മണ്ണറിഞ്ഞ് കൃഷിചെയ്യാൻ ഡിജിറ്റൽ വിപ്ലവം; മണ്ണിൻ്റെ ഫലഭൂയിഷ്ഠത അറിയാൻ ഡിജിറ്റൽ സോയിൽ ടെസ്റ്റുകൾ

തിരുവനന്തപുരം: കേരളത്തിലെ കാർഷിക മേഖലയിൽ വിപ്ലവകരമായ മാറ്റങ്ങൾ ലക്ഷ്യമിട്ട് എല്ലാ കർഷകരുടെയും മണ്ണ് ഡിജിറ്റലായി പരിശോധിക്കാനുള്ള സമഗ്ര പദ്ധതിയുമായി കൃഷിവകുപ്പ് മുന്നോട്ട് പോകുമെന്ന് കൃഷി മന്ത്രി ടി.സിദ്ദിഖ്. കൃഷിയുടെ ഏറ്റവും പ്രധാന ഘടകമായ മണ്ണിന്റെ ഫലഭൂയിഷ്ഠത കൃത്യമായി മനസ്സിലാക്കുന്നതിനായി സംസ്ഥാനത്തെ എല്ലാ ലാബുകളെയും ഡിജിറ്റലായി ബന്ധിപ്പിക്കുമെന്നും കർഷകന്റെ ഭൂമിയിലെ മണ്ണിന്റെ ഗുണനിലവാരം ശാസ്ത്രീയമായി വിശകലനം ചെയ്യുന്നതിലൂടെ ഓരോ വിളയ്ക്കും ആവശ്യമായ വളവും പരിചരണവും ഉറപ്പാക്കാൻ സാധിക്കുമെന്നാണ് സർക്കാർ പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രകൃതിക്ഷോഭങ്ങൾ കൃഷിഭൂമിയിലുണ്ടാക്കുന്ന ആഘാതങ്ങൾ പരിഹരിക്കുക എന്ന ലക്ഷ്യം കൂടി ഈ ഡിജിറ്റൽ സോയിൽ ടെസ്റ്റിങ് സംവിധാനത്തിനുണ്ട്. സംസ്ഥാനത്തുണ്ടായ പ്രളയവും ഇടയ്ക്കിടെയുണ്ടാകുന്ന വരൾച്ചയും മൂലം കൃഷിഭൂമിയിൽ വലിയ തോതിലുള്ള ഫലഭൂയിഷ്ഠത നഷ്ടം സംഭവിക്കുന്നുണ്ട്. ഈ നഷ്ടം കൃത്യമായി കണക്കാക്കി മണ്ണ് വീണ്ടെടുക്കുന്നതിനായുള്ള ഗൗരവകരമായ ഒരു മെക്കാനിസം കൃഷിവകുപ്പ് നടപ്പിലാക്കും. ഇതിലൂടെ കർഷകർ ആഗ്രഹിക്കുന്ന രീതിയിലുള്ള വിളവ് ഉറപ്പാക്കാൻ സാധിക്കുമെന്നും മന്ത്രി സഭയിൽ വ്യക്തമാക്കി.
ഭക്ഷ്യസുരക്ഷയെയും ആരോഗ്യത്തെയും മുൻനിർത്തിയാണ് ഇത്തരം പരിഷ്കാരങ്ങൾ സർക്കാർ ആവിഷ്കരിക്കുന്നത്. സർക്കാർ ലാബുകളിൽ നടത്തിയ പരിശോധനകളിൽ പച്ചക്കറികളിൽ നിശ്ചിത അളവിലും കൂടുതൽ കീടനാശിനിയുടെ അംശം കണ്ടെത്തിയത് ഗൗരവതരമായ സാഹചര്യമാണ്. 1268 സാമ്പിളുകൾ പരിശോധിച്ചതിൽ 51 എണ്ണത്തിലും മാരകമായ അളവിൽ കീടനാശിനികൾ കണ്ടെത്തിയിട്ടുണ്ട്. ജീവിതശൈലീ രോഗങ്ങളെയും ആരോഗ്യപ്രശ്നങ്ങളെയും അതിജീവിക്കാൻ എല്ലാവരും കൃഷിയിലേക്ക് മടങ്ങിവരണമെന്നും അതിന് മണ്ണിന്റെ ആരോഗ്യം സംരക്ഷിക്കേണ്ടത് അനിവാര്യമാണെന്നും മന്ത്രി ഓർമ്മിപ്പിച്ചു.
കാർഷിക മേഖലയിൽ നിന്ന് അകന്നുപോയ യുവതലമുറയെ തിരികെ എത്തിക്കുന്നതിനായി 'കതിർ' എന്ന പേരിൽ ബൃഹത്തായ പദ്ധതിയും സർക്കാർ നടപ്പിലാക്കുന്നുണ്ട്. 'കേരള അഗ്രികൾച്ചർ ടെക്നോളജി ഹെറിറ്റേജ് ആൻഡ് ഇന്നോവേഷൻ ഫോർ റൂറൽ അണ്ടർസ്റ്റാൻഡിങ്' എന്നതിന്റെ ചുരുക്കപ്പേരാണ് കതിർ. വിദ്യാഭ്യാസ വകുപ്പുമായി ചേർന്നുകൊണ്ട് എല്ലാ സ്കൂളുകളിലും കതിർ ക്ലബ്ബുകൾ ആരംഭിക്കുകയും വിദ്യാർത്ഥികൾക്ക് വെയിറ്റേജ് മാർക്ക് ഉൾപ്പെടെ നൽകുകയും ചെയ്യും. ഇതിലൂടെ കുട്ടികളെ കൃഷിയുമായി വീണ്ടും ബന്ധിപ്പിക്കാനും ഭാവിയിൽ ഇതൊരു വരുമാന മാർഗ്ഗമായി മാറ്റാനും സാധിക്കുമെന്നും അദ്ദേഹം സഭയിൽ വ്യക്തമാക്കി.
Content Highlights: Kerala Agriculture Department introduces digital soil testing to boost crop yields and ensure soil health.