72 വർഷം പഴക്കമുള്ള നിയമം പൊളിച്ചെഴുതും, പുതിയ വിത്ത് നിയമം ഉടൻ- കേന്ദ്ര കൃഷി മന്ത്രി

ശിവരാജ് സിങ് ചൗഹാൻ | Photo: PTI
ശിവരാജ് സിങ് ചൗഹാൻ | Photo: PTI

ന്യൂഡൽഹി: കർഷകർക്ക് ഉയർന്ന ഗുണമേന്മയുള്ള വിത്തുകൾ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനായി കേന്ദ്ര സർക്കാർ ഉടൻ പുതിയൊരു വിത്ത് നിയമം അവതരിപ്പിക്കുമെന്ന് കേന്ദ്ര കൃഷി മന്ത്രി ശിവരാജ് സിങ് ചൗഹാൻ. വ്യാജ വിത്തുകൾക്കും കീടനാശിനികൾക്കും എതിരെ സർക്കാർ കർശന നടപടി സ്വീകരിക്കുന്നുണ്ടെന്നും കർഷകരെ സംരക്ഷിക്കാൻ കർശനമായ നിയമനിർമ്മാണം കൊണ്ടുവരുമെന്നും മന്ത്രി പറഞ്ഞു. കർഷക ഉത്പാദക സംഘടനകളുടെ (എഫ്‌പിഒ) ദേശീയ സമ്മേളനത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

വിത്തിന്റെ ഗുണനിലവാരം നിയന്ത്രിക്കുന്നതിനുള്ള കർശന വ്യവസ്ഥകളോടുകൂടിയ നിയമനിർമ്മാണം അടുത്ത വർഷം ആദ്യം പാർലമെന്റ് ബജറ്റ് സമ്മേളനത്തിൽ അവതരിപ്പിക്കാൻ സർക്കാർ പദ്ധതിയിടുന്നതായി മന്ത്രി വ്യക്തമാക്കി. കർഷക സമൂഹത്തിന് ഗുണമേന്മയുള്ള ഉപാധികൾ ഉറപ്പാക്കുകയാണ് ഭേദഗതികൾ ലക്ഷ്യമിടുന്നത്. നിലവാരമില്ലാത്ത വിത്തുകളുടെ വിൽപ്പനയും വിതരണവും പരിശോധിക്കുന്നതിന് നിയമത്തിൽ കർശനമായ വ്യവസ്ഥകൾ ഉണ്ടാകും. ജനിതകമാറ്റം വരുത്തിയ വിത്തുകൾ അനുവദനീയമല്ലെന്നും മികച്ച ഇനങ്ങൾ വികസിപ്പിക്കുന്നതിനുള്ള ഗവേഷണങ്ങൾ നടന്നുവരികയാണെന്നും അദ്ദേഹം പറഞ്ഞു.

വിത്ത് നിയമത്തിലെ ഭേദഗഗതികൾ സജീവമായി പുരോഗമിക്കുന്നുണ്ടെങ്കിലും ഇതുവരെ ഔദ്യോഗികമായി നിയമമായി പ്രാബല്യത്തിൽ വന്നിട്ടില്ല. വിത്തിന്റെ ഗുണനിലവാരം ഉറപ്പാക്കുന്നതിനും നിലവാരമില്ലാത്ത വിത്തുകളുടെ വിൽപ്പന തടയുന്നതിനും നിർബന്ധിത ട്രേസബിലിറ്റി, സർട്ടിഫിക്കേഷൻ, ഗുണനിലവാര നിയന്ത്രണ വ്യവസ്ഥകൾ എന്നിവ അവതരിപ്പിക്കുന്നതിലാണ് സർക്കാർ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

കർഷകർക്ക് അവരുടെ ഉൽപ്പന്നങ്ങൾക്ക് പലപ്പോഴും ന്യായമായ വില ലഭിക്കുന്നില്ലെന്നും എന്നാൽ ഉപഭോക്താക്കൾ കൂടുതൽ പണം നൽകുന്നുണ്ടെന്നും ഈ അന്തരം കുറയ്ക്കണമെന്നും മന്ത്രി പറഞ്ഞു. കർഷകരെ ഉത്പാദകരിൽ നിന്ന് സംരംഭകരും വ്യാപാരികളുമാക്കി മാറ്റണം. കർഷകർ ഉത്പാദകർ മാത്രമായി ഒതുങ്ങരുത്, മറിച്ച് കൃഷിയിലൂടെ സംരംഭകരാകണം. സംസ്കരണവും മൂല്യവർദ്ധനവും അവരുടെ വരുമാനം വർദ്ധിപ്പിക്കും. കർഷകരുടെ പ്രയോജനത്തിനായി സംയോജിത കൃഷിയിലാണ് നമ്മുടെ ശ്രദ്ധ. ധാന്യങ്ങളെ മാത്രം ആശ്രയിക്കുന്നത് മതിയാവില്ല. കർഷകരുടെ വരുമാനം വർദ്ധിപ്പിക്കുന്നതിന് അനുബന്ധ പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കണം. അദ്ദേഹം പറഞ്ഞു.

രാജ്യത്ത് വിൽക്കുന്ന വിത്തുകളുടെ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിനും കർഷകരുടെ അവകാശം സംരക്ഷിക്കുന്നതിനും നിലവിലുള്ളത് 1966-ലെ വിത്ത് നിയമമാണ്. മേഖലയിലെ പുതിയ പ്രശ്നങ്ങളും സംഭവവികാസങ്ങളും പരിഹരിക്കുന്നതിനായി 1966-ലെ വിത്ത് നിയമത്തിൽ ഭേദഗതികൾ വരുത്തണമെന്ന ആവശ്യം ശക്തമായിരുന്നു. 2004-ൽ യുപിഎ സർക്കാർ അവതരിപ്പിച്ച രണ്ട് വിത്ത് ബില്ലുകളും, 2019-ൽ നരേന്ദ്ര മോദി സർക്കാർ പ്രസിദ്ധീകരിച്ച കരട് വിത്ത് ബില്ലും കർഷക സംഘടനകളുടെ എതിർപ്പിനെ തുടർന്ന് പിൻവലിക്കേണ്ടി വന്നിരുന്നു.

Content Highlights: India`s Agriculture Minister announces a new Seeds Act to guarantee high-quality seeds for farmers, combatting counterfeit products and boosting agricultural income.