കുടുംബശ്രീ പ്രീമിയം കഫേ നിലച്ചിട്ട് രണ്ടുമാസം; രുചിപ്പെരുമയ്ക്കു താഴുവീണു

ആലപ്പുഴ : കുടുംബശ്രീയുടെ നേതൃത്വത്തിൽ തുടങ്ങിയ ഏക പ്രീമിയം കഫേയുടെ പ്രവർത്തനം നിലച്ചു. അഞ്ച് മൈക്രോ എന്റർപ്രൈസ് സംരംഭകർ ചേർന്ന് ചെങ്ങന്നൂർ കല്ലിശ്ശേരി ജങ്ഷനിൽ തുറന്ന റസ്റ്ററന്റ് രണ്ടുമാസമായി പ്രവർത്തിക്കുന്നില്ല. സംരംഭകർക്കിടയിലെ തർക്കമാണ് പൂട്ടലിലേക്കു നയിച്ചത്. ലക്ഷങ്ങൾ ചെലവഴിച്ച് ആധുനിക സൗകര്യങ്ങളോടെ സജ്ജീകരിച്ച സ്ഥാപനമാണു പൂട്ടിയത്.
മണ്ഡലകാലം ഉൾപ്പെടെ മികച്ച വരുമാനസാധ്യത കണക്കിലെടുത്ത് വീണ്ടും തുറക്കാനുള്ള ശ്രമത്തിലാണ് കുടുംബശ്രീ ജില്ല മിഷൻ. ഇതിനായി പുതിയ സംരംഭകരെ കണ്ടെത്തുന്നതിനുള്ള ചർച്ച തുടങ്ങി.
മികച്ച ഭക്ഷണം; സൗകര്യം
കേരളത്തിന്റെ തനതു വിഭവങ്ങൾക്കൊപ്പം ചൈനീസ്, അറേബ്യൻ, ഉത്തരേന്ത്യൻ രുചികൾ ലഭിക്കുന്ന രീതിയിലായിരുന്നു കഫേയുടെ പ്രവർത്തനം. രാവിലെ ആറുമുതൽ രാത്രി 11 വരെ പ്രവർത്തിച്ചിരുന്ന സ്ഥാപനത്തിൽ 50 പേർക്ക് ഇരുന്നു ഭക്ഷണം കഴിക്കാനുള്ള സൗകര്യമുണ്ടായിരുന്നു. 3,200 ചതുരശ്രയടി വിസ്താരത്തിൽ ശീതീകരിച്ച റസ്റ്ററന്റ്, വേണ്ടത്ര പാർക്കിങ് സൗകര്യം, വൃത്തിയും ശുചിത്വവുമുള്ള അന്തരീക്ഷം എന്നിവയായിരുന്നു സവിശേഷത. 78 ലക്ഷം രൂപ ചെലവിൽ തുടങ്ങിയ കഫേയ്ക്ക് 19.5 ലക്ഷം രൂപ കുടുംബശ്രീ മിഷൻ നൽകി. ബാക്കി 58.5 ലക്ഷം രൂപ സംരംഭകർ കണ്ടെത്തി.
ചെങ്ങന്നൂരിലെ തിരക്കേറിയ വ്യാപാരകേന്ദ്രത്തോടു ചേർന്നുള്ള സ്ഥാപനത്തിൽ എളുപ്പത്തിൽ എത്തിച്ചേരാമായിരുന്നു. 2025 സെപ്റ്റംബർ 14-നാണ് തുടങ്ങിയത്.
വരുമാനം കുറവെന്നു പ്രചാരണം
മറ്റു കുടുംബശ്രീ സംരംഭങ്ങളെ അപേക്ഷിച്ച് ഉയർന്ന വിറ്റുവരവു ലക്ഷ്യമിട്ടാണ് പ്രീമിയം കഫേ എന്ന ആശയം നടപ്പാക്കിയത്. പ്രതിദിനം കുറഞ്ഞത് 50,000 രൂപയുടെ വിറ്റുവരവാണ് ലക്ഷ്യമിട്ടത്. എന്നാൽ, സംരംഭകർ തമ്മിലുള്ള അഭിപ്രായവ്യത്യാസം പ്രവർത്തനത്തെ ബാധിച്ചു. വരുമാനക്കുറവാണ് പ്രവർത്തനം നിർത്തുന്നതിനു കാരണമായി പറഞ്ഞത്.