നെല്ലിന്റെ താങ്ങുവില സംസ്ഥാനത്ത് ഉടൻ കൂടാനിടയില്ല

#കെ. രംഗനാഥ്കൃഷ്ണ
പ്രതീകാത്മക ചിത്രം| ഫോട്ടോ: mathrubhumi archives
പ്രതീകാത്മക ചിത്രം| ഫോട്ടോ: mathrubhumi archives

കുട്ടനാട്: നെല്ലിന്റെ താങ്ങുവില കിലോയ്ക്ക് 1.17 രൂപ കേന്ദ്രം കൂട്ടിയെങ്കിലും ആനുപാതികവര്‍ധന കേരളത്തില്‍ നടപ്പാകുമോയെന്നു സംശയം. ഇക്കാര്യം സംസ്ഥാനത്തിന്റെ സാമ്പത്തികസ്ഥിതി കണക്കിലെടുത്ത് ചര്‍ച്ചയിലൂടെ തീരുമാനിക്കുമെന്ന് ഭക്ഷ്യ-സിവില്‍ സപ്ലൈസ് മന്ത്രി ജി.ആര്‍. അനില്‍ 'മാതൃഭൂമി'യോടു പറഞ്ഞു.

കേന്ദ്രം വര്‍ധിപ്പിച്ചതോടെ 21.83 രൂപയായിരുന്ന താങ്ങുവില 23 ആയി. ആനുപാതികമായി സംസ്ഥാനത്ത് വില കൂട്ടാറില്ല. കേരളത്തിലേ സംസ്ഥാനവിഹിതം നല്‍കുന്നുള്ളൂവെന്നാണ് സര്‍ക്കാര്‍ നിലപാട്.

2019-ല്‍ 18.15 രൂപയായിരുന്ന കേന്ദ്രവിഹിതം അഞ്ചുവര്‍ഷത്തിനിടെ 4.85 രൂപയാണ് കൂടിയത്. അതേസമയം 2019-ല്‍ 8.80 രൂപയായിരുന്ന സംസ്ഥാനവിഹിതം 2.43 രൂപ കുറഞ്ഞ് 6.37 രൂപയായി.

കയറ്റിറക്കുകൂലിയായി കേന്ദ്രം നല്‍കുന്നത് കിലോയ്ക്ക് 12 പൈസയാണ്. ഇതുകൂടി ചേര്‍ത്ത് ഒരു കിലോ നെല്ലിന് കര്‍ഷകനു കിട്ടുന്നത് 28.32 രൂപയും.

കേന്ദ്രത്തില്‍ നോക്കിയല്ല തീരുമാനം

കേന്ദ്രം വില കൂട്ടുന്നതോ കുറയ്ക്കുന്നതോ സംസ്ഥാനം നോക്കാറില്ല. കര്‍ഷകര്‍ക്കു കേന്ദ്രം നല്‍കിയാലും ഇല്ലെങ്കിലും മാന്യമായവില സംസ്ഥാനം ഉറപ്പാക്കും. സംസ്ഥാനം ഇപ്പോള്‍ത്തന്നെ നെല്‍ക്കര്‍ഷകര്‍ക്കു മാന്യമായ വിലയാണു നല്‍കുന്നത്. നിലവിലെ 28.20 രൂപ മറ്റെങ്ങുമില്ലാത്ത വിലയാണ്. സംസ്ഥാന ഭക്ഷ്യവകുപ്പുമന്ത്രി ജി.ആര്‍. അനില്‍ പറഞ്ഞു.

2019 -ലെ കേന്ദ്ര -സംസ്ഥാനവിഹിത താരതമ്യം

  • കേന്ദ്രവിഹിതം -18.15 രൂപ
  • സംസ്ഥാനവിഹിതം -8.80 രൂപ
  • ആകെ -26.95 രൂപ

പ്രഖ്യാപനപ്രകാരം കര്‍ഷകര്‍ക്കു കിട്ടേണ്ടത്

  •  കയറ്റിറക്കുകൂലി (കേന്ദ്രം) -0.12 രൂപ
  • കേന്ദ്രം ഇനി നല്‍കേണ്ടത് -23 (താങ്ങുവില) + 0.12 = 23.12 രൂപ
  • സംസ്ഥാന വിഹിതം -9.52 രൂപ
  • കര്‍ഷകര്‍ക്കു കിട്ടേണ്ടത് - 32.64 രൂപ
  • കിട്ടുന്നത് -28.32 രൂപ
  • കുറവ് -4.32 രൂപ

Content Highlights: kerala farmers might not benefited with msp price hike soon