കാർഷികോത്പന്നങ്ങളിൽ നിന്ന് മൂല്യവർദ്ധിത ഉൽപ്പന്നങ്ങൾ; 10 ലക്ഷം മുതൽ 3 കോടി വരെ ധനസഹായവുമായി സർക്കാർ

കാർഷികോത്പന്നങ്ങളുടെ സംസ്കരണവും മൂല്യവർധനയും ഉൾപ്പെടെയുള്ള ഭക്ഷ്യവ്യവസായസംരംഭങ്ങൾ തുടങ്ങുന്നവർക്കു സഹായകരമായ പല പദ്ധതികളുണ്ട്. ഓൺലൈനായി അപേക്ഷിച്ച് കേന്ദ്ര, സംസ്ഥാന സർക്കാരുകൾ നടപ്പാക്കുന്ന ഈ പദ്ധതികളുടെ ആനുകൂല്യങ്ങൾ നേടിയെടുക്കാം
സംസ്ഥാന പദ്ധതികൾ
01- സംരംഭക സഹായ പദ്ധതി
ഉത്പാദനമേഖലയിലെ സൂക്ഷ്മ ചെറുകിട ഇടത്തരം വ്യവസായ സംരംഭങ്ങൾക്ക് മൂന്നു തലങ്ങളിൽ സാമ്പത്തികസഹായം ലഭ്യമാക്കുന്ന പദ്ധതിയാണിത്. സ്റ്റാർട്ടപ്പ് സപ്പോർട്ടായി, സ്ഥിര മൂലധന വായ്പയെടുത്ത് (Term Loan) തുടങ്ങുന്ന സംരംഭങ്ങൾക്ക്, വായ്പ്പയുടെ 50 ശതമാനം, മൂന്ന് ലക്ഷം രൂപയിൽ പരിമിതപ്പെടുത്തി മുൻകൂർ സഹായമായി നൽകുന്നു. കൂടാതെ നിക്ഷേപസഹായമായി പൊതുവിഭാഗത്തിന് 30 ലക്ഷം രൂപയിൽ പരിമിതപ്പെടുത്തി 15 ശതമാനവും, യുവസംരംഭകർ (18-45), വനിതകൾ, പട്ടികജാതി-പട്ടികവർഗത്തിപ്പെട്ടവർ, പ്രവാസി മലയാളികൾ എന്നിവരുൾപ്പെടുന്ന മുൻഗണനാവിഭാഗത്തിന് 40 ലക്ഷം രൂപയിൽ പരിമിതപ്പെടുത്തി 25 ശതമാനവും സഹായമായി ലഭിക്കും. പിന്നാക്ക ജില്ലകളിലെ സംരംഭങ്ങൾക്കും മുൻഗണനാ വിഭാഗത്തിൽപ്പെടുന്ന വ്യവസായങ്ങൾക്കും 10 ലക്ഷം രൂപയിൽ പരിമിതപ്പെടുത്തി 10 ശതമാനം അധിക സഹായധനവും നൽകുന്നുണ്ട്. ഇതിനൊക്കെ പുറമേ സർക്കാർ അംഗീകൃത സ്ഥാപനങ്ങളിൽനിന്നും സാങ്കേതികവിദ്യ കരസ്ഥമാക്കിയിട്ടുള്ള സംരംഭങ്ങൾക്ക് 10 ലക്ഷം രൂപയിൽ പരിമിതപ്പെടുത്തി, സ്ഥിര മൂലധന നിക്ഷേപത്തിന്റെ 10 ശതമാനം അധിക സഹായധനം കിട്ടുന്നതാണ്.
02- മാർജിൻ മണി
10 ലക്ഷം രൂപവരെ മുതൽമുടക്കുള്ള, ഉത്പാദനമേഖലയിൽ മൂല്യവർധിത സേവനങ്ങൾ നൽകുന്ന നാനോ യൂണിറ്റുകൾക്ക് സഹായം ലഭിക്കും. സ്വന്തം മുതൽമുടക്ക് 30 ശതമാനവും ബാങ്കുവായ്പ 40 ശതമാനവും എന്ന മാനദണ്ഡപ്രകാരം 30 ശതമാനമാണ് പൊതുവിഭാഗത്തിന് സബ്സിഡിയായി ലഭിക്കുക. യുവസംരംഭകർ (പ്രായപരിധി 40 വയസ്സ്), വനിതകൾ, ഭിന്നശേഷിക്കാർ, പട്ടികജാതി- വർഗത്തിപ്പെട്ടവർ, വിമുക്ത ഭടൻമാർ എന്നിവരെ മുൻഗണനാവിഭാഗമായാണ് പരിഗണിച്ചിരിക്കുന്നത്. സ്വന്തം മുതൽമുടക്ക് 20 ശതമാനവും ബാങ്കുവായ്പ 40 ശതമാനവും എന്ന മാനദണ്ഡപ്രകാരം 40 ശതമാനമാണ് ഈ വിഭാഗത്തിൽപ്പെട്ട സംരംഭകർക്ക് സബ്സിഡിയായി ലഭിക്കുക.
