ഉത്പാദനം കുറഞ്ഞു, വൻ ഡിമാൻഡും; തേയില വില മുന്നോട്ട്

കൊച്ചി: പുതുവർഷത്തിൽ തേയിലയ്ക്ക് ഡിമാൻഡ്. 2026-ൽ കൊച്ചിയിൽ നടന്ന രണ്ട് ലേലങ്ങളിൽ വിദേശ വിപണിയിൽ നിന്നടക്കം അന്വേഷണങ്ങൾ കൂടി. സിടിസി (ക്രഷ്, ടിയർ, കേൾ) ഡസ്റ്റ് വിഭാഗത്തിലെ (പൊടിത്തേയില) ആദ്യ ലേലത്തിൽ 99 ശതമാനവും വിറ്റു. കേരളത്തിലെ വ്യാപാരികളും ഇതരസംസ്ഥാന വ്യാപാരികളും ശക്തമായി എത്തിയതും മേഖലയ്ക്ക് ഗുണം ചെയ്തു. ഓർത്തഡോക്സ് ഇലത്തേയിലയുടെ ആദ്യ ലേലത്തിൽ 92 ശതമാനവും വിറ്റു. രണ്ടാമത്തെ ലേലത്തിൽ രണ്ടുവിഭാഗത്തിലും 96 ശതമാനം വീതം വിറ്റുപോയി.
മൊത്തം വിൽപ്പനയിൽ സിടിസി തേയില കിലോയ്ക്ക് 183 രൂപയിലായിരുന്നു വ്യാപാരം. രണ്ടാഴ്ചകൊണ്ട് 10 രൂപയോളമാണ് വില ഉയർന്നത്. വിറ്റുപോയ സിടിസി തേയിലയുടെ 66 ശതമാനവും വാങ്ങിയത് ബ്ലെൻഡർമാരാണ്. ഓർത്തഡോക്സ് ഇലത്തേയില 180 രൂപയിലായിരുന്നു വ്യാപാരം. മൊത്തം വിൽപ്പനയിൽ ശരാശരി 2-4 രൂപ വരെ ഉയർന്നിട്ടുമുണ്ട്. എല്ലാ വിപണികളിൽനിന്നും ആവശ്യം ഉയരത്തിലാണ്.
ഉത്പാദനത്തിലെ കുറവാണ് വില ഉയർത്തുന്നത്. കഠിനമായ മഞ്ഞുവീഴ്ചയാണ് ഉത്പാദനത്തെ ബാധിച്ചത്. കഴിഞ്ഞ ഒരുമാസത്തിൽ പൊടിത്തേയിലയുടെ വില കിലോയ്ക്ക് 30 മുതൽ 50 രൂപ വരെ ഉയർന്നു. ഓരോ ആഴ്ചയിലും അഞ്ച് മുതൽ 10 രൂപ വരെ ഉയരുന്ന സ്ഥിതിയാണ് വിപണിയിലെന്ന് ടീ ബയേഴ്സ് അസോസിയേഷൻ കൊച്ചി പ്രസിഡന്റ് എം.കെ. അജിത്ത് അറിയിച്ചു.
ലേലത്തിൽ എത്തുന്ന തേയിലയുടെ അളവ് 20 ശതമാനത്തോളം കുറഞ്ഞിട്ടുണ്ട്. പല ഉത്പാദകരും കനത്ത നഷ്ടമാണ് രേഖപ്പെടുത്തിരിക്കുന്നത്. നിലവിലെ സ്ഥിതി തുടർന്നാൽ വരുംദിവസങ്ങളിൽ തേയില ലഭ്യത കുറയുന്നതോടെ വില വീണ്ടും ഉയരും.
തണുപ്പുമാറി നല്ലൊരു മഴ ലഭിച്ചാൽ മാത്രമേ, വീണ്ടും തേയിലയുടെ ഉത്പാദനം ഉയരുകയുള്ളൂവെന്ന് കൊച്ചിയിൽ തേയിലലേലം നടത്തുന്ന ഫോർബ്സ്, ഈവാർട്ട് ആൻഡ് ഫിഗിസ് കമ്പനി അറിയിച്ചു.
ഇന്ത്യൻ തേയിലയുടെ ഗുണമേന്മയാണ് വിദേശ വിപണിയിൽ ഡിമാൻഡ് ഉയർത്തുന്നത്. ശൈത്യം കാരണം ഇന്ത്യയിലെ പല വിപണികളിലും തേയിലവരവ് കുറഞ്ഞിട്ടുണ്ട്. അതിനാൽ, കേരളത്തിൽ തേയില അന്വേഷണം ഉയർന്ന നിലയിലാണ്. പല കമ്പനികളും ശേഖരം ഉയർത്താനുള്ള തയ്യാറെടുപ്പിലാണ്.
അന്താരാഷ്ട്ര പ്രതിസന്ധിയിലുള്ള ആശങ്കകളും വിപണിയിൽ നിലനിൽക്കുന്നുണ്ട്. ഇറാനാണ് ഓർത്തഡോക്സ് തേയിലയുടെ പ്രധാന ആവശ്യക്കാർ. ഇറാൻ പ്രക്ഷോഭം കയറ്റുമതിയെ ബാധിക്കുമോ എന്ന ആശങ്കയിലാണ് കയറ്റുമതിക്കാർ.
Content Highlights: Kochi tea auctions see high demand from overseas and domestic buyers. Production dip due to harsh winter is driving price increases. Learn more about the market trends.