കുഞ്ഞു കർഷകന്റെ വലിയ സ്വപ്നം; ആദിത്യന് വീട് നിർമ്മിച്ചു നൽകുമെന്ന് മന്ത്രി

#ന്യൂസ് ഡെസ്ക്
ആദിത്യനെ മന്ത്രി എടുത്തുയർത്തുന്നു
ആദിത്യനെ മന്ത്രി എടുത്തുയർത്തുന്നു

കളമശ്ശേരി: ഈ വർഷത്തെ മികച്ച വിദ്യാർത്ഥി കർഷകനുള്ള സംസ്ഥാനതല പുരസ്‌കാരം നേടിയ ചേർത്തല സ്വദേശി ആദിത്യന് കൃഷിവകുപ്പിന്റെ നേതൃത്വത്തിൽ വീടുനിർമ്മിച്ചുനൽകുമെന്ന് കൃഷിവകുപ്പ് മന്ത്രി ടി. സിദ്ധിഖ്. കളമശ്ശേരി ആഷിസ് കൺവെൻഷൻ സെന്ററിൽ നടന്ന സംസ്ഥാനതല കർഷക ദിനാഘോഷ ചടങ്ങിൽ അധ്യക്ഷത നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. കാർഷിക കേരളത്തിന്റെ പുതിയ പ്രതീക്ഷകളാണ് വിദ്യാർഥികളെന്നും അവാർഡ് ജേതാവായ ആദിത്യൻ അതിന്റെ മികച്ച പ്രതിനിധിയാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

നാളത്തെ കൃഷിക്ക് ഇന്നത്തെ കുട്ടികളിലൂടെ അടിത്തറയിടുക എന്ന കാഴ്ചപ്പാടോടെ പൊതുവിദ്യാഭ്യാസ വകുപ്പുമായി സഹകരിച്ച് സംസ്ഥാനത്തെ 2,500 സ്കൂളുകളിൽ 'കതിർ' കാർഷിക ക്ലബ്ബുകൾ നടപ്പാക്കും. ലോകഭക്ഷ്യദിനമായ ഒക്ടോബർ 16-ന് തുടക്കമിടുന്ന ഈ പദ്ധതിയുടെ ബ്രാൻഡ് അംബാസിഡർ നടൻ മോഹൻലാലാണ്. അതോടൊപ്പം, 2,921 വിദ്യാലയങ്ങളിലെ 'കനിപ്പന്തൽ' പദ്ധതിയിലൂടെ കുട്ടികളെ ഫലവൃക്ഷകൃഷിയോടും പ്രകൃതിയോടും കൂടുതൽ അടുപ്പിക്കാൻ ലക്ഷ്യമിടുന്നു. കുട്ടികളെ കൃഷിയിലേക്ക് നയിക്കുന്നതിലൂടെ ലഹരി ഉൾപ്പെടെയുള്ള ദുഷ്പ്രവണതകളിൽനിന്ന് അവരെ അകറ്റി ക്രിയാത്മക പ്രവർത്തനങ്ങളിലേക്ക് തിരിച്ചുവിടുക എന്ന സാമൂഹിക ലക്ഷ്യവും ഇതിനുണ്ടെന്ന് മന്ത്രി വ്യക്തമാക്കി.

ചേർത്തല അരീപ്പറമ്പ് ഹയർസെക്കൻഡറി സ്കൂളിലെ ആറാം ക്ലാസ് വിദ്യാർഥിയും അജയൻ-സജിത ദമ്പതികളുടെ ഒറ്റമകനുമാണ് ആദിത്യൻ. സ്വന്തമായി വീടില്ലാതെ ഒറ്റമുറിയിൽ താമസിക്കുന്ന ആദിത്യൻ 44 സെന്റ് സ്ഥലത്ത് നെൽകൃഷിയും 20 സെന്റ് പാട്ടഭൂമിയിൽ പച്ചക്കറി, അലങ്കാര മത്സ്യകൃഷി, ആട്, കോഴി, താറാവ്, പശു വളർത്തൽ എന്നിവയും വിജയകരമായി നടത്തുന്നുണ്ട്.

മാതാപിതാക്കളിൽനിന്ന് കൃഷിയുടെ ബാലപാഠങ്ങൾ പഠിച്ച ഈ കൊച്ചുകർഷകൻ ഇതിനോടകം നിരവധി പുരസ്കാരങ്ങൾ നേടി അരീപ്പറമ്പ് എന്ന ഗ്രാമത്തിന് അഭിമാനമായിമാറി. ഭാവിയിൽ കാർഷിക രംഗത്ത് ഉന്നത ബിരുദം നേടി വലിയൊരു കർഷകനാകുകയാണ് തന്റെ ലക്ഷ്യമെന്ന് ആദിത്യൻ പറഞ്ഞു.

Content Highlights: Agriculture Minister T. Siddique announced a new house for state best student farmer Adithyan., Government is launching 'Kathir' agricultural clubs in 2,500 schools starting October 16 with actor Mohanlal as brand ambassador., The 'Kanipanthal' initiative will be implemented in 2,921 schools to promote fruit cultivation among students., Adithyan, a 6th-grade student from Cherthala, successfully manages paddy, vegetable, fish, and livestock farming.