വിള ഇൻഷുറൻസ്; സംസ്ഥാനം മുൻകൂർ തുക അടച്ചാലേ രജിസ്ട്രേഷനുള്ളൂ

#സ്വാതി അരുൺ
പ്രതീകാത്മക ചിത്രം | Photo: Mathrubhumi
പ്രതീകാത്മക ചിത്രം | Photo: Mathrubhumi

കോട്ടയം : കാർഷികവിള ഇൻഷുറൻസ് നടപ്പാക്കാൻ സംസ്ഥാനങ്ങൾക്ക് കേന്ദ്രത്തിന്റെ പുതിയ നിർദേശങ്ങൾ. മുൻവർഷങ്ങളിലെ ക്ലെയിമുകൾ കുടിശ്ശിക ആകുന്ന സാഹചര്യത്തിൽ ഒരു നിശ്ചിതതുക സംസ്ഥാനസർക്കാർ മുൻകൂറായി ഡെപ്പോസിറ്റ് ചെയ്യണം. അതിനു ശേഷമേ ഇനി രജിസ്ട്രേഷൻ തുടങ്ങാനാകൂ.

കഴിഞ്ഞവർഷത്തെ ക്ലെയിമിന്റെ നാല്പത് ശതമാനം കണക്കാക്കി അതിന് ആനുപാതികമായുള്ള സംസ്ഥാനവിഹിതമാണ് കെട്ടിവെക്കേണ്ടത്. ഇതോടെ പത്തുവർഷമായി സംസ്ഥാന സർക്കാർ പങ്കാളിത്തത്തോടെ കേന്ദ്രസർക്കാർ നടപ്പാക്കിവരുന്ന കാലാവസ്ഥാധിഷ്‌ഠിത വിള ഇൻഷുറൻസ് പദ്ധതി ഈവർഷം അനിശ്ചിതത്വത്തിലായി.

2023 മുതലുള്ള ആറ് സീസണുകളിലെ ക്ലെയിമുകളും നിലവിൽ കുടിശ്ശികയാണ്. 1710 കോടിയോളമാണ് കർഷകർക്ക് കിട്ടാനുള്ളത്. രണ്ടുവർഷത്തെ സംസ്ഥാന സർക്കാരിന്റെ പ്രീമിയം വിഹിതം അടയ്ക്കാത്തതാണ്, കർഷകരുടെ ക്ലെയിം അംഗീകരിച്ച് അർഹമായ നഷ്ടപരിഹാരം നൽകാൻ കഴിയാത്തതിന് കാരണമെന്ന് പറയുന്നു. ആ സാഹചര്യത്തിൽ കേന്ദ്രത്തിന്റെ നിർദേശപ്രകാരം മുൻകൂർ തുക കെട്ടിവെച്ച് രജിസ്ട്രേഷൻ ആരംഭിക്കാൻ സംസ്ഥാന സർക്കാരിന് കഴിയുമോ എന്ന ആശങ്കയിലാണ് കേരളത്തിലെ ഒരുലക്ഷത്തോളം വരുന്ന കർഷകർ. വിള ഇൻഷുറൻസ് നടപ്പാക്കാനായില്ലെങ്കിൽ അവർ പ്രതിസന്ധിയിലാകും.

നെല്ലിന് വിരിപ്പ്, മുണ്ടകൻ, പുഞ്ച എന്നീ മൂന്നു സീസണുകളായാണ് കേരളത്തിൽ പദ്ധതി നടപ്പാക്കുന്നത്. വിരിപ്പ് ഇൻഷുർചെയ്യുന്നത് ജൂണിലും മുണ്ടകൻ സെപ്റ്റംബറിലും പുഞ്ച ഡിസംബറിലുമാണ്. പ്രീമിയത്തിന്റെ 15 ശതമാനം മാത്രം കർഷകർ നൽകണം. ബാക്കി 89 ശതമാനം കേന്ദ്ര-സംസ്ഥാന സർക്കാരുകൾ വഹിക്കും. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിലാണ് ആദ്യം രജിസട്രേഷൻ നടക്കുന്നത്. ജൂൺ ഒന്നുമുതൽ 30 വരെയാണ് കേരളത്തിൽ ഒന്നാംവിള രജിസ്ട്രേഷൻ. എന്നാൽ ഈവർഷം ജൂലായ് എത്തിയിട്ടും വിരിപ്പ് സീസണിലെ എൻറോൾമെന്റ് തുടങ്ങാനായിട്ടില്ല.

Content Highlights: Kerala farmers face crop insurance delays due to state government`s unpaid premiums.