സമാന്തരപാതകളിലെ തടസ്സംനീക്കാൻ നടപടി വേണം

ആശങ്കകൾ ഒഴിയുന്നില്ല
ഓച്ചിറ : ഓച്ചിറ പരബ്രഹ്മക്ഷേത്രത്തിലെ 28-ാം ഓണ കെട്ടുത്സവത്തിന്റെ സുഗമമായ നടത്തിപ്പിനു തടസ്സമായി നിൽക്കുന്ന, സമാന്തരപാതകളിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ നടപടി വേണം.
വവ്വാക്കാവുമുതൽ കായംകുളം കൃഷ്ണപുരംവരെയുള്ള ദേശീയപാതയോടു ചേർന്നുള്ള സമാന്തരപാതയിൽ ധാരാളം ഡിവൈഡറുകളും കോൺക്രീ റ്റ് പാളികളും മറ്റും സ്ഥാപിച്ചിട്ടുണ്ട്. മിക്കയിടങ്ങളിലും പാത ഇടുങ്ങിയ നിലയിലാണ്. ഇതുമൂലം ഏറെ പൊക്കവും വീതിയുമുള്ള കെട്ടുകാളകൾക്ക് തടസ്സംകൂടാതെ പാതയിലൂടെ കടന്നുവരുക ബുദ്ധിമുട്ടാണ്.
കൃഷ്ണപുരം, അജന്ത ജങ്ഷൻ, ഓച്ചിറ പ്രീമിയർ ജങ്ഷൻ, കൊട്നാട്ട് ജങ്ഷൻ, പള്ളിമുക്ക്, ബ്ലോക്ക് ഓഫീസ് ജങ്ഷൻ, വലിയകുളങ്ങര, ചങ്ങൻകുളങ്ങര, വവ്വാക്കാവ് എന്നീ സ്ഥലങ്ങളിൽ വ്യാപകമായി സ്ഥാപിച്ചിരിക്കുന്ന ഡിവൈഡറുകളും മറ്റും കെട്ടുകാളകളുടെ എഴുന്നള്ളത്തിനു തടസ്സമായി നിൽകുകയാണ്.
ഈ ഭാഗങ്ങളിലെ പാതകൾ യഥാസമയം അറ്റകുറ്റപ്പണികൾ ചെയ്യാത്തതുമൂലം കുഴികൾ നിറഞ്ഞ നിലയിലാണ്. പ്രീമിയർ ജങ്ഷനിലെ അടിപ്പാത, കൊട്നാട്ട് ജങ്ഷൻ, പഴയ ദേശീയപാതയിൽ സപ്ലൈകോ ജങ്ഷൻ, ഓച്ചിറ ടൗൺ, മഹാലക്ഷ്മി ക്ഷേത്രത്തിനു മുൻവശം തുടങ്ങിയ സ്ഥലങ്ങളിലെ പാതകൾ കുണ്ടും കുഴികളും നിറഞ്ഞ നിലയിലാണ്. കെട്ടുകാളകളുടെ ചക്രം കുഴികളിൽ പതിച്ചാൽ അപകടമുണ്ടാകാനുള്ള സാധ്യത ഏറെയാണ്.