എം.എസ്. സ്വാമിനാഥൻ: ഇന്ത്യൻ കൃഷിയെ മാറ്റിമറിച്ച ദീർഘദർശി | ജന്മശതാബ്ദി

ഇന്ത്യയെ ലോകത്തിലെ മുൻനിര കാർഷിക രാജ്യങ്ങളിലൊന്നാക്കി മാറ്റുന്നതിൽ നിർണായക പങ്കുവഹിച്ച വ്യക്തിയാണ് ഡോ. മാങ്കൊമ്പ് സാംബശിവൻ സ്വാമിനാഥൻ എന്ന ഡോ. എം.എസ്. സ്വാമിനാഥൻ. "ഇന്ത്യൻ ഹരിത വിപ്ലവത്തിന്റെ പിതാവ്" എന്ന് വിശേഷിപ്പിക്കപ്പെടുന്ന അദ്ദേഹത്തിന്റെ ശാസ്ത്രീയ വൈഭവം, നയപരമായ ഉൾക്കാഴ്ചകൾ, കർഷകരുടെ ക്ഷേമത്തോടുള്ള പ്രതിബദ്ധത എന്നിവ ഇന്ത്യയുടെ സുസ്ഥിരമായ കാർഷിക വികസനത്തിന് അടിത്തറ പാകി. അദ്ദേഹത്തിന്റെ ജന്മശതാബ്ദിയാണിന്ന്. കാലാവസ്ഥാ വ്യതിയാനം, മണ്ണിന്റെ ശോഷണം തുടങ്ങി കാർഷികമേഖല വലിയ പ്രതിസന്ധികളിലൂടെ കടന്നുപോകുന്ന സാഹചര്യത്തിൽ ഡോ. സ്വാമിനാഥന്റെ കാർഷിക ദർശനത്തിന് വലിയ പ്രാധാന്യമുണ്ട്.
1925 ഓഗസ്റ്റ് 7-ന് തമിഴ്‌നാട്ടിലെ കുംഭകോണത്താണ് എം.എസ്. സ്വാമിനാഥൻ ജനിച്ചത്. ആലപ്പുഴ ജില്ലയിലെ കുട്ടനാട് താലൂക്കിൽ പുളിങ്കുന്നാണ് തറവാട്. 1943-ലെ ബംഗാൾ ക്ഷാമം അദ്ദേഹത്തെ ആഴത്തിൽ സ്വാധീനിച്ചു. കൂട്ടമരണവും ദുരിതവും കണ്ടപ്പോൾ അദ്ദേഹം തന്റെ ജീവിതം കാർഷിക ശാസ്ത്രത്തിനായി സമർപ്പിക്കാൻ തീരുമാനിച്ചു. ജന്തുശാസ്ത്രത്തിലും കാർഷിക ശാസ്ത്രത്തിലും അദ്ദേഹം ബിരുദപഠനം പൂർത്തിയാക്കി. സൈറ്റോ ജെനെറ്റിക്സിൽ ബിരുദാനന്തര ബിരുദം നേടി. പിന്നീട്, കേംബ്രിഡ്ജ് സർവകലാശാലയിൽ ഡോക്ടറൽ ഗവേഷണം നടത്തി.
ഇന്ത്യയിലെ ഹരിതവിപ്ലവം
1960-കളിൽ, തുടർച്ചയായ വരൾച്ചയും വർധിച്ചുവരുന്ന ജനസംഖ്യയും കാരണം ഇന്ത്യ ഗുരുതരമായ ഭക്ഷ്യപ്രതിസന്ധി നേരിട്ടു. ഭക്ഷ്യധാന്യ ഉത്പാദനം അപര്യാപ്തമായി. രാജ്യം അമേരിക്കയിൽനിന്നുള്ള ഭക്ഷ്യസഹായത്തെ വളരെയധികം ആശ്രയിച്ചുതുടങ്ങി. ദേശീയ ഭക്ഷ്യസുരക്ഷ അപകടത്തിലേക്ക് നീങ്ങി. കടുത്ത ക്ഷാമത്തിന്റെ സാഹചര്യങ്ങൾ ഭയാനകമായ സ്ഥിതിയിലേക്ക് രാജ്യത്തെ നയിച്ച സാഹചര്യത്തിൽ ഡോ. എം.എസ്. സ്വാമിനാഥൻ നൽകിയ സംഭവനകൾ ശ്രദ്ധേയമാണ്.
