ചെന്നിത്തല പഞ്ചായത്ത് നവീകരിച്ച ഓഫീസ് തുറക്കാത്തതിൽ പ്രതിഷേധം

ചെന്നിത്തല : ചെന്നിത്തല-തൃപ്പെരുന്തുറ പഞ്ചായത്തിലെ നവീകരിച്ച ഓഫീസ് ഉദ്ഘാടനംകഴിഞ്ഞ് ഒരുമാസം പിന്നിട്ടിട്ടും പ്രവർത്തനം തുടങ്ങാത്തതിൽ പ്രതിഷേധം. നവീകരിച്ച ഓഫീസ് ഉദ്ഘാടനം ഓഗസ്റ്റ് 20-ന് സജി ചെറിയാൻ എം.എൽ.എ.യാണ് നിർവഹിച്ചത്. ഫ്രണ്ട്‌ ഓഫീസ്, പഞ്ചായത്ത് ജീവനക്കാരുടെയും ജനപ്രതിനിധികളുടെയും കാബിനുകൾ ഉൾപ്പെടെയാണ് നവീകരിച്ചത്. ഉദ്ഘാടനം കഴിഞ്ഞെങ്കിലും ഇലക്ട്രിക്കൽ ജോലികൾ ബാക്കിയാണ്.

നിലവിൽ പഞ്ചായത്തിലെ ഒന്നാംനിലയിലുള്ള കോൺഫറൻസ് ഹാളിലാണ് ഓഫീസിന്റെ പ്രവർത്തനം നടക്കുന്നത്. ഇവിടെ വേണ്ടത്ര സൗകര്യമില്ലാത്തത് പ്രവർത്തനത്തെ ബാധിക്കുന്നുണ്ട്. പഞ്ചായത്ത് കമ്മിറ്റിയും മറ്റു കമ്മിറ്റികളും കോൺഫറൻസ് ഹാളിൽ ചേരുമ്പോൾ ഓഫീസ് പ്രവർത്തനം തടസ്സപ്പെടുന്ന സാഹചര്യമാണുള്ളത്.

വിവിധാവശ്യങ്ങൾക്കെത്തുന്ന പ്രായമായവർക്കും ഭിന്നശേഷിക്കാർക്കും മുകൾ നിലയിലേക്കു പടികയറി ചെല്ലുന്നത് പ്രയാസകരമാണ്. ഇതിനെതിരേ പലപ്പോഴും പ്രതിഷേധങ്ങളുമുണ്ടാകാറുണ്ട്. കഴിഞ്ഞ പഞ്ചായത്ത് ഭരണസമിതി 2025-26 വാർഷികപദ്ധതിയിൽ ഉൾപ്പെടുത്തിയ ഓഫീസ് നവീകരണ പ്രവൃത്തികൾ പൂർത്തിയാകുംമുൻപ്‌ പുതിയ ഭരണസമിതി ധൃതിപിടിച്ച് ഉദ്ഘാടനം ചെയ്തതായി പ്രതിപക്ഷാംഗങ്ങൾ ആരോപിക്കുന്നു. ജനങ്ങളുടെ അഭയകേന്ദ്രമായ പഞ്ചായത്ത് ഓഫീസ് പ്രവർത്തനം നവീകരിച്ച ഓഫീസ് കെട്ടിടത്തിലേക്ക് അടിയന്തരമായി മാറ്റിയില്ലെങ്കിൽ ശക്തമായ സമരവുമായി മുന്നോട്ടുപോകുമെന്ന് ഡി.വൈ.എഫ്.ഐ. ബ്ലോക്ക് പ്രസിഡന്റ് ലിജോ ജോയ്, സെക്രട്ടറി രന്തീർ കുമാർ, ട്രഷറർ ദിവ്യാ ഓമനക്കുട്ടൻ എന്നിവർ അറിയിച്ചു.

വൈദ്യുതീകരണ ജോലികൾ മാറ്റേണ്ടിവരുകയും തുടർന്ന് അതിന്റെ വാലുവേഷനിലുണ്ടായ കാലതാമസവുമാണ് നവീകരിച്ച ഓഫീസ് പ്രവർത്തനം തുടങ്ങുന്നതിന് തടസ്സമായത്. ഏതാനും ദിവസങ്ങൾക്കുള്ളിൽ നവീകരിച്ച ഓഫീസ് പ്രവർത്തനം തുടങ്ങുന്നതിന് നടപടിയെടുക്കുമെന്ന് ചെന്നിത്തല പഞ്ചായത്ത് പ്രസിഡന്റ് വി. ബിനുരാജ് അറിയിച്ചു