കാക്കിയുടെ കരുതൽ; പോലീസുകാർ ചേറിലിറങ്ങി പാട്ടുപാടി ഞാറുനട്ടു

ചെറുവത്തൂർ(കാസര്‍കോട്) : പോലീസുകാർ കർഷകർക്കൊപ്പം ചേറിലിറങ്ങി ഞാറ്റുവേല പാട്ടുപാടി ഞാറുനട്ടു. കൊടക്കാട് പാടശേഖരത്തിലാണ് വ്യാഴാഴ്ച രാവിലെ പോലീസുകാർ കാക്കിമാറ്റി പാടത്തിറങ്ങിയത്.
ജൂലായ് 10-ന് കൊടക്കാട് ബാങ്ക് ഓഡിറ്റോറിയത്തിൽ നടക്കുന്ന കേരള പോലീസ് അസോസിയേഷൻ ജില്ലാസമ്മേളനത്തിന്റെ മുന്നോടിയായിട്ടാണ് കർഷകർക്കൊപ്പം ഒരുദിനം ‘ഞാറ്റുവേല’സംഘടിപ്പിച്ചത്. നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മാധവൻ മണിയറ ഉദ്ഘാടനം ചെയ്തു. കെ.പി.എ. ജില്ലാ ഖജാൻജി പി.വി. സുധീഷ് അധ്യക്ഷനായി. ചീമേനി ഇൻസ്പെക്ടർ കെ. സലിം, പിലിക്കോട് ഗ്രാമപ്പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ കെ.വി. വിജയൻ, പോലീസ് ഓഫീസേഴ്‌സ് അസോസിയേഷൻ ജില്ലാ ജോയിന്റ് സെക്രട്ടറി കെ.പി.വി. രാജീവൻ, പി. രാഘവൻ എന്നിവർ സംസാരിച്ചു.
രവീന്ദ്രൻ കൊടക്കാട് നിലമൊരുക്കി നൽകി. സിവിൽ പോലീസ് ഓഫീസറും യുവകർഷകനുമായ ഹരീഷ് കോളംകുളം, ദിലീഷ് പള്ളിക്കൽ, സംഘാടകസമിതി ചെയർമാർ കെ.വി. രാജേഷ്, ടി. സുജിത്ത് എന്നിവർ നേതൃത്വം നൽകി. പോലീസുകാർക്കൊപ്പം കർഷകരും കുടംബശ്രീപ്രവർത്തകരും പാടത്തിറങ്ങി. നെൽക്കൃഷി പരിപാലിച്ച് വിളവെടുത്തശേഷം നിർധനകുടുംബങ്ങൾക്ക് വിതരണം ചെയ്യാനാണ് സംഘാടകസമിതി തീരുമാനം.
Content Highlights: policemen in farming