വന്യജീവി സംഘർഷ പ്രതിരോധത്തിന് അഗ്രി-സ്റ്റാർട്ടപ്പുകൾക്ക് 4 ലക്ഷം രൂപ സാമ്പത്തിക സഹായം

#ന്യൂസ് ഡെസ്ക്

തിരുവമ്പാടി: വന്യജീവി ആക്രമണത്തിൽ നിന്ന് മനുഷ്യജീവനും കൃഷിക്കും സംരക്ഷണം നൽകുന്നതിനുള്ള നൂതന പ്രതിരോധ മാർഗങ്ങൾ വികസിപ്പിക്കുന്ന അഗ്രി-സ്റ്റാർട്ടപ്പുകൾക്ക് സാമ്പത്തിക പിന്തുണ നൽകുന്ന പദ്ധതി പ്രഖ്യാപിച്ചു.

ലോകബാങ്ക് സഹായത്തോടെ കൃഷിവകുപ്പിന്റെ നേതൃത്വത്തിൽ നടപ്പാക്കുന്ന കേര (KERA) പദ്ധതിയുടെ ഭാഗമായി വന്യജീവി ആക്രമണ പ്രതിരോധത്തിനും വിള സംരക്ഷണത്തിനുമായി നൂതന ആശയങ്ങളുമായി മുന്നോട്ട് വരുന്ന അഗ്രി-സ്റ്റാർട്ടപ്പുകൾക്ക് നാല് ലക്ഷം രൂപ വീതം പ്രാരംഭ സാമ്പത്തിക സഹായം നൽകും. ആദ്യഘട്ടത്തിൽ പരിമിതമായ എണ്ണം സ്റ്റാർട്ടപ്പുകളെ ഉൾപ്പെടുത്തി പദ്ധതി നടപ്പാക്കും. തുടർന്ന് പദ്ധതി വിപുലപ്പെടുത്തുന്നതിനുള്ള നടപടികളും സ്വീകരിക്കും.

വന്യജീവി സംഘർഷം ലഘൂകരിക്കുന്നതിനുള്ള പ്രതിരോധ സംവിധാനങ്ങൾ, മനുഷ്യജീവനും സ്വത്തിനും സംരക്ഷണം നൽകുന്ന സാങ്കേതികവിദ്യകൾ, കാർഷിക മേഖലയുടെ സുരക്ഷ വർധിപ്പിക്കുന്ന നൂതന ആശയങ്ങൾ എന്നിവയ്ക്ക് സ്റ്റാർട്ടപ്പുകളുടെ പങ്കാളിത്തം പ്രയോജനപ്പെടുത്തുമെന്നും കൃഷിവകുപ്പ് മന്ത്രി ടി സിദ്ധിഖ് പറഞ്ഞു.