കണ്ണൂരിലെ കറുവത്തോട്ടത്തിൽ വിളപ്പെടുപ്പ് കാലം; തോട്ടത്തിലുള്ളത് 20,000-ലേറെ കറുവമരങ്ങൾ

കണിച്ചാർ(കണ്ണൂർ): ഏലപ്പീടിക കുന്നിലെ നിത്യഹരിത കറവുത്തോട്ടത്തിൽ ഇപ്പോൾ വിളവെടുപ്പ് കാലമാണ്. വിളവെടുപ്പ് ആരംഭിച്ചതോടെ സുഗന്ധദ്രവ്യങ്ങളിലെ പ്രധാനിയായ കറുവ, മലമുകളിൽ സുഗന്ധംപരത്തുകയാണ്. 20,000-ത്തിലേറെ കറുവമരങ്ങളാണ് വിളവെടുപ്പിന് പാകമായി നിൽക്കുന്നത്. കടുത്ത വേനലിലും പച്ചപുതച്ചുനിൽക്കുന്ന കറുവമരങ്ങൾ, കുളിർമയേകുന്ന കാഴ്ചയാണ്.
തളിരുകൾ മൂത്ത് പച്ചനിറമാകുന്ന സമയത്താണ് കറുവയുടെ വിളവെടുപ്പ്. കറുവമരങ്ങൾ ചുവടോടെ മുറിച്ചാണ് വിളവെടുക്കുന്നത്. മുറിച്ചെടുക്കുന്ന തടിയിൽനിന്ന് ചെറിയ ചില്ലകളും ഇലകളും നീക്കിയശേഷം ചെറിയ കഷണങ്ങളായി മുറിക്കും. തടിയുടെ പുറമേയുളള തവിട്ടുനിറമുളള തൊലി ചുരണ്ടിമാറ്റിയശേഷം കത്തി ഉപയോഗിച്ച് തൊലി ചെത്തിയെടുക്കും. ഇത്തരത്തിലെടുക്കുന്ന തൊലിക്ക് 'ഫസ്റ്റ് ക്വാളിറ്റി' വില ലഭിക്കും.
വണ്ണംകുറഞ്ഞ ചെറിയ കൊമ്പുകളിൽനിന്ന് തവിട്ടുനിറമുള്ള പുറംതൊലി ചെത്തിയെടുക്കും. ഇത് സെക്കൻഡ് ക്വാളിറ്റിയാണ്. ചെത്തിയെടുക്കുന്ന തൊലി ഉണക്കിയെടുക്കും. വണ്ണമുള്ള ഒരു മരത്തിൽനിന്ന് ശരാശരി ഒരോ കിലോ വീതം ഫസ്റ്റ്, സെക്കൻഡ് ക്വാളിറ്റി തൊലികൾ ലഭിക്കും. ഫസ്റ്റ് ക്വാളിറ്റി തൊലിക്ക് 500 രൂപയും സെക്കൻഡ് ക്വാളിറ്റി തൊലിക്ക് 300 രൂപയുമാണ് ലഭിക്കുന്നതെന്ന് തോട്ടം പാട്ടത്തിനെടുത്ത തളിയത്ത് ബാബു പറയുന്നു. ഗുണമേന്മയുള്ള കറുവപ്പട്ടയാണ് ഏലപ്പീടികയിലെ തോട്ടത്തിൽനിന്ന് ലഭിക്കുന്നത്. ചുവട് ഒന്നിന് 400 രൂപ നിരക്കിലാണ് ബാബു പാട്ടത്തിനെടുത്തത്.
ഓർഡർ ലഭിക്കുന്നതിനനുസരിച്ച മാത്രമാണ് വിളവെടുപ്പ് നടത്തുന്നതെന്ന് ബാബു പറഞ്ഞു. കറിമസാലകൾ ഉണ്ടാക്കാനാണ് കറുവയുടെ തൊലി പ്രധാനമായും ഉപയോഗിക്കുന്നത്.
കറുവയുടെ ഇലകളും തൊലിയും വാറ്റി തൈലം ഉണ്ടാക്കാം. തൈലം മരുന്നുകൾക്ക് ഉപയോഗിക്കുന്നുണ്ട്. വിത്ത് വഴിയും കമ്പ് മുറിച്ച് നട്ടും കറുവ കൃഷിചെയ്യാം. കൃത്യമായി പരിചരണം ലഭിച്ചാൽ തൈ നട്ട് മൂന്ന് വർഷം കഴിയുമ്പോൾമുതൽ വിളവെടുക്കാം. ജൈവാംശസമൃദ്ധമായ മണ്ണിൽ വളരുമ്പോഴാണ് കൂടുതൽ ഗുണമേന്മയുളള കറുവപ്പട്ട ലഭിക്കുന്നത്. ആർദ്രതയുള്ള കാലാവസ്ഥയോടാണ് പ്രിയം.
ശ്രീലങ്കയിലും ദക്ഷിണേന്ത്യയിലുമാണ് ഇവ കൂടുതലായി കൃഷിചെയ്യുന്നത്. എട്ട് മുതൽ 10 മീറ്റർവരെ ഉയരത്തിൽ കറുവമരങ്ങൾ വളരും. വിളവെടുപ്പിന് ശേഷം ചുവട് ഭാഗത്തുനിന്ന് വീണ്ടും തൈകൾ പൊട്ടിമുളക്കും.
പരിപാലനമുണ്ടെങ്കിൽ മൂന്നാം വർഷം തന്നെ വീണ്ടും വിളവെടുക്കാനാകും. 30-50 വർഷം മുൻപ് നട്ട തൈകളിൽനിന്നാണ് ഏലപ്പീടികയിൽ ഇപ്പോഴും വിളവെടുക്കുന്നത്.
Content Highlights: Explore the vibrant cinnamon harvest in Kanichar, Kannur. Discover how this evergreen spice thrives, its meticulous harvesting, and the profitable yields of premium cinnamon bark.