ഉയർന്ന വിളവ് നൽകുന്ന ഗോതമ്പിന്റെ ഇനങ്ങൾ (HYVs) വികസിപ്പിച്ചെടുത്ത അമേരിക്കൻ കാർഷിക ശാസ്ത്രജ്ഞനായ ഡോ. നോർമൻ ബോർലോഗുമായി സഹകരിച്ചു പ്രവർത്തിച്ച ഡോ. സ്വാമിനാഥൻ ഈ ഇനങ്ങൾ ഇന്ത്യൻ സാഹചര്യങ്ങൾക്കനുസരിച്ച് ക്രമീകരിക്കുകയും ഉചിതമായ കൃഷിരീതികളോടൊപ്പം അവതരിപ്പിക്കുകയും ചെയ്തു
രാസവളങ്ങളുടെയും കീടനാശിനികളുടെയും ഉപയോഗം, ജലസേചന പിന്തുണ, കർഷകർക്ക് വായ്പാ സൗകര്യങ്ങൾ, പരിശീലനങ്ങൾ തുടങ്ങി, കൃത്യമായ പ്രവർത്തനം. ഫലം അത്ഭുതകരമായിരുന്നു. 1960-കളുടെ മധ്യത്തിൽ 12 ദശലക്ഷം ടൺ ആയിരുന്ന ഇന്ത്യയിലെ ഗോതമ്പ് ഉത്പാദനം ഏതാനും വർഷങ്ങൾക്കുള്ളിൽ 20 ദശലക്ഷം ടണ്ണിലധികമായി ഉയർന്നു. പഞ്ചാബ്, ഹരിയാന, പശ്ചിമ ഉത്തർപ്രദേശ് എന്നിവ കാർഷിക മികവിന്റെ കേന്ദ്രങ്ങളായി മാറി. ഹരിതവിപ്ലവം എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഭക്ഷ്യധാന്യ ഉത്പാദനത്തിലെ ഈ ദ്രുതഗതിയിലുള്ള വർദ്ധന ഇന്ത്യയെ ഭക്ഷ്യ സ്വയംപര്യാപ്തത കൈവരിക്കാൻ സഹായിച്ചു.
ഉത്പാദനത്തിനപ്പുറം സ്വാമിനാഥന്റെ സമഗ്രമായ ദർശനം
ഹരിതവിപ്ലവം ഭക്ഷ്യക്ഷാമം പരിഹരിച്ചെങ്കിലും, അതിന്റെ അപ്രതീക്ഷിത പ്രത്യാഘാതങ്ങളെക്കുറിച്ച് ഡോ. സ്വാമിനാഥൻ വ്യക്തമായി ബോധവാനായിരുന്നു. രാസവസ്തുക്കളുടെ അമിത ഉപയോഗം മൂലമുള്ള പരിസ്ഥിതി നാശം, ചെറുകിട നാമമാത്ര കർഷകർ നേരിടാൻ സാധ്യതയുള്ള പ്രതിസന്ധികൾ, മണ്ണും ജലസ്രോതസ്സുകളും ശോഷിക്കുന്നത് മുതലായ പ്രത്യാഘതങ്ങളെ നേരിടാൻ അദ്ദേഹം എക്കാലത്തെയും ഹരിതവിപ്ലവം എന്ന ആശയത്തിനായി വാദിച്ചു. പരിസ്ഥിതിക്ക് ദോഷം വരുത്താതെ ഉത്പാദനക്ഷമത വർദ്ധിപ്പിക്കുന്ന സുസ്ഥിരമായ കാർഷിക സമീപനമായിരുന്നു അദ്ദേഹത്തിന്റേത്. ഭൂമിയെ പരിപോഷിപ്പിക്കുകയും ഉത്പാദനം ഉറപ്പാക്കുകയും ചെയ്യുകയായിരുന്നു അദ്ദേഹത്തിന്റെ ദർശനം.
ഇന്ത്യൻ കൗൺസിൽ ഓഫ് അഗ്രികൾച്ചറൽ റിസർച്ച് (ICAR) ഡയറക്ടർ ജനറൽ, കൃഷി മന്ത്രാലയത്തിലെ പ്രിൻസിപ്പൽ സെക്രട്ടറി, ദേശീയ കർഷക കമ്മീഷൻ ചെയർമാൻ എന്നീ നിലകളിൽ പ്രവർത്തിച്ച അദ്ദേഹം എം.എസ്. സ്വാമിനാഥൻ റിസർച്ച് ഫൗണ്ടേഷൻ (MSSRF) സ്ഥാപിക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ നിർദ്ദേശങ്ങൾ പ്രധാന കാർഷികനയങ്ങൾക്ക് രൂപം നൽകി. സുസ്ഥിര ഉപജീവനമാർഗ്ഗങ്ങൾ, ജൈവവൈവിധ്യ സംരക്ഷണം, ഗ്രാമീണ സമൂഹങ്ങളുടെ വിവര ശാക്തീകരണം എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഫൗണ്ടേഷനിലൂടെ പ്രകൃതിക്ക് അനുകൂലമായ സാങ്കേതിക മുന്നേറ്റങ്ങളെ പ്രോത്സാഹിപ്പിച്ചു. ഇന്ത്യയുടെ ദേശീയ കർഷക നയം (2007) രൂപീകരിക്കുന്നതിൽ അദ്ദേഹം നിർണായക പങ്ക് വഹിച്ചു. ഉത്പാദനച്ചെലവും 50% ലാഭവും ഉൾക്കൊള്ളുന്ന താങ്ങുവിലയ്ക്ക് വേണ്ടി അദ്ദേഹം വാദിച്ചു.
