മാക്കേക്കടവ്-നേരേകടവ് പാലം; ടാറിങ് തുടങ്ങി

ഉദ്ഘാടനം ഒക്ടോബറിൽ

പൂച്ചാക്കൽ : തുറവൂർ-പമ്പ പാതയുടെ ഭാഗമായുള്ള മാക്കേക്കടവ്-നേരേകടവ് പാലത്തിൽ ടാറിങ് ജോലികൾ തുടങ്ങി. ഇതിന്റെ ഭാഗമായി മാക്കേക്കടവിലും നേരേകടവിലും പാലത്തിന്റെ അനുബന്ധ റോഡ് എമൽഷൻ ചെയ്തു. എമൽഷൻ അടിക്കുന്നതിന്റെ മുകളിലാണ് ടാർ ചെയ്യുന്നത്. പരമാവധി മൂന്നു ദിവസങ്ങൾക്കുള്ളിൽ ടാറിങ് പൂർത്തീകരിക്കുമെന്ന് അധികൃതർ പറഞ്ഞു. നേരേകടവ് ഭാഗത്തെ അനുബന്ധ റോഡിന്റെ ഭാഗത്താണ് ആദ്യം ടാർചെയ്യുന്നത്. തുടർന്ന്, പാലത്തിന്റെ ഭാഗങ്ങളും ഒടുവിൽ മാക്കേക്കടവിലെ അനുബന്ധ റോഡിന്റെ ഭാഗങ്ങളും ടാർചെയ്യും.

​ടാറിങ്ങിനുശേഷം റോഡിലും പാലത്തിലും മാർക്കിങ് നടത്തും. കൈവരികളുടെ നിർമാണം പൂർത്തിയാക്കിയിട്ടുണ്ട്. വിളക്കുകളും സ്ഥാപിച്ചിട്ടുണ്ട്. പെയിന്റിങ് പൂർത്തീകരിച്ചിട്ടുണ്ടെങ്കിലും ഉദ്ഘാടനത്തിനു മുന്നോടിയായി മിനുക്കുപണികൾ ചെയ്യാനുണ്ട്. പാലം ഒക്ടോബർ 10-ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യാനാണ് വകുപ്പുതല ആലോചന നടക്കുന്നത്. എന്നാൽ, ഈ തീയതിക്ക് സ്ഥിരീകരണം ലഭിച്ചിട്ടില്ല. 800 മീറ്റർ നീളവും ഇരുവശവും നടപ്പാതയുൾപ്പെടെ 11 മീറ്റർ വീതിയുമാണ് പാലത്തിനുള്ളത്.

​തുറവൂർ-പമ്പ പാതയുടെ ഭാഗമായുള്ള മാക്കേക്കടവ്-നേരേകടവ് പാലം നിർമാണം സ്ഥലമെടുപ്പു തർക്കത്തിൽ കുടുങ്ങി ഏഴുവർഷത്തോളം മുടങ്ങിക്കിടക്കുകയായിരുന്നു. വൈക്കം റോഡിലേക്കുള്ള റോഡ് വീതികൂട്ടി നിർമിക്കാനുണ്ട്. എങ്കിലും പാലം തുറന്നുകൊടുക്കുന്നതിന് അതു തടസ്സമാകില്ല. മാക്കേക്കടവ് -നേരേകടവ് പാലം ഗതാഗതത്തിനു തുറന്നുകൊടുക്കുന്നതിന്‌ വൈദ്യുതിലൈൻ കേബിളുകൾ വലിക്കുന്ന ജോലികൾമൂലമുണ്ടായ തടസ്സം നീങ്ങിയിട്ടുണ്ട്. പാലത്തിലെയും അനുബന്ധ റോഡിലെയും ഭാഗത്തെ ലൈൻവലിക്കൽ പൂർത്തീകരിച്ചിട്ടുണ്ട്. വൈദ്യുതിലൈൻ കേബിൾ വലിക്കുന്ന ജോലികൾ വേഗം പൂർത്തിയാക്കണമെന്ന് സ്ഥലം സന്ദർശിച്ച മന്ത്രി മോൻസ് ജോസഫ് നിർദേശിച്ചിരുന്നു.

​റോഡിലേക്കു തള്ളിനിൽക്കുന്നവൈദ്യുതി കേബിൾ മാറ്റണം

:മാക്കേക്കടവ് ഭാഗത്തെ അനുബന്ധ റോഡിനുള്ളിൽ വൈദ്യുതി കേബിളുകൾ റോഡിലേക്കു തള്ളിനിൽക്കുന്നത് മാറ്റണമെന്ന ആവശ്യം ഉയർന്നു. ഇങ്ങനെ ചെയ്തില്ലെങ്കിൽ പിന്നോട്ടെടുക്കുന്ന വാഹനങ്ങൾ കേബിളുകളിൽ തട്ടുമെന്നാണ് നാട്ടുകാരുടെ ആശങ്ക. കെ.എസ്.ഇ.ബി.യാണ് ഇതുസംബന്ധിച്ച നടപടിയെടുക്കേണ്ടത്.