കുറഞ്ഞസ്ഥലത്ത് കൂടുതൽ ഉത്പാദനം, രോഗവ്യാപന പ്രശ്നമില്ല; ഗ്രോബാഗ് ഇഞ്ചികൃഷിയിൽ വിജയം കൊയ്ത് യുവകർഷകൻ

പെരിക്കല്ലൂരിലെ തടത്തിൽ ബോബി സ്റ്റീഫന്റെ ഗ്രോബാഗിലെ ഇഞ്ചിക്കൃഷി
പെരിക്കല്ലൂരിലെ തടത്തിൽ ബോബി സ്റ്റീഫന്റെ ഗ്രോബാഗിലെ ഇഞ്ചിക്കൃഷി

പുല്പള്ളി(വയനാട്): വീട്ടാവശ്യങ്ങൾക്കായി അടുക്കളമുറ്റത്ത് ചട്ടിയിലോ ഗ്രോബാഗിലോ ഇഞ്ചിനടുന്നത് അത്ര പുതിയ കാര്യമല്ല, എന്നാൽ, വാണിജ്യാടിസ്ഥാനത്തിൽ ഗ്രോബാഗിൽ ഇഞ്ചി കൃഷിചെയ്യുന്നത് ഫലപ്രദമെന്ന് തെളിയിക്കുകയാണ് യുവകർഷകനായ തടത്തിൽ ബോബി സ്റ്റീഫൻ. പെരിക്കല്ലൂരിലെ ഒരേക്കർ സ്ഥലത്തായി 20,000 ഗ്രോബാഗിലാണ് ബോബിയുടെ ഇഞ്ചിക്കൃഷി. കുറഞ്ഞസ്ഥലത്ത് കൂടുതൽ ഉത്പാദനം ലക്ഷ്യമിട്ടാണ് പുതിയ പരീക്ഷണത്തിനിറങ്ങിയത്. വർഷങ്ങളായി കർണാടകയിൽ ഇഞ്ചിക്കൃഷി ചെയ്തുവരുന്നയാളാണ് ബോബി.

ഒട്ടേറെ പ്രതിസന്ധികളെ തരണംചെയ്താണ് മിക്കകർഷകരും മറുനാടുകളിൽ കൃഷിചെയ്യുന്നതെന്നും അതെല്ലാം ഒഴിവാക്കാനായാണ് സ്വന്തംനാട്ടിൽത്തന്നെ കൃഷിയുടെ പുതിയസാധ്യതകൾ ഉപയോഗപ്പെടുത്തി ഗ്രോബാഗ് കൃഷിയുമായിറങ്ങിയതെന്നും ബോബി പറഞ്ഞു.

ഉത്പാദനച്ചെലവ് കുറവ്

പരമ്പരാഗതരീതിയിലുള്ള ഇഞ്ചിക്കൃഷിയെക്കാൾ ഉത്പാദനച്ചെലവും ജോലിഭാരവും ഗ്രോബാഗിലെ കൃഷിക്ക് കുറവാണെന്നാണ് ബോബി പറയുന്നത്. മണ്ണിനൊപ്പം ജൈവവളവും ചേർത്ത് ഗ്രോബാഗിൽ നിറച്ചാണ് വിത്ത് പാകുന്നത്. തുള്ളിനന സംവിധാനമൊരുക്കിയാണ് വെള്ളവും വളവും നൽകുന്നത്. വളപ്രയോഗവും കുറച്ചുമതി. ഗ്രോബാഗിലായതിനാൽ വെള്ളവും വളവും പാഴായി പുറത്തുപോകില്ല. ഇതിനാൽ ചെടി കരുത്തോടെ വളരും. ഏപ്രിലിലാണ് റിഗോഡി ഇനത്തിലുള്ള ഇഞ്ചി നട്ടത്. രണ്ടുമാസം പിന്നിട്ടപ്പോൾ ഗ്രോബാഗിലെ ഇഞ്ചി മികച്ച വളർച്ചയിലെത്തി.

പരമ്പരാഗത കൃഷിയെ അപേക്ഷിച്ച് കൂലിച്ചെലവും സമയവും ലാഭിക്കാൻ കഴിയും. മണ്ണൊരുക്കൽ, കളപറിക്കൽ, മണ്ണുകൂട്ടൽ തുടങ്ങിയ പണികളൊന്നും ഗ്രോബാഗിലെ കൃഷിക്കാവശ്യമില്ല. നിലത്ത് കളകൾ വളരാതിരിക്കാനും കീടങ്ങളുടെ ആക്രമണം ചെറുക്കുന്നതിനുമായി വീറ്റ് മാറ്റ് വിരിച്ചശേഷമാണ് ഗ്രോബാഗുകൾ വെക്കുക. വിളയുടെ പരിപാലനവും എളുപ്പമാണ്. രോഗവ്യാപനപ്രശ്നവും ഗ്രോബാഗ് കൃഷിയിലില്ല. ഏതെങ്കിലും ഗ്രോബാഗിലെ ചെടിക്ക് രോഗംബാധിച്ചാൽ അത് പെട്ടന്നുതന്നെ എടുത്തുമാറ്റുന്നതോടെ മറ്റുചെടികളിലേക്ക് പടരുന്നത് തടയാൻകഴിയും. പരമ്പരാഗത കൃഷിയെക്കാൾ ഇരട്ടിവിളവ് ലഭിക്കുമെന്നും ഒരു ഗ്രോബാഗിൽനിന്ന്‌ മൂന്നുകിലോവരെ ഇഞ്ചി ലഭിക്കുമെന്നുമാണ് ബോബി പറയുന്നത്. പരീക്ഷണാടിസ്ഥാനത്തിൽ കഴിഞ്ഞവർഷം 50 ഗ്രോബാഗിൽ കൃഷിയിറക്കി വിജയിച്ചശേഷമാണ് ഇത്തവണ കൃഷി ഒരേക്കറിലേക്ക് വ്യാപിപ്പിച്ചത്.

Content Highlights: Young farmer achieves success with growbag ginger farming, doubling yields and reducing costs