അഖിലകേരള വിശ്വകർമ മഹാസഭവിശ്വകർമദിനം ആഘോഷിച്ചു

ചേർത്തല : അഖില കേരള വിശ്വകർമ മഹാസഭ ചേർത്തല താലൂക്ക് യൂണിയന്റെ വിശ്വകർമദിന സമ്മേളനം പി. പ്രസാദ് എം.എൽ.എ. ഉദ്ഘാടനം ചെയ്തു. ആധുനിക സാങ്കേതികവിദ്യയുടെയും യന്ത്രവത്‌കരണത്തിന്റെയും കടന്നുവരവ് പരമ്പരാഗത തൊഴിൽമേഖലകളിൽ വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
ആധുനികതയെ എതിർക്കുകയല്ല, മറിച്ച് ആ മാറ്റത്തിനൊപ്പം പരമ്പരാഗത തൊഴിലാളികളെയും കൈപിടിച്ചുയർത്തുകയാണ് വേണ്ടത്. തൊഴിലെടുത്തു ജീവിക്കുന്നവന് അർഹമായ കൂലിയും സുരക്ഷിതത്വവും ഉറപ്പാക്കേണ്ടത് സമൂഹത്തിന്റെ കടമയാണെന്ന് പി. പ്രസാദ് കൂട്ടിച്ചേർത്തു. ചേർത്തല താലൂക്ക് എൻ.എസ്.എസ്. യൂണിയൻ ഹാളിൽ ചേർന്ന യോഗത്തിൽ താലൂക്ക് പ്രസിഡന്റ് നവപുരം ശ്രീകുമാർ അധ്യക്ഷനായി. സ്വാഗതസംഘം ചെയർമാൻ ജി. രാധാകൃഷ്ണൻ, ഷാജി അമ്പഴത്തുങ്കൽ, തിരുവിഴ ശിവാനന്ദൻ, ടി.പി. ദാസൻ, പി. സുരേഷ് കുമാർ, എം. പി. അജിത് കുമാർ, ആർ. ബിജുമോൻ, ഇ.കെ. മോഹൻദാസ്, എ.ആർ. ബാബു, പി. ചന്ദ്രൻ, ടി.കെ. ഹരിദാസ്, പള്ളിപ്പുറം സുനിൽ കുമാർ, തുടങ്ങിയവർ പ്രസംഗിച്ചു. ബാലനടൻ ആദിശേഷൻ, കേന്ദ്ര സംഗീതനാടക അക്കാദമി അവാർഡുജേതാവ് ഗോപിക ജി. നാഥ്, ടി.വി. താരങ്ങളായ സജി പൊന്നൻ, പ്രവീൺ മുഹമ്മ, ശില്പികളായ യു.ടി. ഉദയകുമാർ, ശ്രീകാന്ത് വിശ്വം, അനിൽ ബി. കൃഷ്ണ, വി.ടി. അജിമോൻ, എം.വി. വിനൂപ് എന്നിവരെ ചടങ്ങിൽ ആദരിച്ചു.
വിശ്വകർമ ദിനാഘോഷത്തിന്റെ ഭാഗമായി വ്യാഴാഴ്ച രാവിലെ വിശ്വകർമ ക്ഷേത്രത്തിൽനിന്നു തുടങ്ങിയ പഞ്ചലോഹ വിഗ്രഹ രഥയാത്ര താലൂക്കിൽ പര്യടനം നടത്തി. വൈകുന്നേരം വടക്കേ അങ്ങാടി കവലയ്ക്കു സമീപത്തുനിന്നു തുടങ്ങിയ ശോഭായാത്ര കോടതിക്കവല, ചേർത്തല ദേവിക്ഷേത്രത്തിനു മുൻവശം, വഴി സമ്മേളനവേദിയായ എൻ.എസ്.എസ്. യൂണിയൻ ഹാളിൽ സമാപിച്ചു.