കോട്ടത്തോടിന്റെ മലിനീകരണം: ആരോഗ്യവകുപ്പ്‌ റിപ്പോർട്ടു തേടി

മാവേലിക്കര : നഗരത്തിലൂടെ ഒഴുകുന്ന കോട്ടത്തോട്ടിലെ മലിനീകരണവുമായി ബന്ധപ്പെട്ട് ആരോഗ്യവകുപ്പ്‌ റിപ്പോർട്ടു തേടി. മാവേലിക്കര ജില്ല ആശുപത്രിയിലെ ഹെൽത്ത് ഇൻസ്‌പെക്ടർ ആർ. രാഹുലിന്റെ നേതൃത്വത്തിൽ കോട്ടത്തോടിന്റെ കരയിൽ പരിശോധന നടത്തി. പരിശോധനയിൽ കണ്ടെത്തിയ കാര്യങ്ങൾ ഉൾപ്പെടുത്തി റിപ്പോർട്ട് തയ്യാറാക്കി ജില്ല മെഡിക്കൽ ഓഫീസർക്കു കൈമാറുമെന്ന് മാവേലിക്കര ജില്ല ആശുപത്രി സൂപ്രണ്ട് ഡോ. കെ.എ. ജിതേഷ് അറിയിച്ചു.

കോട്ടത്തോട്ടിലെ മലിനീകരണവും ഇതുണ്ടാക്കുന്ന ആരോഗ്യ, പാരിസ്ഥിതിക പ്രശ്നങ്ങളും ഉൾപ്പെടുത്തി മാതൃഭൂമി പ്രസിദ്ധീകരിച്ച വാർത്തസഹിതം സാമൂഹികപ്രവർത്തകൻ യു.ആർ. മനു ആരോഗ്യമന്ത്രിക്കു നൽകിയ നിവേദനത്തെ തുടർന്നായിരുന്നു നടപടി. തോട്ടിലേക്ക് മലിനജലം ഒഴുക്കുന്നതും മാലിന്യം നിക്ഷേപിക്കുന്നതും പരിശോധനയുടെ ഭാഗമായി വിലയിരുത്തി.

കോട്ടത്തോട്ടിലേക്ക് ശൗചാലയമാലിന്യമടക്കം ഒഴുക്കുന്നതായി നഗരസഭാ ആരോഗ്യവിഭാഗം കണ്ടെത്തിയിട്ടുണ്ട്. തോട്ടിലേക്ക് മാലിന്യക്കുഴലുകൾ വെച്ചവർക്ക് നഗരസഭ നോട്ടീസ് നൽകിയിരുന്നു.

കോട്ടത്തോട്ടിലെ മാലിന്യം പത്തുവർഷംകൊണ്ട് പതിന്മടങ്ങു വർധിച്ചതായി സന്നദ്ധസംഘടന രണ്ടുവർഷം മുൻപു നടത്തിയ പഠനത്തിൽ കണ്ടെത്തിയിരുന്നു. തോട്ടിലെ വെള്ളം ശാസ്ത്രീയപരിശോധനയ്ക്കു വിധേയമാക്കിയപ്പോൾ കോളിഫോം ബാക്ടീരിയയുടെ സാന്നിധ്യം അനുവദനീയമായതിലും നൂറുമടങ്ങോളം അധികമാണെന്നു കണ്ടെത്തി.

മാലിന്യം കലർന്ന വെള്ളം അച്ചൻകോവിലാറ്റിൽ പതിക്കുന്നതിനു സമീപമാണ് മാവേലിക്കര നഗരത്തിലേക്കും സമീപ പഞ്ചായത്തുകളിലേക്കും ശുദ്ധജലം വിതരണംചെയ്യുന്ന പമ്പ്ഹൗസുള്ളത്. ഇതിന് അഞ്ഞൂറുമീറ്റർ പടിഞ്ഞാറുമാറിയാണ് കായംകുളം നഗരസഭയിലേക്കും ആറാട്ടുപുഴ, കണ്ടല്ലൂർ, ഓച്ചിറ, കൃഷ്ണപുരം പഞ്ചായത്തുകളിലേക്കും കുടിവെള്ളം കൊണ്ടുപോകുന്ന സുനാമി പുനരധിവാസ ശുദ്ധജലപദ്ധതിയുടെ പമ്പ്ഹൗസ് സ്ഥിതിചെയ്യുന്നത്. കോട്ടത്തോട്ടിലെ വെള്ളം അച്ചൻകോവിലാറ്റിൽ പതിക്കുന്ന ഭാഗത്ത് ജലോപരിതലത്തിൽ മാലിന്യവും മറ്റും പാടകെട്ടിയ നിലയിലാണ്. തോട്ടിൽ കൂടിയെത്തുന്ന വെള്ളത്തിന്റെ നിറവ്യത്യാസവും ഇവിടെ തിരിച്ചറിയാൻ കഴിയും.