03- ഒരു കുടുംബം ഒരു സംരംഭം
ബാങ്ക്‌വായ്പ എടുത്ത് ആരംഭിക്കുന്ന സംരംഭങ്ങൾക്ക് പലിശസഹായം നൽകുന്ന പദ്ധതിയാണിത്. ഇതുപ്രകാരം പുതിയ ഉത്പാദന, സേവന, വ്യാപാര സംരംഭങ്ങൾക്ക് 10 ലക്ഷംവരെയുള്ള സംരംഭകത്വ വായ്‌പത്തുകയ്ക്ക് അഞ്ചുവർഷത്തേക്ക് ആറ് ശതമാനംവരെ പലിശയിളവ് കിട്ടുന്നതാണ്. 2022 ഏപ്രിൽ ഒന്നിനോ അതിനുശേഷമോ ഉത്പാദനം ആരംഭിച്ച സൂക്ഷ്മ-ചെറുകിട-ഇടത്തരം വ്യവസായ സംരംഭങ്ങൾക്ക് ഈ പദ്ധതിക്ക് അർഹതയുണ്ട്.
04 -എം.എസ്.എം.ഇ. ഇൻഷുറൻസ്
ഇതുപ്രകാരം 2023 ഏപ്രിൽ ഒന്നിനുശേഷം ഇൻഷുർ ചെയ്ത ഉത്പാദന, സേവന, വ്യാപാര-സംരംഭങ്ങൾക്ക് വാർഷിക പ്രീമിയത്തിന്റെ 50 ശതമാനം തുക, 5000 രൂപയിൽ പരിമിതപ്പെടുത്തി സബ്സിഡിയായി നൽകും. ഇതുവരെ ഇൻഷുർ ചെയ്യാത്ത സംരംഭങ്ങൾക്ക് msmeinsurance.industry.kerala.gov.in/ എന്ന പോർട്ടലിലൂടെ ഇൻഷുർ ചെയ്യാനുള്ള സൗകര്യവുമുണ്ട്.
പി.എം.എഫ്.എം.ഇ.: പ്രധാൻമന്ത്രി ഫോർമലൈസേഷൻ ഓഫ് മൈക്രോ ഫുഡ് പ്രോസസിങ് എന്റർപ്രൈസസ് (പി.എം.എഫ്.എം.ഇ.) ഭക്ഷ്യസംസ്കരണ മേഖലയിലെ ചെറുകിട സംരംഭകർക്ക് സാമ്പത്തികസഹായം നൽകാൻ നടപ്പാക്കുന്ന പദ്ധതിയാണിത്. ഇന്ത്യയൊട്ടാകെ രണ്ടു ലക്ഷത്തോളം സംരംഭകർ ഇതിന്റെ ഉപഭോക്താക്കളാണ്. പുതിയ സംരംഭങ്ങൾക്കും നിലവിലുള്ളത് വിപുലീകരിക്കാനും സഹായം ലഭിക്കും. സൂക്ഷ്മ ഭക്ഷ്യ സംസ്കരണ യൂണിറ്റുകൾക്ക്, ഒരു യൂണിറ്റിന് പരമാവധി 10 ലക്ഷം രൂപ പരിധിയിൽ സ്ഥിരമൂലധന നിക്ഷേപത്തിന്റെ 35 ശതമാനം ക്രെഡിറ്റ്-ലിങ്ക്ഡ് കാപിറ്റൽ സബ്‌സിഡി ലഭിക്കും. എഫ്.പി.ഒ.കൾ, സ്വാശ്രയസംഘങ്ങൾ, സഹകരണസ്ഥാപനങ്ങൾ തുടങ്ങിയവയ്ക്ക്, അടിസ്ഥാനസൗകര്യങ്ങൾ സജ്ജമാക്കുന്നതിനായി പദ്ധതിവിഹിതത്തിന്റെ 35 ശതമാനം, പരമാവധി മൂന്നുകോടി രൂപയാണ് സഹായമായി കിട്ടുക. പദ്ധതി നടപ്പാക്കുന്നത്, ഈ വർഷം സെപ്റ്റംബർവരെ നീട്ടിയിട്ടുണ്ട്. വിവരങ്ങൾക്ക്: pmfme.mofpi.gov.in
