കേരളോത്സവത്തിന് വേദിയായി പമ്പാകോളേജ് നേതൃത്വമേകിയത് പൂർവ വിദ്യാർഥികളായ ജനപ്രതിനിധികൾ

മാന്നാർ : പഠിച്ചിറങ്ങിയ കലാലയ മുറ്റം കേരളോത്സവത്തിനു വേദിയായപ്പോൾ നേതൃത്വമേകിയത് ജനപ്രതിനിധികളായ അഞ്ചംഗ പൂർവ വിദ്യാർഥി സംഘം. പരുമല ഡി.ബി. പമ്പാകോളേജിൽ നടന്ന കടപ്ര പഞ്ചായത്ത് കേരളോത്സവത്തിലാണ് പമ്പാ കോളോജ് പൂർവ വിദ്യാർഥികളായ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ലിജി ആർ. പണിക്കർ, ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശിവദാസ് യു. പണിക്കർ, ഗ്രാമപ്പഞ്ചായത്ത് അംഗങ്ങളായ പി. രാജേശ്വരി, കോമളൻ തങ്കപ്പൻ, മുകേഷ് എം. മോഹൻ എന്നിവരുൾപ്പെട്ട സംഘം നേതൃത്വമേകിയത്.

വ്യത്യസ്ത കാലഘട്ടങ്ങളിൽ പരുമല പമ്പാ കോളേജിൽ പഠനം പൂർത്തിയാക്കിയ ഇവർ പിന്നീട് പൊതുപ്രവർത്തനത്തിന്റെ വഴികളിലൂടെ സഞ്ചരിച്ച് ജനപ്രതിനിധികളായി മാറുകയായിരുന്നു. ത്രിതല പഞ്ചായത്ത് സംവിധാനത്തിന്റെ വിവിധ തലങ്ങളിൽ പല കാലങ്ങളിലായി ഭരണസാരഥ്യം വഹിക്കാനും നാടിന്റെ വികസന-സാമൂഹിക പ്രവർത്തനങ്ങളിൽ പങ്കാളികളാകാനും ഇവർക്ക് അവസരം ലഭിച്ചിട്ടുണ്ട്. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ലിജി ആർ. പണിക്കർ മുൻ പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്തംഗവും ഗ്രാമപ്പഞ്ചായത്ത് അംഗം പി. രാജേശ്വരി മുൻ കടപ്ര ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റും ആയിരുന്നു.

അഞ്ചംഗ സംഘത്തിലെ രാജേശ്വരി സി.പി.എം. പ്രതിനിധിയും മറ്റുള്ളവർ കോൺഗ്രസ് പ്രതിനിധികളുമാണ്. വിദ്യാർഥി ജീവിതത്തിൽ തങ്ങളുടെ സ്വപ്നങ്ങൾക്കും സൗഹൃദങ്ങൾക്കും സാക്ഷിയായ കലാലയത്തിൽ സ്വന്തം ഗ്രാമപ്പഞ്ചായത്തിന്റെ കേരളോത്സവം വിജയകരമായി സംഘടിപ്പിച്ചതിന്റെ അഭിമാനത്തിലാണ് അഞ്ചംഗ പൂർവ വിദ്യാർഥി സംഘം.

 പരുമല പമ്പാ കോളേജിൽ നടന്ന കടപ്ര ഗ്രാമപ്പഞ്ചായത്ത് കേരളോത്സവത്തിനു നേതൃത്വം നൽകിയ പമ്പാ കോളേജ് പൂർവ വിദ്യാർഥികളായ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ലിജി ആർ. പണിക്കർ, ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശിവദാസ് യു. പണിക്കർ, ഗ്രാമപ്പഞ്ചായത്ത് അംഗങ്ങളായ പി. രാജേശ്വരി, കോമളൻ തങ്കപ്പൻ, മുകേഷ് എം. മോഹൻ എന്നിവർ