യൂറോപ്പിലേക്കുള്ള കാപ്പി കയറ്റുമതി കുതിക്കും, ഇയുഡിആറിൽ ഇന്ത്യ ‘ലോ റിസ്‌കി’ൽ

പ്രതീകാത്മക ചിത്രം | ഫോട്ടോ:ശ്രീജിത്ത്.പി.രാജ് \ മാതൃഭൂമി
പ്രതീകാത്മക ചിത്രം | ഫോട്ടോ:ശ്രീജിത്ത്.പി.രാജ് \ മാതൃഭൂമി

കൊച്ചി: യൂറോപ്യൻ യൂണിയന്റെ വനനശീകരണ നിയന്ത്രണ ചട്ടം (ഇയുഡിആർ) നടപ്പിലാകുമ്പോൾ ഇന്ത്യയിൽനിന്നുള്ള കാപ്പി കയറ്റുമതി കുതിക്കും. ചട്ടപ്രകാരം ഇന്ത്യയെ ‘ലോ റിസ്ക്’ കാറ്റഗറിയിൽ ഉൾപ്പെടുത്തിയതോടെയാണ് ഇത്.വനം നശിപ്പിച്ചുള്ള കൃഷിയിടങ്ങളിൽ വിളയിക്കുന്ന കാപ്പി, കൊക്കോ അടക്കമുള്ളവയുടെ ഇറക്കുമതി നിയന്ത്രിക്കുന്നതിനായാണ് യൂറോപ്യൻ യൂണിയൻ 2025 ഡിസംബർ 30-ഓടെ ഇയുഡിആർ നടപ്പിലാക്കുന്നത്. 

ചട്ടം നിലവിൽ വന്നാൽ ഇന്ത്യയിൽ നിന്ന് കയറ്റുമതി ചെയ്യുന്ന കാപ്പി 2020 ഡിസംബർ 30-നുശേഷം വനനശീകരണം നടന്ന കൃഷിയിടത്തിലല്ല വിളയിച്ചതെന്ന് കർഷകർ തെളിയിക്കണം. എന്നാൽ, വനം നശിപ്പിച്ചുള്ള കാപ്പി കൃഷി കുറവായതിനാലാണ് യൂറോപ്യൻ യൂണിയൻ ഇന്ത്യയെ ‘ലോ റിസ്ക്’ വിഭാഗത്തിൽ ഉൾപ്പെടുത്തിയത്. യൂറോപ്യൻ യൂണിയന്റെ വനനശീകരണ ചട്ടത്തിൽ പറയുന്ന സമയപരിധിക്കുശേഷം വനം നശിപ്പിച്ച് കാപ്പി കൃഷിചെയ്യുന്ന സ്ഥലങ്ങൾ കുറവായതിനാൽ രാജ്യത്തെ കർഷകർ ആശങ്കപ്പെടേണ്ടതില്ലെന്ന് 2025 മേയ് 25-ന് ‘മാതൃഭൂമി’ റിപ്പോർട്ട് ചെയ്തിരുന്നു.

ലോ റിസ്ക് കാറ്റഗറിയിൽ ഉൾപ്പെടുത്തിയതോടെ ഇയുഡിആർ അനുസരിച്ച് ഇന്ത്യയിൽനിന്ന് കാപ്പി കയറ്റുമതി ചെയ്യുന്നതിനുള്ള നടപടികൾ ലഘൂകരിക്കപ്പെടും. എന്നാൽ, ബ്രസീൽ, ഇൻഡൊനീഷ്യ, വിയറ്റ്നാം, ആഫ്രിക്ക എന്നിവ ‘സ്റ്റാൻഡേർഡ് റിസ്ക്’ വിഭാഗത്തിലാണ്. അവിടങ്ങളിൽ വനം നശിപ്പിച്ചുള്ള കൃഷി വ്യാപകമാണ്.
 

Content Highlights: Coffee exports Europe to surge India at low risk eudr