കുറ്റിക്കുരുമുളക് ചെടിയിൽ കീട-രോഗ ബാധ: അറിയാം നിയന്ത്രണ-പ്രതിരോധ നടപടികൾ

#സുരേഷ്‌ മുതുകുളം
പ്രതീകാത്മക ചിത്രം | Photo: Getty Images
പ്രതീകാത്മക ചിത്രം | Photo: Getty Images

കുറ്റിക്കുരുമുളകിനും ഇതരവിളകളുടെ കാര്യത്തിലെന്നതുപോലെ കീട-രോഗ ബാധയ്ക്ക് ജൈവഘടകങ്ങളും അജൈവഘടകങ്ങളും ഒരുപോലെ സ്വാധീനം ചെലുത്താറുണ്ട്. അതനുസരിച്ചുവേണം നിയന്ത്രണ-പ്രതിരോധ നടപടികൾ സ്വീകരിക്കാൻ. വർഷത്തിൽ രണ്ടുതവണ കായ്‌പിടിക്കുന്ന കുറ്റിക്കുരുമുളക് ശരിയായി വളംചേർത്ത് കൃത്യമായ രോഗപ്രതിരോധ മാർഗങ്ങൾ സ്വീകരിച്ചാലേ മെച്ചപ്പെടൂ.

തൈനടുമ്പോൾ നടീൽമിശ്രിതം മുഴുവനായി ചട്ടിയിൽ നിറയ്ക്കാൻപാടില്ല. മുക്കാൽഭാഗംമാത്രമേ നിറയ്ക്കാവൂ. നിറയ്ക്കുന്ന മണ്ണ് വെയിൽകൊള്ളിച്ചതായാൽ നന്ന്. മണ്ണിന്റെ പുളിരസം മാറ്റാൻ ഒരുപിടി കുമ്മായം ചേർത്തിളക്കി ഒരു മാസം വെച്ചിട്ട് ഉപയോഗിക്കണം.

ഉണങ്ങിയ ജൈവവളം (കാലിവളം, കോഴിവളം, മണ്ണിര കമ്പോസ്റ്റ്, ആട്ടിൻകാഷ്ഠം), മേൽമണ്ണ് അഥവാ മണൽ ഒരേ അനുപാതത്തിൽ ചേർത്തുവേണം ചട്ടിയിൽ നിറയ്ക്കാൻ. കുറ്റിക്കുരുമുളക് ചെടികൾ ഏകദേശം 10 കിലോ പോട്ടിങ് മിശ്രിതംനിറച്ച ചട്ടിയിലാണ് നടേണ്ടത്. നട്ടുകഴിഞ്ഞ്‌ പുതയിട്ട്‌ ദിവസം രണ്ടുനേരം നനയ്ക്കണം. രണ്ടാഴ്ച തണലിൽവെക്കണം.

രണ്ടുമാസത്തിലൊരിക്കൽ ചട്ടിയിലുള്ള ചെടികൾക്ക് രണ്ടു ഗ്രാം യൂറിയ, മൂന്നു ഗ്രാം രാജ്ഫോസ്, മൂന്നു ഗ്രാം പൊട്ടാഷ് എന്നിവ കൂട്ടിക്കലർത്തി നൽകാം. രാസവളത്തിനുപകരം 15 ഗ്രാം കടലപ്പിണ്ണാക്കോ, 33 ഗ്രാം വേപ്പിൻപിണ്ണാക്കോ ചേർത്തുകൊടുക്കാം. ചട്ടി ഒന്നിന് മൂന്നുദിവസത്തിലൊരിക്കൽ 3.5 ലിറ്റർ വെള്ളം എന്നതോതിൽ നനയ്ക്കണം.

സ്യൂഡോമോണസ് ലായനിയോ, പിജിപിആർ മിക്സ്-2 എന്ന ലായനിയോ രോഗം വരാതിരിക്കാൻ ഓരോ ആഴ്ച ഇടവിട്ട് തളിക്കാം. രോഗലക്ഷണം കണ്ടാൽ രോഗബാധയേറ്റ ഭാഗങ്ങൾ നീക്കി ബോർഡോ മിശ്രിതം ഒരു ശതമാനമോ, അല്ലെങ്കിൽ കോപ്പർ ഓക്സി ക്ലോറൈഡ് 2-3 ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ എന്നതോതിൽ ചുവട്ടിൽ ഒഴിച്ചും തളിച്ചും കൊടുക്കാം. 

Content Highlights: pest & disease control methods for your pepper plants