എൽ നിനോ പ്രതിഭാസം; പ്രത്യേക സാമ്പത്തിക സഹായം കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്- ടി. സിദ്ദിഖ്

തിരുവനന്തപുരം: എൽ-നിനോ, ഇന്ത്യൻ ഓഷ്യൻ ഡൈപോൾ, മാഡൻ-ജൂലിയൻ ഓസിലേഷൻ തുടങ്ങിയ കാലാവസ്ഥാ പ്രതിഭാസങ്ങൾ കേരളത്തിലെ കാർഷിക മേഖലയെ പ്രതികൂലമായി ബാധിക്കുന്ന സാഹചര്യത്തിൽ സംസ്ഥാനത്തിന് പ്രത്യേക സാമ്പത്തിക സഹായം അനുവദിക്കണമെന്ന് കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് കൃഷിവകുപ്പ് മന്ത്രി ടി. സിദ്ദിഖ് നിയമസഭയിൽ അറിയിച്ചു.
പസഫിക് സമുദ്രത്തിലെ ഉപരിതലം അസാധാരണമായി ചൂടുപിടിക്കുകയാണ്. അതിന്റെ ഭാഗമായിട്ടുള്ള പ്രതിഭാസം കാർഷിക മേഖലയെയും നമ്മുടെ കാലാവസ്ഥയെയും വളരെ പ്രതികൂലമായി ബാധിക്കുന്നു. തിരുവാതിര ഞാറ്റുവേല സമയത്ത് പോലും പകൽ നല്ല ചൂടോടു കൂടിയിട്ടുള്ള അന്തരീക്ഷമാണ്. രാത്രിയും സമാനമായ അന്തരീക്ഷാണ്. 20 ശതമാനം മുതൽ 42 ശതമാനം വരെ മഴലഭ്യത കുറഞ്ഞു. ഇത് കാർഷിക മേഖലയെയും വളരെ ഗൗരവതരമായി ബാധിക്കുന്ന സാഹചര്യമാണ്. കേന്ദ്ര ഗവൺമെന്റിനോട് പ്രത്യേക സാമ്പത്തിക സഹായം ലഭ്യമാക്കുന്നതിൽ മുഖ്യമന്ത്രി പ്രത്യേകമായിട്ടുള്ള താൽപര്യമെടുക്കാം എന്ന് അറിയിച്ചിട്ടുണ്ട്. കാർഷിക മേഖലയെയും കാർഷിക ഉത്പാദനത്തെയും എൽ നിനോ ഗുരുതരമായി ബാധിച്ചിട്ടുണ്ട്. എല്ലാ ജില്ലകളിലും എൽ നിനോ പ്രഭാവം ഉണ്ടായിട്ടുണ്ട്. അതിനെ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ജില്ലാതലത്തിൽ കൺട്രോൾ റൂം തുറന്നിട്ടുണ്ട്. ഇതിന് പരിഹാരം കാണാനുള്ള സമഗ്ര പദ്ധതി ആവിഷ്കരിക്കുമെന്നും കൃഷിമന്ത്രി വ്യക്തമാക്കി.
കേരളത്തിലെ കാർഷിക മേഖലയെ ശക്തിപ്പെടുത്തുന്നതിനും യുവജനങ്ങളെയും വനിതകളെയും കൃഷിയിലേക്ക് ആകർഷിക്കുന്നതിനുമായി നിരവധി സമഗ്ര പദ്ധതികൾ സർക്കാർ നടപ്പാക്കുകയാണെന്ന് കൃഷിവകുപ്പ് മന്ത്രി ടി. സിദ്ദിഖ് നിയമസഭയിൽ അറിയിച്ചു. കേരളത്തിൽ വിവിധ ലാബുകളിൽ പരിശോധിച്ച 1,268 പച്ചക്കറി സാമ്പിളുകളിൽ 51 എണ്ണത്തിൽ അനുവദനീയമായ അളവിനേക്കാൾ കൂടുതലായി കീടനാശിനിയുടെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ടെന്ന് മന്ത്രി വ്യക്തമാക്കി. ഇത് അതീവ ഗൗരവകരമായ സാഹചര്യമാണെന്നും വിഷരഹിത ഭക്ഷ്യോൽപ്പാദനവും ആരോഗ്യകരമായ കാർഷിക രീതികളും പ്രോത്സാഹിപ്പിക്കേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയാണെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്തെ മുഴുവൻ തരിശുനിലങ്ങളും മാപ്പ് ചെയ്ത് കൃഷിയോഗ്യമാക്കുന്നതിനുള്ള സമഗ്ര പദ്ധതിക്ക് കൃഷിവകുപ്പ് രൂപം നൽകുകയാണെന്നും വിവിധ വകുപ്പുകളുടെ സഹകരണം ഇതിനായി തേടിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. കാർഷിക