ശബരിമല തീർഥാടനം: തിരക്കേറുമ്പോൾ സമീപ ഡിപ്പോകളിൽനിന്ന് ബസുകൾ വിളിക്കും

വരുംദിവസങ്ങളിൽ കൂടുതൽ സ്പെഷ്യൽ ട്രെയിനുകളെത്തും
ചെങ്ങന്നൂർ : ശബരിമല ദർശനത്തിനു തീർഥാടകത്തിരക്കേറുമ്പോൾ കൂടുതൽ ബസുകൾ ക്രമീകരിക്കാൻ കെ.എസ്.ആർ.ടി.സി. തീരുമാനിച്ചു. അടൂർ, തിരുവല്ല, പന്തളം, മല്ലപ്പള്ളി, ചങ്ങനാശ്ശേരി ഡിപ്പോകളിൽനിന്ന് ബസുകൾ എത്തിക്കാനുള്ള ക്രമീകരണമാണ് നടത്തിയിരിക്കുന്നത്.
വരുംദിവസങ്ങളിൽ കൂടുതൽ സ്പെഷ്യൽ തീവണ്ടികളെത്തും. രാത്രിയിലാണ് കൂടുതൽ തീവണ്ടികളെത്തുന്നത്, ഒരു സ്പെഷ്യൽ ട്രെയിനിൽ 1,000-1,200 യാത്രക്കാരുണ്ടാകും. ഇവർക്കായി 13 ബസുവരെയാണ് കരുതുന്നത്. ഇതുകൂടാതെയാണ് മറ്റു ട്രെയിനുകളിലെത്തുന്ന യാത്രക്കാരും. 180 സ്പെഷ്യൽ ട്രെയിനുകളാണ് മണ്ഡലക്കാലത്ത് ദക്ഷിണ റെയിൽവേ ഓടിക്കുന്നത്. നിലവിൽ സർവീസുകളെല്ലാം നന്നായിട്ടാണ് പോകുന്നത്. ബുധനാഴ്ച വൈകീട്ട് ഏഴുവരെ 62 ട്രിപ്പുകൾ കെ.എസ്.ആർ.ടി.സി. നടത്തി. വരുംദിവസങ്ങളിൽ കൂടുതൽ സ്പെഷ്യൽ ട്രെയിനുകളെത്തും. അതനുസരിച്ച് കെ.എസ്.ആർ.ടി.സി. സർവീസുകളുടെ എണ്ണം ഉയർത്തും. ഇപ്പോൾ ഒരേസമയം മൂന്നുബസാണ് റെയിൽവേ സ്റ്റേഷനുമുന്നിൽ പാർക്ക് ചെയ്യുന്നത്. ഫുൾ സീറ്റാകുന്നതിനനുസരിച്ച് പമ്പയ്ക്കു വിടും.