കൈനടി പാലം: അനുബന്ധപാതയിൽ യാത്രാദുരിതം

കാവാലം : കൈനടി പാലത്തിന്റെ അനുബന്ധപാത ഉയർത്താനായി ഗ്രാവൽ നിരത്തിയത് വാഹനഗതാഗതത്തിനു ദുരിതമാകുന്നു. കുറിച്ചി-കാവാലം റോഡിലെ കൈനടി പാലത്തിന്റെ അനുബന്ധപാത താഴ്ന്ന് വാഹനഗതാഗതം ദുഷ്കരമായിരുന്നു. റോഡ് താഴ്ന്ന് അപകടം പതിവായിട്ടും പരിഹാരമുണ്ടാക്കാൻ പൊതുമരാമത്ത് വകുപ്പോ ജനപ്രതിനിധികളോ നടപടിയെടുക്കാത്തതു വിവാദമായിരുന്നു. തുടർന്ന്, റെജി ചെറിയാൻ എം.എൽ.എ. ഇടപെടുകയും റോഡ് ഉയർത്തി നിർമിക്കാൻ പദ്ധതി തയ്യാറാക്കുകയുമായിരുന്നു.
ഇതിന്റെ ഭാഗമായി ഇരുവശവും കല്ലുകെട്ടി റോഡ് ഉയർത്തുന്നതിന് ഗ്രാവൽ നിരത്തിയതാണ് പ്രതിസന്ധിയായത്. ഒരടിയോളം ഘനത്തിൽ ഗ്രാവൽ ഇട്ടതോടെ ചക്രങ്ങൾ മണ്ണിൽ പുതഞ്ഞ് വാഹനത്തിനു പോകാനാകാത്ത സ്ഥിതിയായി. കെ.എസ്.ആർ.ടി.സി. ബസുകളും സ്കൂൾ ബസുകളുമടക്കം ഒട്ടേറെ വാഹനങ്ങളാണ് ഇതുവഴി പോകുന്നത്. ബസുകളും മറ്റു ചെറുവാഹനങ്ങളും ഏറെ ശ്രമപ്പെട്ട് കടന്നുപോകുന്നുണ്ടെങ്കിലും ചരക്കുവാഹനങ്ങൾക്ക് പാലം കടക്കാൻ കഴിയാത്ത അവസ്ഥയാണ്.
ചെറുകര ജ്ഞാനേശ്വരം ക്ഷേത്രത്തിലെ നിർമാണപ്രവർത്തനത്തിനായി കരിങ്കല്ലുമായി വന്ന ലോറിക്ക് പാലംകയറിപ്പോകാനായില്ല. തുടർന്ന്, ചെറുവാഹനത്തിൽ കല്ല് കൊണ്ടുപോകേണ്ട സ്ഥിതിയായി. എത്രയുംവേഗം കുറ്റമറ്റ രീതിയിൽ റോഡ് ഉയർത്തി സുഗമമായ വാഹനഗതാഗതത്തിനു സൗകര്യമൊരുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.