മേഖലയിൽ നിന്ന് യുവത്വം അകന്നുപോയ സാഹചര്യത്തിൽ വിദ്യാർത്ഥികളെ കൃഷിയുമായി വീണ്ടും ബന്ധിപ്പിക്കുന്നതിനായി 'കതിർ' പദ്ധതി ആരംഭിക്കുകയാണ്. കേരള അഗ്രികൾച്ചർ ടെക്നോളജി ഹെറിറ്റേജ് ആൻഡ് ഇന്നവേഷൻ ഫോർ റൂറൽ അണ്ടർസ്റ്റാൻഡിങ് എന്ന പേരിലുള്ള ഈ പദ്ധതി സംസ്ഥാനത്തെ എല്ലാ സ്കൂളുകളിലും നടപ്പാക്കും. കതിർ ക്ലബ്ബുകൾ, നോഡൽ അധ്യാപകർ, പരിശീലന പരിപാടികൾ, വിത്ത്, വളം, വിദ്യാർത്ഥികൾക്കുള്ള പ്രോത്സാഹന പദ്ധതികൾ എന്നിവ ഉൾപ്പെടുന്ന ബൃഹത് പദ്ധതിയാണ് ഇത്. വിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നതെന്നും ഭാവിയിൽ കാർബൺ ക്രെഡിറ്റ്, പ്രത്യേക മാർക്കറ്റിങ് സംവിധാനങ്ങൾ എന്നിവയുമായി പദ്ധതിയെ ബന്ധിപ്പിക്കാനുള്ള സാധ്യതകളും സർക്കാർ പരിശോധിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
ഐക്യരാഷ്ട്ര സംഘടന 2026-നെ അന്താരാഷ്ട്ര വനിതാ കർഷക വർഷമായി പ്രഖ്യാപിച്ച സാഹചര്യത്തിൽ, കേരളത്തിൽ അഞ്ചുവർഷം നീണ്ടുനിൽക്കുന്ന വനിതാ ശാക്തീകരണ പദ്ധതിയായ 'കൃഷി സഖി' നടപ്പാക്കുമെന്ന് മന്ത്രി അറിയിച്ചു. വനിതാ കർഷകരെ ഉൽപ്പാദനം, സംസ്കരണം, മൂല്യവർധന, വിപണനം എന്നിവയുമായി ബന്ധിപ്പിക്കുന്നതിനുള്ള സമഗ്ര പദ്ധതിയാണ് കൃഷി സഖി. സംസ്ഥാനത്തെ എല്ലാ മണ്ണ് പരിശോധനാ ലാബുകളെയും ഡിജിറ്റലായി ബന്ധിപ്പിച്ച് സാർവത്രിക സോയിൽ ടെസ്റ്റിങ് സംവിധാനം നടപ്പാക്കുമെന്നും പ്രളയവും വരൾച്ചയും മൂലമുണ്ടാകുന്ന മണ്ണിന്റെ ഫെർട്ടിലിറ്റി നഷ്ടം പരിഹരിക്കുന്നതിന് പ്രത്യേക പദ്ധതികൾ നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.
ട്രോപ്പിക്കൽ മേഖലകളിൽ എക്സോട്ടിക് ഫലവിളകൾ, കയറ്റുമതി സാധ്യതകൾ, കോൾഡ് ചെയിൻ സംവിധാനങ്ങൾ, വെയർഹൗസിങ് സൗകര്യങ്ങൾ എന്നിവ വികസിപ്പിക്കുന്നതിനുള്ള ബൃഹത്തായ പദ്ധതികളുമായി സർക്കാർ മുന്നോട്ട് പോകുകയാണെന്നും അദ്ദേഹം പറഞ്ഞു. കർഷക കടാശ്വാസ കമ്മീഷൻ ഉൾപ്പെടെയുള്ള വിവിധ പദ്ധതികൾ പുനരുജ്ജീവിപ്പിക്കുമെന്നും കർഷകരെ മണ്ണിൽ ഉറച്ചുനിർത്തുകയും കാർഷിക മേഖലയെ കൂടുതൽ കാര്യക്ഷമമാക്കുകയും ചെയ്യുന്നതിനുള്ള എല്ലാ നടപടികളും സർക്കാർ സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി. മാതാപിതാക്കളെയും ഗുരുവിനെയും ദൈവത്തെയും പോലെ അന്നം തരുന്ന കർഷകനെയും ചേർത്തുനിർത്തേണ്ട സമയമാണിത്. മണ്ണിന്റെ മണവും വിയർപ്പിന്റെ ഗന്ധവുമുള്ള കർഷകനെ ചേർത്തുപിടിച്ചാണ് കേരള സർക്കാരും കൃഷിവകുപ്പും മുന്നോട്ട് പോകുന്നതെന്നും മന്ത്രി പറഞ്ഞു.
Content Highlights: Kerala seeks central aid to tackle the 2026 El Nino impact on agriculture. new schemes like 'Kathir' and 'Krishi Sakhi' for sustainable farming.