ്ടുപോകാൻപോലും പറ്റില്ല. തോട്ടിറമ്പൊഴിവാക്കി അഥവാ കാട് കൈകൊണ്ടു വകഞ്ഞുമാറ്റിപ്പോയാൽ കാത്തിരിക്കുന്നത് വിഷപ്പാമ്പുകളുടെ കടിയാണ്. തോടും ചാലും പാടവും ഇടകലർന്ന ഇടമാണ് തൃച്ചാറ്റുകുളം ചാലിൽ പ്രദേശം.
120 മീറ്റർ നീളത്തിലുള്ള കാട് വെട്ടിത്തെളിച്ച് സമീപത്തെ തൃച്ചാറ്റുകുളം-മുട്ടുങ്കൽ റോഡുമായി ബന്ധിപ്പിച്ചാൽ തോട്ടിറമ്പിലൂടെയുള്ള യാത്ര ഒഴിവാക്കാമെന്നു നാട്ടുകാർ പറയുന്നു. പക്ഷേ, അധികൃതർ അതിനുള്ള നടപടിയെടുക്കുന്നില്ല. നാട്ടുകാർ റോഡിനായി വിട്ടുകൊടുത്ത സ്ഥലത്ത് മുൻപ് പൂഴിയിട്ടിരുന്നു. ഇതു ഗ്രാവലിട്ട് മെറ്റലിങ് നടത്തി ടാറിട്ടാൽ പ്രശ്‌നം എന്നേക്കുമായി തീരും. തൃച്ചാറ്റുകുളം-മുട്ടുങ്കൽ റോഡിന്റെ തകർന്നുകിടക്കുന്ന തെക്കൻഭാഗങ്ങൾ പുനർനിർമിക്കുകയും വേണം.
പാണാവള്ളി പഞ്ചായത്ത് ഒന്ന്, 20 വാർഡുകൾ ചേർന്നതാണ് തൃച്ചാറ്റുകുളം ചാലിൽ മേഖല. കാടുപിടിച്ച സ്ഥലവും ഈ രണ്ട് വാർഡുകളിലും കൂടിയാണ്. അധികൃതർ വർഷങ്ങളായി മേഖലയെ അവഗണിക്കുന്നതായാണ് നാട്ടുകാരുടെ പരാതി. രോഗംവന്നാൽ ആശുപത്രിയിലെത്താനും ദുരിതമാണ്. പ്രയാസപ്പെട്ട് രോഗികളെ ആശുപത്രിയിലേക്കു കൊണ്ടുപോകുന്നതിനിടെ മരിച്ചസംഭവവും ഉണ്ടായിട്ടുണ്ട്. വഴിയില്ലാത്തതിനാൽ വയോധികരും സ്‌കൂൾ കുട്ടികളുമാണ് കൂടുതൽ ബുദ്ധിമുട്ടുന്നത്.