സംസ്ഥാനത്ത് കൂണ്‍കൃഷി വ്യാപിപ്പിക്കും; കൂണ്‍ഗ്രാമം പദ്ധതിയുമായി ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്‍

#ശ്വേത മേലത്ത്
പ്രതീകാത്മക ചിത്രം | ഫോട്ടോ: ജെ.ഫിലിപ്പ്/ മാതൃഭൂമി
പ്രതീകാത്മക ചിത്രം | ഫോട്ടോ: ജെ.ഫിലിപ്പ്/ മാതൃഭൂമി

നീലേശ്വരം: സംസ്ഥാനത്ത് കൂണ്‍കൃഷി വ്യാപിപ്പിക്കാനൊരുങ്ങി സംസ്ഥാന ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്‍. സംസ്ഥാനത്തെ 20 ബ്ലോക്കുകളില്‍ ആദ്യഘട്ടത്തില്‍ പദ്ധതി വ്യാപിപ്പിക്കും. നെടുമങ്ങാട്, ചേളന്നൂര്‍, തൂണേരി, അഞ്ചല്‍, കൊട്ടാരക്കര, റാന്നി, ചേര്‍ത്തല, ചെങ്ങന്നൂര്‍, തൊടുപുഴ, കടുത്തുരുത്തി, പറവൂര്‍, ആലുവ, ഒല്ലൂര്‍ക്കര, മതിലകം, തൃത്താല, പരപ്പനങ്ങാടി, മാനന്തവാടി, തലശ്ശേരി, പേരാവൂര്‍, പരപ്പ എന്നീ ബ്ലോക്കുകളാണ് കൂണ്‍ഗ്രാമമായി തിരഞ്ഞെടുത്തത്. ജില്ലാ ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്‍ മുഖേനയാണ് പദ്ധതി നടപ്പാക്കുക.

കൂണ്‍കൃഷിക്കുള്ള സാധ്യതയനുസരിച്ച് ഓരോ ജില്ലകളിലും വിവിധ തലങ്ങളിലായോ സമഗ്രമായോ കൂണ്‍ഗ്രാമങ്ങള്‍ രൂപവത്കരിക്കാനാണ് ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്‍ ലക്ഷ്യമിടുന്നത്.

തിരഞ്ഞെടുക്കപ്പെട്ട ഗുണഭോക്താക്കള്‍ക്ക് ആവശ്യമായ പരിശീലനം കാര്‍ഷിക സര്‍വകലാശാല, കൃഷിവിജ്ഞാന കേന്ദ്രങ്ങള്‍, സമേതി, പരിചയസമ്പന്നരായ കൂണ്‍കര്‍ഷകര്‍ മുഖേന, ഇതിനകം എല്ലാ ജില്ലകളിലും നല്‍കിയിട്ടുണ്ട്. പദ്ധതിക്കായി ഒരു ബ്ലോക്കില്‍ 30.25 ലക്ഷം രൂപയാണ് ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്‍ നീക്കിവെച്ചത്. 20 ബ്ലോക്കുകളില്‍ നിന്നായി 2100-ഓളം അപേക്ഷകള്‍ പദ്ധതിക്കായി ലഭ്യമായിട്ടുണ്ട്.

രാഷ്ട്രീയ കൃഷി വികാസ് യോജനയിലൂടെ 2022-23 വര്‍ഷത്തില്‍ പദ്ധതിക്ക് തുടക്കമിട്ടെങ്കിലും 2024-25 സാമ്പത്തികവര്‍ഷത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത്. കഠിനമായ അധ്വാനമോ കൂടുതല്‍ പരിചരണമോ വേണ്ടാത്ത കൂണ്‍കൃഷി കര്‍ഷകള്‍ക്ക് ആയാസം കുറഞ്ഞ ഒന്നാണ്. കുറഞ്ഞ സ്ഥലത്ത് കൃഷിചെയ്യാം, മലിനീകരണപ്രശ്‌നമില്ല, ദുര്‍ഗന്ധമില്ല എന്നിവയും കൂണ്‍കൃഷി വ്യാപിക്കാനുള്ള കാരണങ്ങളാണ്.

കൂടാതെ കൂണ്‍കൃഷി ചെയ്യാനുള്ള ഷെഡ്, താപനില, ഈര്‍പ്പം, വായുസഞ്ചാരം, ലൈറ്റ് എന്നിവ കൂണ്‍കൃഷിയുടെ വിജയത്തിന് അനിവാര്യമാണ്.

കൂണ്‍ഗ്രാമം

നൂറ് ചെറുകിട കൂണ്‍ ഉത്പാദന യൂണിറ്റുകളും രണ്ട് വന്‍കിട കൂണ്‍ ഉത്പാദന യൂണിറ്റുകളും ഒരു കൂണ്‍ വിത്തുത്പാദന യൂണിറ്റും മൂന്ന് കൂണ്‍ സംസ്‌കരണ യൂണിറ്റുകളും രണ്ട് പായ്ക്ക് ഹൗസുകളും 10 കമ്പോസ്റ്റ് ഉത്പാദന യൂണിറ്റുകളും ചേര്‍ന്നതാണ് ഒരു സമഗ്ര കൂണ്‍ഗ്രാമം. 100 കൂണ്‍ഗ്രാമങ്ങള്‍ സ്ഥാപിക്കാനാണ് പദ്ധതി ലക്ഷ്യമിടുന്നത്.

Content Highlights: Kerala`s Horticulture Mission expands mushroom cultivation across 20 blocks