ഉയരപ്പാതയുടെ നിർമാണസ്ഥലത്ത് രണ്ടു ജനറേറ്ററുകൾ കത്തിനശിച്ചു

തുറവൂർ : ഉയരപ്പാതയുടെ നിർമാണസ്ഥലത്ത് രണ്ടു ജനറേറ്ററുകൾ കത്തിനശിച്ചു. ദേശീയപാതയിൽ തുറവൂർ ആലയ്ക്കാപറമ്പിൽ വെള്ളിയാഴ്ച രാത്രി 9.30-നാണ് തീപ്പിടിത്തമുണ്ടായത്. തുറവൂർ-അരൂർ ഉയരപ്പാതയുടെ നീളംകൂട്ടുന്ന ജോലികൾ നടക്കുന്ന ഇടമാണിത്.

രാത്രി ജോലികൾ ഒന്നുംതന്നെയുണ്ടായിരുന്നില്ല. ദേശീയപാതയിലെ വാഹനയാത്രികരാണ് ജനറേറ്ററിൽനിന്ന് തീ ഉയരുന്നത് ആദ്യം കണ്ടത്. എന്താണ് സംഭവിക്കുന്നതെന്നറിയാതെ ആളുകൾ ഓടിയെത്തി. പെട്ടെന്നുതന്നെ തീ തൊട്ടടുത്തു വെച്ചിരുന്ന മറ്റൊരു ജനറേറ്ററിലേക്ക് പടരുകയായിരുന്നു.

വാഹനങ്ങൾ കൂട്ടിയിടിച്ചു കത്തിയതാണെന്ന് ആരോ പറഞ്ഞതോടെ വാഹനങ്ങൾ പാതയിൽ നിർത്തിയത് ഗതാഗത തടസ്സത്തിനു കാരണമായി. നാട്ടുകാർ വിവരമറിയിച്ചതിനെത്തുടർന്ന്, ചേർത്തലയിൽനിന്ന് രണ്ടു യൂണിറ്റും അരൂരിൽനിന്ന് രണ്ടു യൂണിറ്റും അഗ്നിരക്ഷാസേന എത്തിയാണ് തീയണച്ചത്. തീപിടിക്കാനുള്ള കാരണം വ്യക്തമല്ല.