വിള ഇൻഷുറൻസ് രജിസ്‌ട്രേഷൻ താളംതെറ്റി; സമയപരിധി നീട്ടണമെന്ന് കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾ

വടക്കഞ്ചേരി: കാലാവസ്ഥാധിഷ്ഠിത വിള ഇൻഷുറൻസിൽ രജിസ്റ്റർചെയ്യാൻ അഗ്രിസ്റ്റാക്ക് രജിസ്‌ട്രേഷൻ നിർബന്ധമാക്കിയത് കർഷകർക്ക് പ്രയാസം സൃഷ്ടിക്കുന്നു. ഓൺലൈനിലെ തടസ്സംമൂലം കാലാവസ്ഥാ വിള ഇൻഷുറൻസ് രജിസ്ട്രേഷൻ വൈകിത്തുടങ്ങിയതിന് പിന്നാലെയാണ് പുതിയ നിബന്ധന വന്നത്.
ഇതുവരെ സംസ്ഥാനത്ത് 5,000 കർഷകർ മാത്രമാണ് വിള ഇൻഷുറൻസിൽ രജിസ്റ്റർചെയ്തത്. കഴിഞ്ഞവർഷം ഇതേ സീസണിൽ 93,285 പേരാണ് രജിസ്റ്റർചെയ്തത്. ജൂൺ ഒന്നിനുതുടങ്ങി 30-ന് അവസാനിക്കേണ്ടതായിരുന്നു രജിസ്ട്രേഷൻ. എന്നാൽ, ഈ മാസം അഞ്ചിനാണ് തുടങ്ങിയത്. 15-ന് സമയം തീരുകയുംചെയ്യും.
അഞ്ചുദിവസംകൊണ്ട് അഗ്രിസ്റ്റാക്കിലും തുടർന്ന്, കാലാവസ്ഥാ വിള ഇൻഷുറൻസിലും രജിസ്റ്റർചെയ്യുന്നത് പ്രായോഗികമല്ലെന്നും ഇളവുവേണമെന്നും കേരളമുൾപ്പെടെ വിവിധ സംസ്ഥാനങ്ങൾ ആവശ്യപ്പെട്ടെങ്കിലും കേന്ദ്രം നിലപാട് ആവർത്തിക്കുകയായിരുന്നു.
അങ്ങനെയെങ്കിൽ കാലാവസ്ഥാ വിള ഇൻഷുറൻസിൽ രജിസ്റ്റർചെയ്യാനുള്ള സമയപരിധി നീട്ടണമെന്ന് സംസ്ഥാനങ്ങൾ കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടെങ്കിലും തീരുമാനമായിട്ടില്ല.
രാജ്യത്തെ കർഷകരുടെ രജിസ്ട്രി തയ്യാറാക്കി ഓരോ കർഷകർക്കും തിരിച്ചറിയൽ നമ്പർ നൽകുന്നതിനാണ് അഗ്രിസ്റ്റാക്ക് രജിസ്‌ട്രേഷൻ നടത്തുന്നത്. വായ്പയെടുത്ത കർഷകരെ ബാങ്കുകൾ പദ്ധതിയിൽ ചേർക്കുന്നുണ്ടെങ്കിലും സഹകരണ ബാങ്കുകളിൽ ഓൺലൈനിലെ പ്രശ്നങ്ങൾമൂലം തടസ്സപ്പെട്ടിരിക്കുകയാണ്. സഹകരണ ബാങ്ക് വഴിയാണ് കൂടുതൽ കർഷകർ രജിസ്റ്റർചെയ്യാറുള്ളത്.
Content Highlights: weather-based crop insurance delays