ശരീരം ഫിറ്റ്, വിളകൾ ഹിറ്റ്; ഭൂമി പാട്ടത്തിനെടുത്ത് കൃഷി, ഒരു ഭാഗത്ത് ഷട്ടിൽ കളി

കാഞ്ഞിരപ്പള്ളി: ഫിറ്റ്‌നസിന് ഷട്ടിൽ കളിക്കാം. എന്നാൽ ഷട്ടിൽ പിടിക്കുന്ന കൈകളിൽ തൂമ്പ വഴങ്ങുമോ. വഴങ്ങുമെന്ന് തെളിയിക്കുകയാണ് കത്തലാങ്കൽപ്പടിയിലെ സുഹൃദ് സംഘം. പ്രഭാതത്തിൽ ഒരു പാതി കോർട്ടിലും മറുപാതി പറമ്പിലും ആയതോടെ ശരീരം ഫിറ്റ്. വിളകൾ ഹിറ്റ്. വിവിധ മേഖലകളിൽ ജോലിചെയ്യുന്ന അയൽവാസികളായ എട്ട് സുഹൃത്തുക്കൾ രാവിലെ ഷട്ടിൽ കളിക്കൊപ്പം പത്തുവർഷം മുൻപാണ് കൃഷിയും ചെയ്തുതുടങ്ങിയത്. 60 സെന്റ് സ്ഥലം പാട്ടത്തിനെടുത്ത ഇവർ ബാഡ്മിന്റൺ കോർട്ട് നിർമിച്ചശേഷം ബാക്കിയുള്ള സ്ഥലത്ത് കൃഷിയും ആരംഭിച്ചു. കപ്പ, ചേന, വഴുതന, കോവൽ എന്നിവ നട്ടു. ദിവസവും ജോലിക്ക് പോകുംമുൻപ് രാവിലെ ആറ് മുതൽ 7.30 വരെ പറമ്പിൽ കൃഷിപ്പണി, ഷട്ടിൽ ബാഡ്മിന്റൺ കളി.
മുടങ്ങാതെ 10 വർഷമായി തുടരുകയാണ് കൃഷിയും കളിയും. പൂർണമായും ജൈവകൃഷിയാണ്. വിളഞ്ഞ 1100 മൂട് കപ്പയുടെ വിളവെടുപ്പ് കഴിഞ്ഞ ദിവസം തുടങ്ങി. ശനിയാഴ്ച 250 മൂട് കപ്പ വിളവെടുത്തു ഇൻഫാമിന് നൽകി. ഓട്ടോഡ്രൈവർമാരായ ഇലവുങ്കൽപറമ്പിൽ തോമസുകുട്ടി, വടക്കേടത്ത് വി.എസ്. രാജപ്പൻനായർ, കേബിൾ ടി.വി. ഓപ്പറേറ്റർ നടുവിലാത്ത് എൻ.സി. രാജീവ്, മെഡിക്കൽ റെപ്രസെന്റേറ്റീവ് കാട്ടൂപ്പറമ്പിൽ കെ.എസ്. ജയരാജ്, സുലഭ സൂപ്പർ മാർക്കറ്റ് മാനേജർ ഗണപതിപ്ലാക്കൽ ഡയസ് സെബാസ്റ്റ്യൻ, സേവന ടെയ്‌ലേഴ്‌സ് ഉടമ മേലേതിൽ രാജേഷ് സേവന, തയ്യൽ മെഷീൻ മെക്കാനിക്ക് കുടിലംപ്ലാക്കൽ അനിൽകുമാർ, ബിസിനസുകാരനായ ജോബി ഇളംതോട്ടം എന്നിവരാണ് കൂട്ടായ്മയിലുള്ളവർ. കളിയും കൃഷിയും തുടരാനാണ് തീരുമാനം.
Content Highlights: Eight friends in Kanjirappally balance shuttlecock with organic farming. Renting 60 cents, they cultivate tapioca, yam, and more, staying fit and productive.