ഇന്റർലോക്കിങ് റെയിൽവേ ഗേറ്റ് വരുന്നു

മഞ്ഞാടിയിൽ നാട്ടുകാരുടെ ദുരിതത്തിന് അറുതിയാകും

മാവേലിക്കര : നഗരസഭാ പരിധിയിലെ മഞ്ഞാടി ലെവൽക്രോസിൽ ഇന്റർലോക്കിങ്, സിഗ്നൽ സംവിധാനമുള്ള റെയിൽവേ ഗേറ്റ് സ്ഥാപിക്കാൻ നടപടിയായി. പുതിയ ഗേറ്റിനായി മഞ്ഞാടിയിലേക്കുള്ള റോഡിന്റെ വടക്ക് മണ്ണിട്ടുയർത്തുന്ന ജോലികൾ പൂർത്തിയായി. ഡിസംബറോടെ മഞ്ഞാടി റെയിൽവേ ഗേറ്റ് ഇന്റർലോക്കിങ് സംവിധാനത്തിലേക്കു മാറുമെന്നാണ് റെയിൽവേ അധികൃതർ ഉറപ്പുനൽകുന്നത്.

നൂറോളം കുടുംബങ്ങളുടെ ഏകയാത്രാമാർഗമായ മഞ്ഞാടി റെയിൽവേ ഗേറ്റ് റെയിൽവേ അധികൃതർ അടച്ചിട്ട് പത്തുമാസം പിന്നിട്ടു. ഇതിനിടെ അപൂർവമായി ചിലതവണ തുറന്നിട്ടുണ്ട്. എന്നാൽ, ഗേറ്റിൽ യാത്രക്കാർ വാഹനങ്ങളുമായെത്തുമ്പോഴെല്ലാം ഗേറ്റ് തുറക്കാറുണ്ടെന്നാണ് റെയിൽവേ രേഖകളിലുള്ളത്.

കൊല്ലത്തിനും കോട്ടയത്തിനുമിടയിലുള്ള റെയിൽവേ ഗേറ്റുകളിൽ മഞ്ഞാടിക്കുമാത്രം പ്രത്യേകതയുണ്ട്. റെയിൽവേയുടെ ഭാഷയിൽ പറഞ്ഞാൽ നോൺ ഇന്റർലോക്കിങ് ഗേറ്റ്. മറ്റു ഗേറ്റുകളിൽ ലിഫ്റ്റ് ബാരിയർ താഴ്‌ത്തി പൂട്ടു വീണാൽമാത്രമേ ട്രെയിനിനു പോകാൻ സിഗ്നൽ ലഭിക്കൂ. മഞ്ഞാടിയിൽ ട്രെയിൻ വരാറാകുമ്പോൾ മാവേലിക്കരയിലെ സ്റ്റേഷൻ മാസ്റ്റർ ഗേറ്റ് കീപ്പർക്ക് സന്ദേശം നൽകും.

ഗേറ്റടച്ചശേഷം ഗേറ്റ് കീപ്പർ മറുസന്ദേശം നൽകുന്നതോടെ ട്രെയിനിനു പോകാനുള്ള സിഗ്നൽ നൽകും. ഇതിനിടെ പത്തുമാസം മുൻപ്‌ തമിഴ്‌നാട്ടിൽ സമാനമായ ഗേറ്റിൽ ട്രെയിൻ സ്കൂൾ വാനിലിടിച്ച് അപകടമുണ്ടായതോടെയാണ് മുൻകരുതലെന്നോണം റെയിൽവേ അധികൃതർ മഞ്ഞാടി ഗേറ്റ് സ്ഥിരമായി അടച്ചത്.

ട്രെയിനില്ലാത്ത സമയത്ത് മഞ്ഞാടി ഗേറ്റിൽ വാഹനങ്ങളെത്തിയാൽ ഗേറ്റ് കീപ്പർ മാവേലിക്കരയിലെ സ്റ്റേഷൻമാസ്റ്ററെ വിളിച്ച് ഓപ്പൺ നമ്പർ എന്ന രഹസ്യകോഡ് വാങ്ങി ഗേറ്റ് തുറക്കണമെന്നാണ് ചട്ടം. ഇങ്ങനെ ചെയ്യുന്നതായി റെയിൽവേ രേഖകളിലുമുണ്ട്. പക്ഷേ, അപൂർവം അവസരങ്ങളിലൊഴികെ ഗേറ്റ് തുറക്കാറില്ലെന്ന് നാട്ടുകാർ പറയുന്നു.

സ്ഥിരമായി റെയിൽവേ ഗേറ്റ് അടച്ചിരിക്കുന്നതിനാൽ മഞ്ഞാടി നിവാസികൾക്കുണ്ടാകുന്ന ബുദ്ധിമുട്ട് മാതൃഭൂമി വാർത്തയാക്കിയിരുന്നു. ഈ വാർത്തയുടെ പകർപ്പ് സഹിതം കൊടിക്കുന്നിൽ സുരേഷ് എം.പി. ദക്ഷിണ റെയിൽവേ തിരുവനന്തപുരം ഡിവിഷണൽ മാനേജർക്ക് കത്തുനൽകിയതോടെയാണ് മഞ്ഞാടി ലെവൽക്രോസിൽ ഇന്റർലോക്കിങ്, സിഗ്നൽ സംവിധാനമുള്ള ഗേറ്റ് സ്ഥാപിക്കാൻ നടപടിയായത്.