എരുവയിൽ വീട്ടിൽനിന്ന് 54 സിലിൻഡറുകൾ പിടികൂടി

 ഗാർഹിക സിലിൻഡറിൽനിന്ന് പാചകവാതകം വാണിജ്യ സിലിൻഡറിലേക്കു മാറ്റി തട്ടിപ്പ്

കായംകുളം : വീടുകളിൽ വിതരണംചെയ്യുന്ന ഗ്യാസ് സിലിൻഡറിൽനിന്ന് ഗ്യാസ് വാണിജ്യാവശ്യത്തിനുള്ള സിലിൻഡറിലേക്കു മാറ്റി തട്ടിപ്പ്. എരുവയിലെ വീട്ടിൽനിന്ന് 54 ഗ്ലാസ് സിലിൻഡറുകൾ പിടികൂടി. പത്തിയൂർക്കാല എരുവ മണ്ണാഞ്ചി സുരേഷിന്റെ വീട്ടിൽനിന്നാണ് 54 ഗ്യാസ് സിലിൻഡറുകൾ കരീലക്കുളങ്ങര പോലീസ് പിടികൂടിയത്. ഇയാൾ പുതിയിടത്തിനു സമീപമുള്ള ഗ്യാസ് ഏജൻസിയിലെ ഡ്രൈവറാണ്.

ഏജൻസിയിൽനിന്ന് വീടുകളിൽ ഗ്യാസെത്തിച്ചു നൽകുന്നത് സുരേഷാണ്. ഇയാൾ വീടുകളിൽ കൊടുക്കാനുള്ള ഗ്യാസ് സിലിൻഡറുകളിൽ രണ്ടും മൂന്നും കിലോ ഗ്യാസ് വാണിജ്യ സിലിൻഡറുകളിലേക്കു മാറ്റി തട്ടിപ്പു നടത്തുകയായിരുന്നു. വീടുകളിൽ കൊടുക്കാനുള്ള ഗ്യാസ് സ്വന്തം വീട്ടിലെത്തിച്ചാണ് വാണിജ്യ സിലിൻഡറിലേക്ക് ഗ്യാസ് മാറ്റിയിരുന്നത്. വീട്ടിൽനിന്ന് ഒരു സിലിൻഡറിൽനിന്നു മറ്റൊരു സിലിൻഡറിലേക്ക് ഗ്യാസ് നിറയ്ക്കുന്ന പൈപ്പും പിടിച്ചെടുത്തു.

ബി.പി.സി.എൽ., ഐ.ഒ.സി. കമ്പനികളുടെ സീലുള്ള സിലിൻഡറുകളാണ് പിടിച്ചെടുത്തതെന്ന് പോലീസ് പറഞ്ഞു. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. ശനിയാഴ്ച സി.ഐ. ശ്രീകുമാർ, എസ്.ഐ. ബക്കർ ഷെരീഫ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്. സുരേഷിനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സിലിൻഡറുകളെല്ലാം സ്റ്റേഷനിലേക്കു മാറ്റി.