കർഷകരെ വലച്ച് നിലവാരം കുറഞ്ഞ വിത്തുകളും കീടനാശിനികളും; നിയമം കർശനമാക്കുമെന്ന് കേന്ദ്ര കൃഷിമന്ത്രി

ന്യൂഡൽഹി: വിത്ത്, കീടനാശിനി വിൽപ്പനയുമായി ബന്ധപ്പെട്ട നിയമങ്ങൾ കർശനമാക്കുമെന്നും നിലവിലുള്ള നിയമങ്ങളിൽ ഭേദഗതി വരുത്തുമെന്നും കേന്ദ്ര കൃഷി മന്ത്രി ശിവരാജ് സിങ് ചൗഹാൻ. കർഷകർക്ക് ഗുണമേന്മയുള്ള വിത്തുകളും കീടനാശിനികളും ലഭ്യമാക്കുക ലക്ഷ്യമിട്ടാണ് നീക്കമെന്നും അദ്ദേഹം വ്യക്തമാക്കി.
വികസിത് കൃഷി സങ്കല്പ് അഭിയാനിൽ പങ്കെടുത്ത പല കർഷകരും വിത്തുകളുടെയും കീടനാശിനികളുടെയും ഗുണനിലവാരത്തെക്കുറിച്ച് ആശങ്ക ഉന്നയിച്ചിട്ടുണ്ട്. കർഷകരിൽ നിന്നുള്ള പ്രതികരണങ്ങളെ അടിസ്ഥാനമാക്കി നിലവാരം കുറഞ്ഞ വിത്തുകളുടെയും കീടനാശിനികളുടെയും വിൽപ്പന തടയുന്നതിനായി വിത്ത്, കീടനാശിനി നിയമങ്ങൾ കർശനമാക്കാനും ഏകോപനത്തിനായി എല്ലാ ജില്ലകളിലും കൃഷി വിജ്ഞാന കേന്ദ്രങ്ങളെ (KVKs) നോഡൽ ഏജൻസിയാക്കാനും മന്ത്രാലയം തീരുമാനിച്ചതായും മന്ത്രിയെ ഉദ്ധരിച്ച് പിടിഐ റിപ്പോർട്ട് ചെയ്യുന്നു.
1966-ലെ വിത്ത് നിയമത്തിൽ ഒരു വർഷത്തിനുള്ളിൽ മാറ്റങ്ങൾ വരുത്താൻ ശ്രമങ്ങൾ നടക്കുന്നുണ്ട്. സർട്ടിഫൈ ചെയ്യാത്ത വിത്തുകൾ നിയന്ത്രിക്കുന്നതിനും കുറ്റങ്ങൾക്ക് പിഴ വർദ്ധിപ്പിക്കുന്നതിനും ആലോചിക്കുന്നുണ്ടെന്നും കൃഷി സെക്രട്ടറി ദേവേഷ് ചതുർവേദി പറഞ്ഞു. വ്യാജ കീടനാശിനികളുടെ വിൽപ്പന തടയുന്നതിനായി 1968-ലെ കീടനാശിനി നിയമത്തിൽ ഭേദഗതി വരുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
കർഷകരിലേക്ക് നേരിട്ടെത്തുക എന്ന ഉദ്ദേശ്യത്തോടെ നടപ്പിലാക്കിയ അഖിലേന്ത്യാ പ്രചാരണ പരിപാടിയായ വികസിത് കൃഷി സങ്കൽപ്പ് അഭിയാൻ വിജയകരമായിരുന്നുവെന്നും രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ 721 ജില്ലകളിലെ 1.43 ലക്ഷം ഗ്രാമങ്ങളിലായി 1.34 കോടി കർഷകരുമായി സംവദിച്ചുവെന്നും മന്ത്രി വ്യക്തമാക്കി.
പുതിയ ഗവേഷണങ്ങൾ, ഓരോ ജില്ലയിലെയും മണ്ണിൻ്റെ ആരോഗ്യം, കാലാവസ്ഥ എന്നിവ അടിസ്ഥാനമാക്കിയുള്ള വിള ഉപദേശങ്ങൾ, പ്രകൃതിദത്ത/ജൈവകൃഷിയുടെ ഗുണങ്ങൾ എന്നിവയെക്കുറിച്ച് ചർച്ചകൾ നടന്നു. കർഷകരിൽ നിന്ന് ഉപകാരപ്രദമായ നിരവധി നിർദ്ദേശങ്ങൾ ലഭിച്ചു. പദ്ധതികളും നയങ്ങളും രൂപീകരിക്കുമ്പോൾ ആ നിർദ്ദേശങ്ങളും പരിഗണിക്കുമെന്ന് ചൗഹാൻ പറഞ്ഞു. കർഷകരുടെ പ്രതികരണങ്ങളെ അടിസ്ഥാനമാക്കി ശാസ്ത്രജ്ഞർ ഗവേഷണം നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Content Highlights: India`s agriculture minister announces stricter laws to ensure quality seeds and pesticides for farm