ഡേറ്റാ ബാങ്കിൽനിന്ന് ഭൂമിമാറ്റൽ; ഇനി നിരീക്ഷണ സമിതി ശുപാര്‍ശ വേണ്ട

#ജോബ്‌ ജോൺ
പ്രതീകാത്മക ചിത്രം | Mathrubhumi archives
പ്രതീകാത്മക ചിത്രം | Mathrubhumi archives

ആലത്തൂര്‍(പാലക്കാട്): നെല്‍ക്കൃഷി ചെയ്യുന്നതെന്ന് ഡേറ്റാ ബാങ്കില്‍ തെറ്റായി ഭൂമി ഉള്‍പ്പെട്ടത് മാറ്റുന്നതിന് ഇനി പ്രാദേശിക നിരീക്ഷണസമിതിയുടെ ശുപാര്‍ശ ആവശ്യമില്ല. ഇതിനായി ഫോറം അഞ്ചില്‍ നല്‍കുന്ന അപേക്ഷകളില്‍ ആര്‍.ഡി.ഒ.ക്ക് തീരുമാനമെടുക്കാന്‍ കൃഷി ഓഫീസര്‍ നല്‍കുന്ന റിപ്പോര്‍ട്ട് മതിയാകുമെന്ന് പുതിയ നിര്‍ദേശം.

നിരീക്ഷണസമിതിയുടെ ശുപാര്‍ശപ്രകാരമാണ് കൃഷി ഓഫീസര്‍ നേരത്തേ റിപ്പോര്‍ട്ട് നല്‍കിയിരുന്നത്. ഇനി മുതല്‍ സമിതിയുടെ ശുപാര്‍ശ ഇല്ലാതെത്തന്നെ റിപ്പോര്‍ട്ട് നല്‍കാം. മാര്‍ച്ച് 23ന് റവന്യു വകുപ്പ് അഡീഷണല്‍ സെക്രട്ടറി പുറപ്പെടുവിച്ച സര്‍ക്കുലറിലാണ് ഇക്കാര്യത്തില്‍ വ്യക്തത വരുത്തിയത്.

2008-നു മുമ്പ് നെല്‍ക്കൃഷി നിര്‍ത്തി തരിശിടുകയോ, മറ്റാവശ്യങ്ങള്‍ക്കായി പരിവര്‍ത്തനം ചെയ്യുകയോചെയ്ത ഭൂമി ഡേറ്റാ ബാങ്കില്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ അതില്‍നിന്ന് മാറ്റുന്നതിനാണ് ഫോറം അഞ്ചില്‍ അപേക്ഷ നല്‍കുന്നത്. പ്രാദേശിക നിരീക്ഷണസമിതിയില്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ്, കൃഷി ഓഫീസര്‍, വില്ലേജ് ഓഫീസര്‍, മൂന്ന് കര്‍ഷകപ്രതിനിധികള്‍ എന്നിവരാണ് അംഗങ്ങള്‍.

ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ്, കൃഷി ഓഫീസര്‍, വില്ലേജ് ഓഫീസര്‍ എന്നിവര്‍ക്ക് ഔദ്യോഗികതിരക്കുകള്‍ ഉള്ളതിനാല്‍ സമിതിയോഗങ്ങള്‍ മുടങ്ങി, തീരുമാനമെടുക്കാന്‍ വൈകുന്നത് പതിവാണെന്ന് പരാതി ഉയര്‍ന്നിരുന്നു. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്നതുപോലുള്ള സാഹചര്യങ്ങളില്‍ യോഗം ചേരാനുംകഴിയില്ല.

സമിതി തീരുമാനമെടുക്കുന്നതില്‍ വരുന്ന കാലതാമസം ഒഴിവാക്കാനാണ് ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം സര്‍ക്കുലര്‍ പുറപ്പെടുവിപ്പിക്കാന്‍ തീരുമാനിച്ചതെന്നാണ് ഔദ്യോഗിക വിശദീകരണം.സമിതിയിലെ മൂന്നു കര്‍ഷകപ്രതിനിധികള്‍ കൃഷിഭവന്‍ പരിധിയിലെ രാഷ്ട്രീയ കക്ഷികളുടെ പ്രതിനിധികളായിരിക്കും. യഥാര്‍ഥ കര്‍ഷകര്‍ പ്രതിനിധികളായി വരാറില്ല. രാഷ്ട്രീയതാത്പര്യങ്ങളും ഇടനിലക്കാരുടെ ഇടപെടലും സമിതി അംഗങ്ങളെ സ്വാധീനിക്കാറുണ്ട്.

Content Highlights: data bank corrections; no need of monitoring committee recommendation