പ്രധാനമന്ത്രിയുടെ തൊഴിൽദായക പദ്ധതി: പ്രൈം മിനിസ്റ്റേഴ്സ് എപ്ലോയ്‌മെന്റ് ജനറേഷൻ പ്രോഗ്രാം (പി.എം.ഇ.ജി.പി.) തൊഴിലും ഉത്പാദനവും പരിപോഷിപ്പിക്കാൻ ലക്ഷ്യമിട്ടുള്ളതാണ്. പദ്ധതിപ്രകാരം ഉത്പാദനമേഖലയിലെ സംരംഭങ്ങൾക്ക് 50 ലക്ഷംവരെയുള്ള പദ്ധതി ചെലവിനു മേൽ സബ്‌സിഡി നൽകുന്നു. 10 ലക്ഷം രൂപയിൽ കൂടുതൽ പദ്ധതിച്ചെലവുള്ള സംരംഭങ്ങൾക്ക് സംരംഭകൻ എട്ടാംക്ലാസ് പാസായിരിക്കണമെന്ന നിബന്ധനയുണ്ട്.
സ്വന്തം മുതൽമുടക്ക് 10 ശതമാനവും ബാങ്കുവായ്പ 90 ശതമാനവും എന്ന മാനദണ്ഡപ്രകാരം പൊതുവിഭാഗത്തിൽപ്പെട്ടവർക്ക്, നഗരപ്രദേശങ്ങളിലെ സംരംഭങ്ങൾക്ക് 15 ശതമാനവും ഗ്രാമങ്ങളിലുള്ളവയ്ക്ക് 25 ശതമാനവും സബ്സിഡിയായി ലഭിക്കും.
വനിതകൾ, ഭിന്നശേഷിക്കാർ, പട്ടികജാതി-വർഗത്തിലും മറ്റു പിന്നാക്ക ജാതികളിലും (ഒ.ബി.സി.) പെട്ടവർ, ന്യൂനപക്ഷ വിഭാഗം, വിമുക്ത ഭടന്മാർ എന്നിവരുൾപ്പെടുന്ന മുൻഗണനാ വിഭാഗത്തിൽപ്പെട്ടവർക്ക് സ്വന്തം മുതൽമുടക്ക് അഞ്ച് ശതമാനവും ബാങ്കുവായ്പ 95 ശതമാനവും എന്ന മാനദണ്ഡപ്രകാരം നഗരപ്രദേശങ്ങളിലെ സംരംഭങ്ങൾക്ക് 25 ശതമാനവും ഗ്രാമങ്ങളിലുള്ളവയ്ക്ക് 35 ശതമാനവും സബ്‌സിഡി കിട്ടുന്നതാണ്. വിവരങ്ങൾക്ക്: pmegp.msme.gov.in
സംസ്ഥാന വ്യവസായ വകുപ്പ് നടപ്പാക്കുന്ന പദ്ധതികളിൽ ഭാഗഭാക്കാവാൻ schemes.industry.kerala.gov.in വഴി അപേക്ഷിക്കാം. സംരംഭകരുടെ സംശയങ്ങൾ ദൂരീകരിക്കാൻ 1800 890 1030 എന്ന ടോൾ ഫ്രീ നമ്പറിൽ എല്ലാ പ്രവൃത്തി ദിവസങ്ങളിലും (രാവിലെ എട്ടുമുതൽ രാത്രി എട്ടുവരെ) താലൂക്ക് വ്യവസായ ഓഫീസുകളിൽ സംരംഭകർക്കുള്ള ഫെസിലിറ്റേഷൻ സെന്ററുകളും പ്രവർത്തിക്കുന്നുണ്ട്.
Content Highlights: Government subsidy schemes for MSMEs and food processing units in Kerala.