ശബരിമല തീർഥാടനം: സർക്കാർസഹായം പ്രതീക്ഷിച്ച് നഗരസഭ

ഈ വർഷത്തെ തുക പ്രഖ്യാപിച്ചില്ല
ചെങ്ങന്നൂർ : ശബരിമല തീർഥാടനം തുടങ്ങാൻ ദിവസങ്ങൾ മാത്രമുള്ളപ്പോഴും ഇടത്താവള വികസനത്തിനായി സർക്കാർ അനുവദിക്കുന്ന ഫണ്ട് ചെങ്ങന്നൂർ നഗരസഭയ്ക്കു ലഭിച്ചില്ല. കഴിഞ്ഞ രണ്ടുവർഷങ്ങളിലെയും തുകയും അടിസ്ഥാനസൗകര്യങ്ങളൊരുക്കാൻ അധികം ചെലവുവന്ന തുകയും ഉൾപ്പെടെ 90 ലക്ഷം രൂപ ലഭിക്കാനുണ്ടെന്നാണ് നഗരസഭാധികൃതർ പറയുന്നത്. കഴിഞ്ഞ വർഷം 20 ലക്ഷം രൂപയാണ് പ്രഖ്യാപിച്ചത്. അതിനു മുൻപ് 25 ലക്ഷമായിരുന്നു. ഈ വർഷം എത്രയാണു തുകയെന്ന് സർക്കാർ പ്രഖ്യാപിച്ചിട്ടില്ല.
കുറഞ്ഞത് 50 ലക്ഷം രൂപയെങ്കിലും അനുവദിക്കണമെന്നാണ് നഗരസഭ ആവശ്യപ്പെടുന്നത്. തീർഥാടനകാലത്ത് ഒന്നിടവിട്ട ദിവസങ്ങളിൽ മാത്രമേ റെയിൽവേ സ്റ്റേഷൻ ഭാഗത്തേക്ക് വെള്ളം കൊടുക്കാൻ കഴിയൂവെന്നാണ് ജല അതോറിറ്റി അറിയിച്ചിരിക്കുന്നത്. വെള്ളം വിതരണംചെയ്യാത്ത ദിവസങ്ങളിൽ ജലവിതരണം നടത്തേണ്ടത് നഗസരസഭയാണ്. ഈ സാഹചര്യത്തിൽ കൂടുതൽ ഫണ്ടനുവദിക്കണമെന്നാണ് നഗരസഭയുടെ നിലപാട്. കഴിഞ്ഞവർഷം 20 ലക്ഷം രൂപയാണ് പ്രഖ്യാപിച്ചതെങ്കിലും 45 ലക്ഷം രൂപ ചെലവായെന്നാണ് നഗരസഭയുടെ കണക്ക്.
മുൻവർഷങ്ങളിലേതു പോലെ നഗരസഭ ഇത്തവണയും ഭക്തർക്കു വിരിവെക്കാൻ സൗകര്യം ഏർപ്പെടുത്തുന്നുണ്ട്. കുറഞ്ഞത് 300 ഭക്തർക്ക് ഒരേസമയം വിശ്രമിക്കാനുള്ള സൗകര്യമാണ് ഏർപ്പെടുത്തുന്നത്. കഴിഞ്ഞവർഷം 27 ശുചീകരണത്തൊഴിലാളികൾ ഉണ്ടായിരുന്നെങ്കിൽ ഈ വർഷം അവരുടെ എണ്ണം 33 ആക്കി ഉയർത്തി. തനതു ഫണ്ടുപയോഗിച്ചാണ് നഗരസഭയിൽ ക്രമീകരണം നടത്തുന്നത്. മുൻവർഷങ്ങളിൽ അനുവദിച്ച തുകയുടെ വിനിയോഗ സർട്ടിഫിക്കറ്റ് കൊടുക്കാതെയിരുന്നതും തുക വകമാറ്റി ചെലവഴിച്ചതുമാണ് സഹായം വൈകിയതെന്ന വിമർശം ശബരിമല അവലോകനയോഗത്തിലുണ്ടായിരുന്നു. എന്നാൽ, ആരോപണം നഗരസഭ നിഷേധിക്കുകയാണ്. ഒരു തദ്ദേശസ്ഥാപനത്തിനും മുൻവർഷങ്ങളിലെ അനുവദിച്ചിട്ടില്ലെന്നും വിനിയോഗ സർട്ടിഫിക്കറ്റ് യഥാസമയം കൊടുത്തതെന്നുമാണ് നഗരസഭാധികൃതർ പറയുന്നത്.
ക്ഷേത്രക്കടവുകൾ ഉടൻ വൃത്തിയാക്കാൻ നിർദേശം
: ശബരിമല തീർഥാടകരെത്തുന്ന ക്ഷേത്രക്കടവുകളിലെ മണ്ണു നീക്കംചെയ്ത് വൃത്തിയാക്കാൻ ജലസേചനവകുപ്പിനു നിർദേശം. ചെങ്ങന്നൂർ ആർ.ഡി.ഒ. ഓഫീസിൽ ചേർന്ന ശബരിമല മുന്നൊരുക്കം സംബന്ധിച്ച ഉദ്യോഗസ്ഥരുടെ യോഗത്തിൽ കളക്ടർ ഷാജി വി. നായരാണ് നിർദേശം കൊടുത്തത്. കഴിഞ്ഞയാഴ്ച നടന്ന മന്ത്രിതല അവലോകനയോഗത്തിൽ പമ്പാനദിയിലെ മിത്രപ്പുഴക്കടവ് വൃത്തിയാക്കിയിട്ടില്ലെന്ന പരാതി ഉയർന്നിരുന്നു. ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷൻ മുതൽ പ്രധാന കേന്ദ്രങ്ങളിൽ ദിശാസൂചക ബോർഡുകൾ സ്ഥാപിക്കാൻ യോഗം നിർദേശം കൊടുത്തു. ചിലയിടങ്ങളിൽ പുതിയ ബോർഡുകൾ സ്ഥാപിക്കുകയും കാടുമൂടിക്കിടക്കുന്ന ബോർഡുകൾ കാണാൻപാകത്തിൽ പുനഃസ്ഥാപിക്കുകയും വേണം.
ഹോട്ടലുകളിലും മറ്റു കടകളിലും സാധനങ്ങളുടെ വില നിശ്ചയിച്ചപ്രകാരമാണോ ഈടാക്കുന്നതെന്നു പരിശോധിക്കാൻ ചെങ്ങന്നൂർ ആർ.ഡി.ഒ.യുടെ നേതൃത്വത്തിൽ സ്ക്വാഡുകൾ രൂപവത്കരിക്കും. ഹോട്ടലുകളിൽ ശുചിത്വം, ഭക്ഷണത്തിന്റെ ഗുണനിലവാരം എന്നിവ പരിശോധിക്കാൻ സ്ക്വാഡുകൾ നിശ്ചിത ഇടവേളകളിൽ പരിശോധനകൾ നടത്തും. കളക്ടറുടെ നേതൃത്വത്തിലാണ് ഇത് നടപ്പാക്കുക. യോഗത്തിൽ എല്ലാ വകുപ്പുകളുടെയും പ്രവർത്തനങ്ങൾ അവലോകനം നടത്തി.
ജില്ല പോലീസ് സൂപ്രണ്ട് ടി.കെ. വിഷ്ണുപ്രദീപ്, എ.ഡി.എം. സി. പ്രേംജി, ചെങ്ങന്നൂർ ആർ.ഡി.ഒ. ഷീബാ മാത്യു, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.