കുട്ടികൾക്ക് ഷിഗെല്ല: കുടിവെള്ള സ്രോതസ്സുകളിൽ പരിശോധന

ആലപ്പുഴ : കുട്ടികൾക്ക് ഷിഗെല്ല സ്ഥിരീകരിച്ചതിനുപിന്നാലെ നഗരസഭാ ആരോഗ്യ വിഭാഗം കുടിവെള്ളസ്രോതസ്സുകളുടെ ഗുണനിലവാര പരിശോധന തുടങ്ങി. നഗര പരിധിയിലെ വാട്ടർ കിയോസ്കുകൾ, ആർ.ഒ. പ്ലാന്റുകൾ, സ്കൂളുകളിൽ സ്ഥാപിച്ചിട്ടുള്ള ജലശുദ്ധീകരണ സംവിധാനങ്ങൾ എന്നിവയാണ് പരിശോധിച്ചത്. ന്യൂനതകൾ കണ്ടെത്തിയ സ്ഥാപനങ്ങൾക്ക് പരിഹരിക്കാനായി നോട്ടീസ് നൽകി.

കുടിവെള്ളത്തിന്റെ ഗുണനിലവാരം ഉറപ്പാക്കുന്നതിൽ വീഴ്ച വരുത്തുന്ന സ്ഥാപനങ്ങൾക്കെതിരേ നിയമ നടപടിയുണ്ടാകും. നഗരത്തിലെ എല്ലാ കുടിവെള്ള സ്രോതസ്സുകളും പരിശോധിക്കും. കൂടാതെ, ഹോട്ടലുകളും റസ്റ്ററന്റുകളിലും പരിശോധന കർശനമാക്കും.

കുടിവെള്ളത്തിന്റെ ഗുണനിലവാരത്തിനുപുറമേ, ഹോട്ടൽ ഭക്ഷണത്തിന്റെ വൃത്തിയും പരിശോധിക്കും. നഗരസഭാ പരിധിയിൽ സഹോദരങ്ങളായ രണ്ടുകുട്ടികൾക്കും പുറക്കാട് പരിധിയിൽ ഒരുകുട്ടിക്കുമുൾപ്പെടെ കഴിഞ്ഞദിവസം മൂന്നുപേർക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. പുറക്കാട്ടുള്ള കുട്ടിയും ആലപ്പുഴ നഗരത്തിലെ ചില കടകളിൽനിന്നു വെള്ളം കുടിച്ചിരുന്നു. ഇതാണ് രോഗം പിടിപെടാൻ കാരണമായതെന്നാണ് നിഗമനം. ഈ സാഹചര്യത്തിലാണ് നഗരസഭ നടപടിയുമായി മുന്നോട്ടുപോയിട്ടുള്ളത്. കുടിവെള്ളത്തിന്റെ ഗുണനിലവാരം ഉറപ്പാക്കാത്ത സ്ഥാപനങ്ങൾക്കെതിരേ കർശന നടപടിയെടുക്കുമെന്ന് നഗരസഭാധ്യക്ഷ മോളി ജേക്കബും ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷൻ എ.എം. നൗഫലും അറിയിച്ചു. ഹെൽത്ത് ഓഫീസർ ഇൻ ചാർജ് ബി.എ. ഷാം കുമാർ, സീനിയർ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർമാരായ ശങ്കർ മണി, സജീവ്, പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർമാരായ പി.ഒ. ജൂലി എം.ജെ. ജസീന, ഒ. സാലിൻ, പി.എം. ധനലക്ഷ്മി എന്നിവർ പരിശോധനയ്ക്കു നേതൃത്വം നൽകി.