രാസവളത്തിന്റെ വില വീണ്ടും മുന്നോട്ട്; വലഞ്ഞ് കർഷകർ

#ആദർശ് ആനന്ദ്
പ്രതീകാത്മക ചിത്രം | Photo: Mathrubhumi
പ്രതീകാത്മക ചിത്രം | Photo: Mathrubhumi

കറുകച്ചാൽ: രാസവളത്തിന്റെ വില വീണ്ടും മുന്നോട്ട്. പുതിയ സ്റ്റോക്കിന് ചാക്കൊന്നിന് 200 മുതൽ 300 രൂപയോളമാണ് കൂടിയത്. യൂറിയ ഒഴികെ സമ്മിശ്ര വളങ്ങൾക്കെല്ലാം വീണ്ടും വില കൂടി.

1760 രൂപയുണ്ടായിരുന്ന ഒരു ചാക്ക് ഫാക്ടംഫോസിന് 2100 ആയി. പൊട്ടാഷിന്റെ വില 1900-ൽനിന്നും 2100-ലെത്തി. 1200 രൂപയുടെ മഗ്നീഷ്യത്തിന് വില 1400 കടന്നു. യൂറിയ വില മാത്രമാണ് വലിയ വ്യത്യാസമില്ലാതെ 260-300 നിരക്കിൽ തുടരുന്നത്. എന്നാൽ ആവശ്യത്തിന് യൂറിയ കിട്ടാനുമില്ല. അന്താരാഷ്ട്രവിപണിയിലുണ്ടായ വിലക്കയറ്റവും യുദ്ധംമൂലം അസംസ്‌കൃത വസ്തുക്കളുടെ വില ഉയർന്നതുമാണ് വളത്തിന്റെ വില വർധിപ്പിക്കാൻ കാരണമെന്ന് ഉത്പാദകർ പറയുന്നു.

18:09:18 കൂട്ടുവളത്തിന് 1300-ൽനിന്നും 1405 രൂപയായി. 18:18:18-ന് 100 രൂപ കൂടി 1400-ലെത്തി. വില കൂടുന്നതിനാൽ വളം ഇടാൻ കർഷകരും മടിക്കുന്നു. കഴിഞ്ഞവർഷം ജൂലായിൽ ഫാക്ടംഫോസിന് 1425, പൊട്ടാഷിന് 1550 എന്നിങ്ങനെയായിരുന്നു വില. വളത്തിന് പുറമേ കീടനാശിനികൾക്കും വില വർധിച്ചിട്ടുണ്ട്. മുൻ വർഷത്തെ അപേക്ഷിച്ച് രണ്ടായിരം മുതൽ നാലായിരം രൂപയിലധികം വിവിധ കൃഷികൾക്ക് അധികച്ചെലവ് കണ്ടെത്തേണ്ടി വരുമെന്നാണ് കർഷകർ പറയുന്നത്.

Content Highlights: Fertilizer prices surge in 2026, with Factamfos and Potash costs rising significantly.