പ്രായം തോൽക്കും ഈ ഇച്ഛാശക്തിക്ക് മുന്നിൽ! 102-ാം വയസ്സിലും ഞാറുനട്ട്, വിളവെടുത്ത് ചിരുതമുത്തശ്ശി

#സ്വന്തം ലേഖകൻ
ചിരുതമുത്തശ്ശി മക്കളോടും കൊച്ചുമക്കളോടും നാട്ടുകാരോടുമൊപ്പം നെല്ലുകൊയ്യുന്നു
ചിരുതമുത്തശ്ശി മക്കളോടും കൊച്ചുമക്കളോടും നാട്ടുകാരോടുമൊപ്പം നെല്ലുകൊയ്യുന്നു

കുറ്റ്യാടി: കൃഷിചെയ്യാൻ പ്രായമൊക്കെയുണ്ടോ എന്നാണ് ചിരുതമുത്തശ്ശി ചോദിക്കുന്നത്. തന്റെ നൂറ്റിരണ്ടാമത്തെ വയസ്സിൽ വീട്ടുമുറ്റത്ത് ഞാറുനട്ട് വിളവെടുത്തിരിക്കുകയാണ് മരുതോങ്കര പഞ്ചായത്തിലെ കള്ളാട് സ്വദേശിനിയായ തേങ്ങാകല്ലുമ്മൽ ചിരുതമുത്തശ്ശി.

ആരെയും അദ്‌ഭുതപ്പെടുത്തുന്ന രീതിയിലാണ് ഈ പ്രായത്തിലും മുത്തശ്ശി സ്വന്തംവീട്ടുമുറ്റത്ത് കൃഷിചെയ്ത നെല്ലിനെ പരിപാലിച്ചതും അതിന്റെ വിളവെടുപ്പ് നടത്തിയതും. ചിരുതമുത്തശ്ശിയുടെ നെൽക്കൃഷി വിളവെടുപ്പ് കള്ളാട്ടുകാർ നാടൻപാട്ട് പാടിയും സന്തോഷം പങ്കുവെച്ചും ആഘോഷമാക്കിമാറ്റുകയും ചെയ്തു.

വീട്ടിൽ മക്കളോടും കൊച്ചുമക്കളോടും, ബാല്യകാലസ്മരണകൾ പങ്കുവെക്കുന്നതിനിടെയാണ് നെൽക്കൃഷിചെയ്യണമെന്ന തന്റെ മോഹം ചിരുതമുത്തശ്ശി പ്രകടിപ്പിച്ചത്. ഇതുകേട്ട മകൻ സുഗുണൻ അമ്മയുടെ ആഗ്രഹം സാധിച്ചുകൊടുക്കാനായി തേങ്ങാകല്ലുമ്മൽ വീട്ടുമുറ്റത്ത് കൃഷിനിലമൊരുക്കുകയായിരുന്നു.

ചെറുപ്പകാലത്ത് അരൂർ പെരുമുണ്ടശ്ശേരിയിലുള്ള പുളിയങ്കോട്ട് തറവാട്ടിലെ വയലിൽ ഞാറുനട്ട് കൃഷിചെയ്ത് നെല്ല് കൊയ്തെടുത്തതിന്റെയും പിന്നീട് പശുക്കടവ് മലയിൽ കരനെൽക്കൃഷി നടത്തിയതിന്റെയും അനുഭവസമ്പത്തുള്ള ചിരുതമുത്തശ്ശി മക്കളുടെയും മരുമക്കളുടെയും പേരക്കുട്ടികളുടെയും സഹായത്തോടെ നടത്തിയ നെൽക്കൃഷി വിജയം കാണുകയായിരുന്നു.

നാലുതലമുറകളിലെ വ്യത്യസ്തമാർന്ന ജീവിതശൈലികൾ തന്റെ കൺമുമ്പിൽ നേരിട്ടനുഭവിക്കാനുള്ള ഭാഗ്യം ലഭിച്ച ചിരുത മുത്തശ്ശിയിൽ പഴയ ഓർമ്മകളൊന്നും മാഞ്ഞിട്ടില്ല. പണ്ട്‌ എല്ലാം വീട്ടിൽത്തന്നെ കൃഷിചെയ്താണ് കഴിച്ചിരുന്നത്. അതുകൊണ്ട് പണ്ടുമുതലെ കൃഷിയോട് അതിയായ താത്‌പര്യമാണ്. മുൻപ്‌ കൃഷിചെയ്യാൻ വീട്ടിൽ ജോലിക്കാരുണ്ടായിരുന്നെങ്കിലും അച്ഛന്റെയും അമ്മയുടെയും കണ്ണുവെട്ടിച്ച് ജോലിക്കാരോടൊപ്പം വയലിൽ പണിയെടുത്തതൊന്നും ചിരുതമുത്തശ്ശി മറന്നിട്ടില്ല.

പണ്ടത്തെ ഓർമ്മകൾ ഇപ്പോഴും മനസ്സിൽ നിൽക്കുന്നതുകൊണ്ടാണ് മക്കളോട് കൃഷി ചെയ്യണമെന്ന ആഗ്രഹം പ്രകടിപ്പിച്ചതെന്ന് ചിരുതമുത്തശ്ശി പറഞ്ഞു. കൃഷി മാത്രമല്ല തനിക്ക് ഈ പ്രായത്തിൽ അഭിനയിക്കാനും പറ്റും എന്നുകൂടി തെളിയിച്ചിരിക്കുകയാണ് ചിരുതമുത്തശ്ശി. വയോജനങ്ങളുടെ പ്രശ്നങ്ങൾ ആസ്പദമാക്കി ഇറങ്ങുന്ന ‘കരുണം’ എന്ന ഷോട്ട് ഫിലിമിൽ മുത്തശ്ശി അഭിനയിക്കുന്നുണ്ട്.

Content Highlights: Witness the inspiring story of Chirutha Muthassi, a 102-year-old woman who planted and harvested paddy, defying age. A true testament to passion and life!