ചെട്ടികുളങ്ങരയിലെ ആംബുലൻസ് വന്നപാടെ പോയി..!

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റിന്റെ നിലപാട് വിവാദത്തിൽ

ചെട്ടികുളങ്ങര : ഏറെക്കാലത്തെ കാത്തിരിപ്പിനുശേഷം ചെട്ടികുളങ്ങര കുടുംബാരോഗ്യ കേന്ദ്രത്തിനനുവദിച്ച ആംബുലൻസ് വന്ന വേഗത്തിൽത്തന്നെ തിരിച്ചുപോയി. മാന്നാർ സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ഉപയോഗത്തിലിരുന്ന ആംബുലൻസായിരുന്നു എൻ.എച്ച്.എം. ജില്ല പ്രോഗ്രാം മാനേജരുടെ ഉത്തരവു പ്രകാരം ചെട്ടികുളങ്ങര എഫ്.എച്ച്.സി.യിലേക്ക് അനുവദിച്ചത്.

ഞായറാഴ്ച കായംകുളത്ത് നടന്ന ചടങ്ങിൽ മന്ത്രി എം. ലിജുവിൽനിന്ന് ചെട്ടികുളങ്ങര പഞ്ചായത്ത് പ്രസിഡന്റ് ഗീതാലക്ഷ്മി ആംബുലൻസ് ഏറ്റുവാങ്ങി ചെട്ടികുളങ്ങര ആരോഗ്യകേന്ദ്രത്തിൽ എത്തിച്ചു. ആംബുലൻസ് ജീവനക്കാർക്ക് വിശ്രമിക്കാനുള്ള മുറിയുൾപ്പെടെയുള്ള സൗകര്യങ്ങളും പഞ്ചായത്ത് ഒരുക്കി.

എന്നാൽ, മാന്നാറിൽ ഇതിനെതിരേ പ്രതിഷേധമുയർന്നതോടെ തിങ്കളാഴ്ചതന്നെ വാക്കാലുള്ള ഉത്തരവിൽ ആംബുലൻസ് മാന്നാറിലേക്കു മാറ്റി. സംഭവം ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് മന്ത്രി ഇടപെടുകയും തിങ്കളാഴ്ച രാത്രി എട്ടോടെ ആംബുലൻസ് ചെട്ടികുളങ്ങരയിൽ തിരിച്ചെത്തിക്കുകയും ചെയ്തു.

മാന്നാറിൽ വീണ്ടും പ്രതിഷേധം ശക്തമായതോടെ ചൊവ്വാഴ്ച രാവിലെ ആംബുലൻസ് മാന്നാറിലേക്കു കൊണ്ടുപോയി.

രാഷ്ട്രീയവിവാദം കൊഴുക്കുന്നു

:ആംബുലൻസ് വിഷയം ചെട്ടികുളങ്ങരയിൽ രാഷ്ട്രീയവിവാദത്തിനു തിരികൊളുത്തി.

ആംബുലൻസ് വിഷയത്തിൽ മാന്നാർ പഞ്ചായത്തിനനുകൂലമായി സി.പി.എം. നേതാവും മാവേലിക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമായ കെ. മധുസൂദനൻ പരസ്യ നിലപാടെടുത്തതോടെയാണ് വിവാദത്തിനു തുടക്കമിട്ടത്. ബി.ജെ.പി. പഞ്ചായത്തംഗങ്ങൾ പ്രതീകാത്മക ‘രോഗി’യുമായി പഞ്ചായത്തിലെത്തി പ്രതിഷേധിച്ചു.

ആംബുലൻസ് വിഷയം കോൺഗ്രസ്-സി.പി.എം. നാടകമാണെന്ന് അവർ ആരോപിച്ചു. പഞ്ചായത്തംഗങ്ങളായ മഞ്ജു അനിൽ, രാജേഷ് ഉണ്ണിച്ചേത്ത്, ശ്രീകല, സഞ്ജു, അനിതാദേവി, ചന്ദ്രലേഖ, ശ്രീലേഖ, അനുജാ രാജേഷ് എന്നിവർ സമരത്തിനു നേതൃത്വം നൽകി.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റിന്റെ നിലപാടിൽ ചെട്ടികുളങ്ങരയിലെ സി.പി.എമ്മിലും പ്രതിഷേധമുണ്ട്.