മണ്ഡലകാലമായിട്ടും രക്ഷയില്ല; മാർക്കറ്റ് റോഡ് കടന്നുകിട്ടാൻ പെടാപ്പാട്

ചെങ്ങന്നൂർ : തിരക്കേറിയ മാർക്കറ്റ് റോഡിൽ വഴി നടക്കാൻ ഇടമില്ലാതെ കാൽനടയാത്രക്കാർ. മണ്ഡലകാലമായിട്ടും ഈ റോഡിലെ ഗതാഗതക്കുരുക്ക് അഴിയുന്നില്ല. ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനിൽനിന്ന് പുറപ്പെടുന്ന തീർഥാടകരുടെ ബസുകൾ ഈ റോഡിലൂടെയാണ് പമ്പയ്ക്ക് പോകുന്നത്. 24 മണിക്കൂറും ഇടതടവില്ലാതെയാണ് പമ്പയ്ക്കുള്ള ബസുകളും മറ്റുവാഹനങ്ങളും സഞ്ചരിക്കുന്നത്. വൺവേയുണ്ടെങ്കിലും ഫലപ്രദമാകുന്നില്ല. വാഹനങ്ങൾ കടന്നുപോകുമ്പോൾ കാൽനടയാത്രക്കാർ കഷ്ടപ്പെടുകയാണ്. മാർക്കറ്റിലേക്ക് എത്തുന്ന വാഹനങ്ങൾ റോഡിലിട്ട് തിരിക്കുന്നതാണ് മറ്റൊരു പ്രശ്‌നം. ഒട്ടുംവീതിയില്ലാത്ത റോഡിലിട്ട് വാഹനങ്ങൾ തിരിക്കുമ്പോൾ പിന്നാലെയുള്ള വാഹനങ്ങൾക്ക് കടന്നുപോകാൻ കഴിയാതെ കുരുങ്ങും. ആറന്മുളയ്ക്കുള്ള സ്വകാര്യ ബസുകൾ മാർക്കറ്റ് റോഡിൽ നിർത്തി ആളെ കയറ്റുമ്പോഴും ഇതേ പ്രശ്‌നമാണ്. ഇതു കൂടാതെയാണ് കടകളുടെ അനധികൃത ഇറക്കുകൾ. അനധികൃതമായി കടകൾ ഇറക്കരുതെന്ന് നഗരസഭ പലതവണ മുന്നറിയിപ്പു കൊടുത്തിട്ടുള്ളതാണ്. മണ്ഡലക്കാലത്ത് വാഹനങ്ങൾ മാർക്കറ്റ് റോഡിൽ കുരുങ്ങാതെയിരിക്കാൻ കൂടുതൽ പോലീസിനെ നിയോഗിക്കണമെന്നാവശ്യം ശക്തമാണ്. അതേസമയം പുതുതായിപ്പണിയുന്ന മാർക്കറ്റ് പൂർത്തിയായാൽ റോഡരികിലെ വ്യാപാരം മാറ്റാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് നഗരസഭ. അഞ്ചുകോടിയോളം രൂപ ചെലവഴിച്ച് നിർമിക്കുന്ന പുതിയ മാർക്കറ്റിന്റെ നിർമാണം പൂർത്തിയായിട്ടില്ല.