എന്താണ് ഇ.പി.എന്‍. കഡാവര്‍; പ്രവര്‍ത്തനം എങ്ങനെ ?

നിമറ്റോഡ് ബാധിച്ച ഗലേറിയ കഡാവര്‍
നിമറ്റോഡ് ബാധിച്ച ഗലേറിയ കഡാവര്‍

.പി.എന്‍. എന്നാല്‍, എന്റ്റമോപത്തോജെനിക് എന്നര്‍ഥം. അതായത് കീടങ്ങളില്‍ രോഗം വരുത്താന്‍ കഴിവുള്ളത് എന്നാണ്. ഈ പ്രത്യേക കഴിവുള്ള നിമാവിരകളെയാണ് ഇ.പി.എന്‍. നിമറ്റോഡ് (ഇ.പി.എന്‍. നിമാവിര) എന്ന് വിശേഷിപ്പിക്കുന്നത്. സാധാരണ നിമാവിരകള്‍ വിളകളെ നശിപ്പിക്കുമ്പോള്‍ ഈ വിഭാഗത്തില്‍പ്പെട്ട നിമാവിരകള്‍ക്ക് ഉപദ്രവകാരിയായ കീടത്തിന്റെ ഉള്ളില്‍ കടന്ന് അവയെ നശിപ്പിക്കാനുള്ള കഴിവുണ്ട്. മണ്ണിലും അല്ലാതെയും കഴിഞ്ഞുകൂടി വിളകളെ നശിപ്പിക്കുന്ന വേരുതീനിപ്പുഴുക്കള്‍ ഉള്‍പ്പെടെ ഒട്ടേറെ കീടങ്ങളെ നിയന്ത്രിക്കാന്‍ പ്രകൃതിസൗഹൃദമായ കീടനിയന്ത്രണോപാധി കൂടിയാണിത്. വാഴയുടെ പ്രധാന കീടങ്ങളായ മാണവണ്ട്, വേരുതീനിപ്പുഴു എന്നിവയെ നിയന്ത്രിക്കാന്‍ ഇതുകൊണ്ട് കഴിയും.

സ്റ്റീനെര്‍നിമാറ്റിഡ്, ഹെറ്ററോറാബ്ഡിറ്റ് എന്നീ രണ്ട് നിമാവിരകള്‍ക്കാണ് ഈ പ്രത്യേക കഴിവുള്ളത്. ഇവയെ ഗ്രേറ്റര്‍ വാക്‌സ് മോത് എന്ന മെഴുകുപുഴുവിന്റെ പുഴുക്കളില്‍ കുത്തിവെച്ച് വന്‍തോതില്‍ പ്രത്യേകം വളര്‍ത്തിയെടുക്കും. രണ്ട്-മൂന്ന് ദിവസം കഴിയുമ്പോള്‍ ഇത്തരത്തില്‍ കുത്തിവച്ചു ചത്ത പുഴുക്കളെ പ്രത്യേകം ശേഖരിക്കും. ഇവയെയാണ് പിന്നീട് കൃഷിയിടങ്ങളില്‍ കീടനിയന്ത്രണത്തിനായി ഉപയോഗിക്കുന്നത്. ഇവയ്ക്കുള്ളിലെ നിമാവിരകള്‍ക്ക് ആഴ്ചകള്‍ മുതല്‍ മാസങ്ങളോളം മണ്ണില്‍ത്തന്നെ കഴിഞ്ഞ് വിവിധതരം കീടങ്ങളെ ഫലപ്രദമായി നശിപ്പിക്കാന്‍ സാധിക്കും.

24 മുതല്‍ 48 മണിക്കൂറിനുള്ളില്‍ കീടങ്ങളെയും അവയുടെ ആതിഥേയപ്രാണികളെയും കണ്ടെത്തി നശിപ്പിക്കാനുള്ള പ്രത്യേകകഴിവും ഇവയ്ക്കുണ്ട്. ഇതുപയോഗിക്കുമ്പോള്‍ മറ്റൊരു കീടനാശിനിയുടെയും ആവശ്യമില്ല. മറ്റു പാര്‍ശ്വദോഷങ്ങളില്ല. പരിസ്ഥിതിസൗഹൃദവുമാണ്. ഇവയെ ആവശ്യാനുസരണം ചെടിയുടെ വേരുപടലത്തിനടുത്തോ കീടബാധയ്ക്കു സാധ്യതയുള്ള സ്ഥലത്തോ െവക്കുന്നു. ഈര്‍പ്പത്തിന്റെ സാന്നിധ്യത്തില്‍ കീടങ്ങളെ അവയുടെ ശരീരത്തില്‍നിന്ന് പുറപ്പെടുന്ന കാര്‍ബണ്‍ ഡൈ ഓക്‌സൈഡിന്റെ ഗന്ധം പിടിച്ചു തേടിപ്പിടിച്ചു നശിപ്പിക്കും. അത്രത്തോളം കൃത്യവും സൂക്ഷ്മവും ആണ് ഇവയുടെ പ്രവര്‍ത്തനം. കേരളകാര്‍ഷിക സര്‍വകലാശാലയുടെ ഈ കണ്ടെത്തല്‍ ഏലത്തിന്റെ വേരുതീനിപ്പുഴു, കശുമാവിന്റെ തടതുരപ്പന്‍, തെങ്ങിന്റെ ചെമ്പന്‍ചെല്ലി, കരിമ്പിന്റെ വേരുതീനിപ്പുഴു, വാഴയുടെ തടതുരപ്പന്‍, മാണവണ്ട് തുടങ്ങി പ്രധാനവിളകളുടെ ഒട്ടേറെ കീടങ്ങളെ നിയന്ത്രിക്കാന്‍ സഹായിക്കും.

ഇ.പി.എന്‍. അടങ്ങിയ മെഴുകുപുഴുവിന്റെ കഡാവറുകള്‍ കേരളകാര്‍ഷിക സര്‍വകലാശാലയുടെ കണ്ണാറ വാഴ ഗവേഷണ കേന്ദ്രം, കൊല്ലം കൃഷി വിജ്ഞാനകേന്ദ്രം എന്നിവിടങ്ങളില്‍ ലഭിക്കും. ഒരു കഡാവറിന്റെ വില 1.50 രൂപ.

തയ്യാറാക്കിയത്: സുരേഷ് മുതുകുളം
 

Content Highlights: Entomopathogenic nematode ENP, Effective and Eco-Friendly Pest Control