ചാരുംമൂട്ടിൽ യുവാവ് ഭാര്യാമാതാവിനെ കുത്തിക്കൊന്നു

ചാരുംമൂട് : ചാരുംമൂട്ടിൽ മരുമകന്റെ കുത്തേറ്റ് ഭാര്യാമാതാവ്‌ മരിച്ചു. ചാരുംമൂട് ഇടക്കുന്നം നെല്ലുംവിളയിൽ ജയകുമാറിന്റെ ഭാര്യ ജയകുമാരി(സുജ-45)യാണു മരിച്ചത്. മരുമകൻ ആലപ്പുഴ പഴവീട് എട്ടിൽച്ചിറ ജോജി ജോസഫിനെ (30) നൂറനാട് പോലീസ് അറസ്റ്റുചെയ്തു. ജയകുമാരിയുടെ ഇളയമകൾ അർച്ചനയുടെ ഭർത്താവാണ് ജോജി. ശനിയാഴ്ച പുലർച്ചെ അഞ്ചോടെയാണു സംഭവം.

അർച്ചനയും ജോജിയും തമ്മിൽ പ്രശ്നങ്ങളുള്ളതായി പോലീസ് പറഞ്ഞു. വെള്ളിയാഴ്ച രാത്രി ചാരുംമൂട്ടിലെത്തിയ ജോജി, അർച്ചനയുടെ വീടിനു സമീപത്തെ റബ്ബർത്തോട്ടത്തിൽ കിടന്നുറങ്ങി. രാവിലെ അഞ്ചോടെ വീട്ടിലെത്തി കതകിൽമുട്ടി കുട്ടിയെ കാണണമെന്ന് ആവശ്യപ്പെട്ടു. ആ സമയം ജയകുമാരിയുടെ ഭർത്താവ് ജയകുമാർ വെട്ടിക്കോട്ടുള്ള ക്ഷേത്രത്തിൽ ജോലിക്കു പോയിരിക്കുകയായിരുന്നു.

വാതിൽ തുറക്കുംമുൻപേ ഇയാൾ തള്ളിത്തുറന്ന് അകത്തുകയറി. തുടർന്ന്, തർക്കമുണ്ടാകുകയും ജയകുമാരിയെ കത്തി ഉപയോഗിച്ചു കുത്തുകയുമായിരുന്നു. പിന്നാലെയാണ് അർച്ചന കുട്ടിയുമായി എത്തിയത്. കുത്തേറ്റ ജയകുമാരി ഓടി അടുത്ത വീട്ടിലെത്തി കുഴഞ്ഞുവീണു. നാട്ടുകാർ അടുത്തുള്ള സ്വകാര്യ ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരിച്ചു. വയറ്റിലേറ്റ മൂന്നു കുത്താണ്‌ മരണകാരണം. സംഭവശേഷം മൊബൈൽ ഫോൺ ഓഫ് ചെയ്ത് ജോജി ഒളിവിൽപ്പോയി. കെ.എസ്.ആർ.ടി.സി. ബസിൽ എറണാകുളത്തേക്കുള്ള യാത്രാമധ്യേ ചേർത്തലയിൽ വെച്ച് ഇയാളെ പോലീസ് പിടികൂടി. മൊബൈൽ ഓണായപ്പോഴാണ് പ്രതിയെ പോലീസ് കണ്ടെത്തിയത്.

അർച്ചനയും ജോജിയും 2024-ൽ പ്രണയിച്ചു വിവാഹിതരായവരാണ്. ചാരുംമൂട്ടിലെ തുണിക്കടയിൽ അർച്ചന ജോലിചെയ്യുമ്പോൾ മാർക്കറ്റിങ് എക്സിക്യുട്ടീവായി കടയിലെത്തി പരിചയപ്പെട്ടായിരുന്നു വിവാഹം. അതിനുശേഷം അർച്ചന ആലപ്പുഴയിലും ചാരുംമൂട്ടിലുമായി താമസിക്കുകയായിരുന്നു. ഇവരുടെ മകൾക്ക് ഒന്നര വയസ്സുണ്ട്. ജോജി ഉപദ്രവിക്കുന്നതായി കാട്ടി നൂറനാട് പോലീസിൽ അർച്ചന പരാതി നൽകിയിരുന്നു. പോലീസ് ഇവരെ ചെങ്ങന്നൂരിലെ ഫാമിലി കൗൺസലിങ് കേന്ദ്രത്തിൽ അയച്ചിരുന്നു. ആലപ്പുഴയിലെ വീട്ടിൽനിന്ന് ഒരാഴ്ച മുൻപാണ് അർച്ചന ചാരുംമൂട്ടിലെത്തിയത്. അതിനുശേഷം ജോജി നിരന്തരം ജയകുമാറിനെയും അർച്ചനയെയും വിളിച്ചു ഭീഷണിപ്പെടുത്തിയിരുന്നതായി പോലീസ് പറഞ്ഞു.

അറസ്റ്റിലായ പ്രതിയെ വൈകീട്ട് സംഭവസ്ഥലത്തെത്തിച്ച് പോലീസ് തെളിവെടുത്തു. അടുത്തുള്ള പുരയിടത്തിലെറിഞ്ഞ കത്തിയും കണ്ടെടുത്തു. അർച്ചനയെ തന്നോടൊപ്പം വിടാത്തതും കുഞ്ഞിനെ കാണിക്കാത്തതും ജയകുമാരിയുടെ പ്രേരണയിലാണെന്നും അതാണ് അവരോടുള്ള വൈരാഗ്യത്തിനു കാരണമെന്നും പ്രതി മൊഴി നൽകിയതായി പോലീസ് പറഞ്ഞു. എന്നാൽ, അർച്ചനയും ജയകുമാറും നൽകിയ പരാതിയിൽ പോലീസ് പരിഹാരമുണ്ടാക്കാത്തതാണ് കൊലപാതകത്തിലേക്കു നയിച്ചതെന്ന് ബന്ധുക്കൾ ആരോപിച്ചു.

അപർണയാണ് ജയകുമാരിയുടെ മറ്റൊരു മകൾ. മരുമകൻ: അനീഷ് (ഗൾഫ്). സംസ്‌കാരം ഞായറാഴ്ച 10-ന്.