ശാസ്ത്രീയ സംഭാവനകൾ
ഡോ. സ്വാമിനാഥന്റെ അക്കാദമിക് സംഭാവനകൾ വളരെ വലുതാണ്. ജനിതകശാസ്ത്രം, ബയോ ടെക്നോളജി, ഭക്ഷ്യസുരക്ഷ, സുസ്ഥിര കൃഷി എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ച് ഒട്ടേറെ പ്രബന്ധങ്ങളും റിപ്പോർട്ടുകളും പുസ്തകങ്ങളും അദ്ദേഹം രചിച്ചു.
ഇന്ത്യ ഭക്ഷ്യസുരക്ഷ കൈവരിച്ച ശേഷവും, കാർഷിക മേഖല നിരവധി വെല്ലുവിളികൾ നേരിട്ടു. ഇപ്പോഴും നേരിടുന്നുണ്ട്. ക്രമരഹിതമായ മഴ, വർദ്ധിച്ചുവരുന്ന താപനില, പതിവായ വെള്ളപ്പൊക്കവും വരൾച്ചയും, അമിതമായ രാസവളപ്രയോഗം, ഏകവിള കൃഷി എന്നിവ മൂലമുള്ള ശോഷണം, ജലസേചനത്തിനായി ഭൂഗർഭജലത്തിന്റെ സുസ്ഥിരമല്ലാത്ത ഉപയോഗം, ഭൂമി കൈവശമുള്ളതിന്റെ അളവ് കുറയുന്നത്, നഗരങ്ങളിലേക്കുള്ള യുവാക്കളുടെ പലായനം, കർഷക ആത്മഹത്യകളും കടങ്ങളും മുതലായ പ്രശ്നങ്ങളിൽ പലതും ഡോ. സ്വാമിനാഥൻ മുൻകൂട്ടി കണ്ടിരുന്നു.
പരമ്പരാഗത അറിവും ആധുനിക ശാസ്ത്രവും സംയോജിപ്പിച്ചുക്കൊണ്ടുള്ള കാർഷിക-പരിസ്ഥിതി സമീപനത്തെ അദ്ദേഹം പ്രോത്സാഹിപ്പിച്ചു. ഉപ്പുവെള്ളത്തെയും വരൾച്ചയെയും, വെള്ളപ്പൊക്കത്തെയും അതിജീവിക്കുന്ന വിളകൾ വികസിപ്പിക്കുക, ഗ്രാമീണ മേഖലകളിൽ വിവര വിനിമയ സാങ്കേതികവിദ്യ (ICT) ഉപയോഗിച്ചുള്ള ഡിജിറ്റൽ കൃഷി പ്രോത്സാഹിപ്പിക്കുക, പോഷകാഹാരക്കുറവ് പരിഹരിക്കാൻ തിന, പയറുവർഗ്ഗങ്ങൾ, പച്ചക്കറികൾ എന്നിവ കൃഷി ചെയ്യാൻ പ്രോത്സാഹിപ്പിക്കുക തുടങ്ങി മികച്ച കാർഷികഭാവിക്കുള്ള രൂപരേഖ നൽകുന്നതായിരുന്നു അദ്ദേഹത്തിന്റെ "എക്കാലത്തെയും ഹരിതവിപ്ലവം".
ആഗോള അംഗീകാരവും ബഹുമതികളും
ഡോ. സ്വാമിനാഥന് 70-ൽ അധികം ഓണററി ഡോക്ടറേറ്റുകളും ഒട്ടേറെ ദേശീയ- അന്തർദ്ദേശീയ പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്. 1967-ൽ പത്മശ്രീ 1972-ൽ പത്മഭൂഷൺ, 1989-ൽ പത്മവിഭൂഷൺ, 1987-ൽ വേൾഡ് ഫുഡ് പ്രൈസ്, 1971-ൽ റമോൺ മാഗ്സേസേ അവാർഡ് തുടങ്ങി നിരവധി അംഗീകരങ്ങളിലൂടെ രാജ്യവും ലോകവും അദ്ദേഹത്തെ ആദരിച്ചു. 2023 സെപ്റ്റംബറിൽ 98-ാം വയസ്സിലാണ് അദ്ദേഹം അന്തരിച്ചത്.
പ്രകൃതിയെ ബഹുമാനിക്കുന്ന, കർഷകർക്ക് പ്രാധാന്യം നൽകുന്ന, സമൂഹത്തെ പരിപോഷിപ്പിക്കുന്ന കാർഷിക വികസനത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ സമഗ്രമായ കാഴ്ചപ്പാട് എക്കാലവും പ്രാധാന്യമുള്ളതാണ്. വരുംദശകങ്ങളിൽ ജനസംഖ്യ വർദ്ധനവിനനുസൃതമായി ഭക്ഷ്യോത്പാദനം വർധിപ്പിക്കുകയും പരിസ്ഥിതിയെ സംരക്ഷിക്കുകയും ചെയ്യുക എന്ന ഇരട്ട വെല്ലുവിളി ലോകം നേരിടുമ്പോൾ സുസ്ഥിര കൃഷിയെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ മാതൃക ഒരു മുതൽക്കൂട്ടാണ്.
Content Highlights: M.S. Swaminathan`s contributions to Indian agriculture, the Green Revolution