ഇത് ഡയാലിസിസ് സെന്ററല്ല: മാലിന്യസംഭരണകേന്ദ്രം

മാങ്കാംകുഴി : ഡോക്ടർമാരെയും ടെക്‌നീഷ്യൻമാരെയും നിയമിച്ചില്ല, അനുബന്ധ ഉപകരണങ്ങളും സംവിധാനങ്ങളും ഒരുക്കിയുമില്ല. ഫലമോ ഡയാലിസിസ് സെന്ററിനായി നിർമിച്ച കെട്ടിടത്തിൽ ഹരിതകർമസേനയുടെ അജൈവമാലിന്യസംഭരണ കേന്ദ്രമാണ് പ്രവർത്തിക്കുന്നത്. മാവേലിക്കര ബ്ലോക്ക് പഞ്ചായത്തിനു കീഴിൽ തഴക്കര, തെക്കേക്കര, ചെന്നിത്തല-തൃപ്പെരുന്തുറ, മാവേലിക്കര നഗരസഭ എന്നിവിടങ്ങളിലെ പാവപ്പെട്ട രോഗികൾക്കായി 2010-15 കാലത്താണ് തഴക്കര ഗ്രാമപ്പഞ്ചായത്ത് ഡയാലിസിസ് സെന്റർ കെട്ടിടം പണിതത്.

മുൻ യു.ഡി.എഫ്. സർക്കാർ കൊണ്ടുവന്ന പദ്ധതിക്ക് ലക്ഷങ്ങൾ ചെലവഴിച്ച് കെട്ടിടവും വൈദ്യുതിയും ഫർണിച്ചറും ആയപ്പോഴേക്കും സർക്കാർ മാറി. ഡയാലിസിസ് കേന്ദ്രത്തിനായി തുടർനടപടികളൊന്നും പുതിയസർക്കാർ ചെയ്തില്ല. മാവേലിക്കര ബ്ലോക്ക്പഞ്ചായത്തിന് തഴക്കര അറനൂറ്റിമംഗലത്തുള്ള നാല്പത്തിയെട്ട് സെന്റ് സ്ഥലത്തുള്ള കെട്ടിടത്തിനാണ് ഈ ദുരവസ്ഥ. ബ്ലോക്ക്പഞ്ചായത്തിന്റെ കെടുകാര്യസ്ഥതയാണ് ഇതിനു കാരണമെന്ന് നാട്ടുകാർ ആരോപിക്കുന്നു.

വർഷങ്ങളായി കാടുകയറി നാശത്തിന്റെ വക്കിലായ കെട്ടിടം പ്ലാസ്റ്റിക് മാലിന്യം സംഭരിക്കുന്നതിനായി ഹരിതകർമസേനയ്ക്ക് വാടകയ്ക്കു നൽകണമെന്ന തഴക്കര ഗ്രാമപ്പഞ്ചായത്തിന്റെ ആവശ്യം ബ്ലോക്ക് പഞ്ചായത്ത് അംഗീകരിക്കുകയായിരുന്നു.